ADVERTISEMENT

വെല്ലിങ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മഹേന്ദ്രസിങ് ധോണിയെന്ന താരത്തെ അനിവാര്യനാക്കുന്ന ഘടകമെന്താണ്? വിക്കറ്റിനു പിന്നിലെ നിതാന്ത ജാഗ്രത തന്നെ ഒന്നാമത്തെ ഘടകം. ഇതിനൊപ്പം, ബാറ്റിങ്ങിൽ അപ്രതീക്ഷിത തകർച്ച നേരിടുമ്പോഴെല്ലാം ഒരറ്റത്ത് രക്ഷകനായി അവതരിക്കുന്നുവെന്ന കാരണം കൂടിയുണ്ട്. അപൂർവമായിട്ടാണെങ്കിലും ഇന്ത്യ ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിടുമ്പോഴെല്ലാം രക്ഷകനായി അവതരിക്കുന്ന ധോണി പതിവുകാഴ്ചയാണ്.

വെല്ലിങ്ടൺ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ട്വന്റി20യിലും കണ്ടു, സമാന പ്രകടനം. ബാറ്റിങ്ങിൽ പാടേ തകർന്ന് ഇന്ത്യ കൂറ്റൻ തോൽവിയിലേക്കു നീങ്ങുമ്പോൾ, ഒരറ്റത്ത് നിലയുറപ്പിച്ചു പൊരുതിയ ധോണിയാണ് ഇന്ത്യയെ കൂടുതൽ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ടീം ഒന്നടങ്കം ബാറ്റുവച്ചു കീഴടങ്ങുമ്പോഴെല്ലാം ഒറ്റയാൾ പോരാളിയുടെ വേഷമിടുന്ന പതിവുള്ള ധോണി, വെല്ലിങ്ടനിലും ‘പേരു’ കാത്തു. 31 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 39 റൺസെടുത്ത ധോണി, ഒൻപതാമനായാണ് പുറത്തായത്.

ധോണി ഇന്ത്യയുടെ ടോപ് സ്കോററായ ഈ മൽസരം കൈവിട്ടതോടെ, നാണക്കേടിന്റെ ഒരു റെക്കോർഡിലും ആ പേരു വീണു. രാജ്യാന്തര ട്വന്റി20യിൽ ധോണി ഇന്ത്യയുടെ ടോപ് സ്കോററാകുമ്പോൾ, ടീം തോൽക്കുന്നത് ഇത് അഞ്ചാം തവണയാണ്! ഈ തോൽവികളെല്ലാം സാമാന്യം കനത്ത തോൽവികളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ധോണി ടോപ് സ്കോററായിട്ടും മുൻപ് ഇന്ത്യ തോറ്റ നാലു മൽസരങ്ങൾ ചുവടെ:

1. 2012ലാണ് ധോണി ടോപ്സ്കോററായ ട്വന്റി20 മൽസരത്തിൽ ഇന്ത്യ ആദ്യമായി തോറ്റത്. ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അത്. അന്ന് ധോണി പുറത്താകാതെ 48 റൺസെടുത്തെങ്കിലും ഇന്ത്യ 31 റൺസിനു തോറ്റു!

2. അതേ വർഷം തന്നെ ഒരിക്കൽക്കൂടി ധോണി ടോപ് സ്കോററായ മൽസരം ഇന്ത്യ തോറ്റു. ഇക്കുറി ഇംഗ്ലണ്ടായിരുന്നു എതിരാളികൾ, വേദി മുംബൈ വാംഖഡെ സ്റ്റേഡിയം. ധോണി 38 റൺസെടുത്ത ഈ മൽസരത്തിൽ ടീമിന്റെ തോൽവി 31 റൺസിന്!

3. പിന്നീട് ധോണി ടോപ് സ്കോററായ മൽസരം ഇന്ത്യ തോൽക്കുന്നത് 2016ലാണ്. എതിരാളികൾ ഇന്ന് ഇന്ത്യയെ തകർത്തുവിട്ട ന്യൂസീലൻഡ് തന്നെ. വേദി നാഗ്പുർ. ഇന്ത്യ 47 റൺസിനു തോറ്റ ഈ മൽസരത്തിൽ ധോണി 30 റൺസാണെടുത്തത്. റൺ അടിസ്ഥാനത്തിൽ നിലവിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ തോല്‍വിയാണിത്.

4. 2017ൽ കാണ്‍പുരിലും ധോണി ടോപ് സ്കോററായ മൽസരം ഇന്ത്യ കൈവിട്ടു. ഇക്കുറി എതിരാളികൾ ഇംഗ്ലണ്ടായിരുന്നു. ധോണി 36 റൺസെടുത്ത് പുറത്താകാതെ നിന്ന മൽസരം ഏഴു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com