ADVERTISEMENT

വെല്ലിങ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോടുള്ള ആരാധന തുറന്നുപറഞ്ഞ് ടീമിന്റെ മുഖ്യപരിശീലകൻ കൂടിയായ രവി ശാസ്ത്രി രംഗത്ത്. രാജ്യാന്തര ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വെസ്റ്റ് ഇൻഡീസ് താരം സർ വിവിയൻ റിച്ചാർഡ്സ്, മുൻ പാക്കിസ്ഥാൻ ക്യാപ്റ്റനും നിലവിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ എന്നിവരുമായി അദ്ദേഹം കോഹ്‍ലിയെ താരതമ്യപ്പെടുത്തുകയും ചെയ്തു. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായാണ് ശാസ്ത്രിയുടെ പ്രസ്താവന. വിശ്രമം അനുവദിച്ചതിനാൽ കോഹ്‍ലി പരമ്പരയിൽ കളിക്കുന്നില്ല.

‘മഹാൻ എന്ന വിശേഷണത്തോട് ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളവരിൽ ഏറ്റവും ചേർന്നുനിൽക്കുന്ന വ്യക്തിയാണ് കോഹ്‍ലി. എല്ലായിടത്തും അടക്കിഭരിക്കാനാണ് അദ്ദേഹത്തിനു താൽപര്യം. ജോലിയുടെ കാര്യത്തിൽ മറ്റാരേക്കാളും ആത്മാർഥതയും കോഹ്‍ലിക്കുണ്ട്. അച്ചടക്കം, പരിശീലനം, ആത്മസമർപ്പണം... എല്ലാറ്റിലും കോഹ്‍ലിയുടെ മികവ് അവിശ്വസനീയമാണ്’ –  ശാസ്ത്രി പറഞ്ഞു.

‘ഇതുപോലൊരു ക്യാപ്റ്റനെ കിട്ടിയ ടീം ഇന്ത്യ ഭാഗ്യവാൻമാരാണ്. പലകാര്യങ്ങളിലും കോഹ‍്‌ലി ഇമ്രാൻ ഖാനെ ഓർമിപ്പിക്കുന്നുണ്ട്. ടീമംഗങ്ങൾക്ക് മാതൃക നൽകുന്ന കാര്യത്തിലും ഓരോ മൽസരത്തിലും ഓരോ സ്റ്റാൻഡേർഡ് സ്ഥാപിക്കുന്ന കാര്യത്തിലും ഇമ്രാന്റെ തനിപ്പകർപ്പാണ് കോഹ്‍ലി. എല്ലാം തന്റേതായ രീതിയിൽ കാണുന്ന കാര്യത്തിലും മുന്നിൽ നിന്നു നയിക്കുന്നതിലും ഇമ്രാന്റെ അതേ ശൈലിയാണ് കോഹ‍്‌ലിക്കും’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ മികവിലേക്ക് ഉയരാൻ കോഹ്‍ലിക്ക് സാധിക്കുമെന്നും ശാസ്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ വളരാനുള്ള സാധ്യതകളും സാഹചര്യങ്ങളും കോഹ്‍ലിക്കുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഓരോ കളിയും പരമ്പരയും കഴിയുന്തോറും കൂടുതൽ മെച്ചപ്പെടാൻ കോഹ്‍ലിക്കു സാധിക്കുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയിൽ അവരെ അതിശയിക്കുന്ന പ്രകടനം പുറത്തെടുക്കാനും കോഹ്‍ലിക്കു സാധിച്ചിരുന്നു’ – ശാസ്ത്രി പറഞ്ഞു.

വിശദമായ സംഭാഷണത്തിൽ കുൽദീപ് യാദവ്, ചേതേശ്വർ പൂജാര എന്നിവരെക്കുറിച്ചും ശാസ്ത്രി മനസു തുറന്നു. ശാസ്ത്രി നടത്തിയ നിരീക്ഷണങ്ങൾ:

∙ കുൽദീപ് യാദവ്

ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നർ കുൽദീപ് യാദവാണ്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. വിദേശത്തു പോലും ഒരു ഇന്നിങ്സിൽ അഞ്ചു വിക്കറ്റെടുക്കാൻ സാധിക്കുന്നത് നിസാര കാര്യമാണോ? വിദേശത്തും നമ്മുടെ ഒന്നാം നമ്പർ സ്പിന്നർ കുൽദീപാണ്. ഒരേയൊരു സ്പിന്നറുമായി കളിക്കാൻ തീരുമാനിച്ചാൽ തീർച്ചയായും അത് കുൽദീപ് യാദവാകും. അശ്വിനെ പരുക്കുകൾ വലച്ച വർഷമാണ് 2018. എല്ലാവർക്കും ഓരോ സമയമുണ്ട്. ഇപ്പോൾ കുൽദീപിന്റെ സമയമാണ്.

ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ നടന്ന ടെസ്റ്റിൽ കുൽദീപ് ബോൾ ചെയ്ത രീതി നമ്മൾ കണ്ടതാണ്. ടെസ്റ്റിൽപ്പോലും ഇനിയങ്ങോട്ട് കൈക്കുഴ സ്പിന്നർമാരുടെ കാലമാണ്. പ്രത്യേകിച്ചും വിദേശ പരമ്പരകളിൽ. സിഡ്നിയിൽ അദ്ദേഹം ബോൾ ചെയ്ത രീതി മാത്രം നോക്കിയാൽ മതി, എന്തുകൊണ്ട് കുൽദീപ് നമ്മുടെ ഒന്നാം നമ്പർ ബോളറാകുന്നു എന്നു മനസ്സിലാക്കാൻ.

∙ ചേതേശ്വർ പൂജാര

ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു ടെസ്റ്റിൽനിന്ന് നമ്മൾ പുറത്തിരുത്തിയ താരമാണ് പൂജാര. അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ ചെറിയൊരു പിഴവാണ് എല്ലാ പ്രശ്നവുമുണ്ടാക്കിയത്. അതു പൂർണമായും സാങ്കേതികമായിരുന്നില്ല. ക്രീസിൽ അദ്ദേഹം നിൽക്കുന്ന രീതിയിൽ ചെറിയൊരു പ്രശ്നമുണ്ടായിരുന്നു. സ്ഥിരമായി കളിക്കുമ്പോൾ ഇത്തരമൊരു പ്രശ്നം സ്വാഭാവികമാണ്.

ഒരു ടെസ്റ്റിൽ പൂജാരയെ കളിപ്പിക്കണോ അതോ അടുത്ത എട്ടോ പത്തോ ടെസ്റ്റിലേക്ക് അദ്ദേഹത്തെ സജ്ജനാക്കണോ എന്നതായിരുന്നു മുന്നിലുള്ള ചോദ്യം. എന്തായാലും ആ പ്രശ്നം വേഗം പരിഹരിക്കാൻ പറ്റി. കൗണ്ടിയിൽ അദ്ദേഹം കളിക്കുന്ന കാലത്താണ് പ്രശ്നം ഉടലെടുത്തത്. ടീമിൽനിന്ന് പുറത്തിരുത്താനുള്ള തീരുമാനം ബോധപൂർവം കൈക്കൊണ്ടതാണ്. ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കിൽ ഇനിയും പുറത്തിരുത്താൻ എനിക്കു മടിയില്ല. പക്ഷേ, കളിയോടുള്ള സമർപ്പണത്തിന്റെ കാര്യത്തിൽ പൂജാര വളരെയധികം വളർന്നുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com