ADVERTISEMENT

വെല്ലിങ്ടൻ∙ വെസ്റ്റ്പാക്ക് സ്റ്റേഡിയത്തിൽ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതെങ്കിലും, ആരാധകരുടെ കയ്യടി നേടിയൊരു പ്രകടനവുമുണ്ട്, ഇന്ത്യൻ അക്കൗണ്ടിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന്റെ അരങ്ങേറ്റ താരം ഡാരിൽ മിച്ചലിനെ പുറത്താക്കിയ ദിനേഷ് കാർത്തിക്കിന്റെ ക്യാച്ചാണ് ആരാധകരുടെ കയ്യടി നേടിയത്. തൊട്ടുമുൻപ് കിവീസിന്റെ ടോപ് സ്കോറർ ടിം സീഫർട്ട് നൽകിയ സുവർണാവസരം കൈവിട്ട ശേഷമായിരുന്നു തകർപ്പൻ ക്യാച്ചുമായി ‘ഡികെ’യുടെ തിരിച്ചുവരവ്.

ന്യൂസീലൻഡ് ഇന്നിങ്സിലെ 15–ാം ഓവറിലാണ് സംഭവം. ബോൾ ചെയ്യുന്നത് ഹാർദിക് പാണ്ഡ്യ. ഓവറിലെ അവസാന പന്ത് നേരിടാൻ ക്രീസിലുണ്ടായിരുന്നത് ഡാരിൽ മിച്ചൽ. പന്ത് ബൗണ്ടറി കടത്താനുള്ള ആവേശത്തിൽ സർവ ശക്തിയുമെടുത്ത് മിച്ചൽ ഉയർത്തിയടിച്ച പന്ത് നേരെ പോയത് ലോങ് ഓണിലേക്ക്. അവിടെ ബൗണ്ടറിക്കു സമീപം നിലയുറപ്പിച്ചിരുന്ന കാർത്തിക് ഉയർന്നുചാടി പന്തു കൈപ്പിടിയിലൊതുക്കി.

എന്നാൽ, പന്തു പിടിക്കാനുള്ള ശ്രമത്തിനിടെ വേച്ച് ബൗണ്ടറിയിലേക്കു പോയ കാർത്തിക് പന്ത് ഉയർത്തിയെറിഞ്ഞു. ബാലൻസ് വീണ്ടെടുത്ത കാർത്തിക്, താൻ ഉയർത്തിവിട്ട പന്ത് തിരികെ പിടിക്കാൻ മുഴുനീളെ ഡൈവ് ചെയ്തു. പന്തു നിലംതൊടും മുൻപ് കൈപ്പിടിയിലൊതുക്കിയെങ്കിലും കാൽ ബൗണ്ടറി ലൈനിൽ സ്പർശിച്ചിരുന്നോ എന്ന സന്ദേഹമുയർന്നു. ക്യാച്ചിന്റെ കാര്യത്തിൽ കാർത്തിക്കിനും സംശയമുണ്ടായിരുന്നു.

എന്നാൽ, തേർഡ് അംപയറിന്റെ പരിശോധനയിൽ കളത്തിലെ ആ സുന്ദര നിമിഷം ‘സ്ലോമോഷനിൽ’ ഒരിക്കൽക്കൂടി ഇതൾ വിടർത്തി. പന്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിൽ കാർത്തിക്കിന്റെ കാൽപ്പാദം ബൗണ്ടറി ലൈനിൽ സ്പർശിച്ചിരുന്നെങ്കിലും പന്ത് കയ്യിലെത്തുമ്പോഴേയ്ക്കും കാൽ ഉയർന്നിരുന്നു. ഇതോടെ, 14 പന്തിൽ എട്ടു റൺസുമായി ഡാരിൽ പുറത്ത്. ഈ ക്യാച്ചിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com