ADVERTISEMENT

ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യയ്ക്ക് ‘പിടി തരാത്ത’ ഒരു ടീമുണ്ടെങ്കിൽ അതു ന്യൂസീലൻഡ് മാത്രം! വെല്ലിങ്ടണിൽ നടന്ന ഒന്നാം ട്വന്റി20 മൽസരത്തോടെ ഇക്കാര്യം ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കപ്പെട്ടു. ഇതുവരെ ന്യൂസീലൻഡുമായി ഇന്ത്യ കളിച്ചത് 10 ട്വന്റി20 മൽസരങ്ങളാണ്. അതിൽ ജയിക്കാനായത് രണ്ടെണ്ണത്തിൽ മാത്രം. ഒരു മൽസരം ഉപേക്ഷിക്കപ്പെട്ടു. ഏഴെണ്ണം തോറ്റു. ഏഴു മൽസരങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദ്യമായി ഇന്ത്യ ട്വന്റി20യിൽ ന്യൂസീലൻഡിനെ കീഴടക്കിയത്. 2017 നവംബർ ഒന്നിന് ഡൽഹിയിൽ 53 റൺസിനായിരുന്നു ആദ്യ ജയം. പിന്നീട് ജയം നേടാൻ ഇന്ത്യയ്ക്ക് തിരുവനന്തപുരത്ത് വരേണ്ടിവന്നു. മഴ കളി മുടക്കിയ ഈ മൽസരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ജയിച്ചത് ആറു റൺസിന്. അതിനു  ശേഷമുള്ള കണ്ടുമുട്ടലിൽ ഇതാ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവി സമ്മാനിച്ച് വെല്ലുവിളിക്കുന്നു, ന്യൂസീലൻഡ്!

ഇതോടെ, ട്വന്റി20യിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ തോൽപ്പിച്ച ടീമെന്ന നേട്ടം ഇംഗ്ലണ്ടിനൊപ്പം ന്യൂസീലൻഡും സ്വന്തമാക്കി. ന്യൂസീലൻഡിനോട് ഏഴാം മൽസരമാണ് ഇന്ത്യ തോറ്റത്. തോറ്റ റൺസിന്റെ ആധിക്യം കൊണ്ടു മാത്രമല്ല, തോറ്റ രീതി കൊണ്ടു കൂടിയാണ് ഈ മൽസരം ഇന്ത്യൻ ആരാധകർക്ക് സങ്കടക്കാഴ്ചയാകുന്നത്. മൽസരം പാതിവഴി പിന്നിടും മുൻപേ തോൽവി ഉറപ്പിച്ച്, തോൽവിഭാരം കുറയ്ക്കാനായി ധോണി നടത്തിയ ശ്രമങ്ങളൊക്കെ തീർത്തും നിരാശപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഈ ഇന്ത്യൻ ടീമിൽനിന്ന് ആരാധകർ പ്രതീക്ഷിക്കാത്തതാണ് മേൽപ്പറഞ്ഞ അവസ്ഥയൊക്കെ. അജയ്യരായി ആകാശമുയരെ പറക്കുമ്പോഴും, ഇടയ്ക്കിടെ ഭൂമിയിലേക്കു നിലംപതിക്കുന്ന ഈ ടീമിന്റെ പതിവ് ലോകകപ്പ് വർഷത്തിൽ അത്ര രസമുള്ള കാഴ്ചയുമല്ല. വിരാട് കോഹ്‍ലിയില്ലെങ്കിൽ ടീം ഇന്ത്യ എവിടെ നിൽക്കുന്നു, പ്രത്യേകിച്ചും ചേസിങ്ങിൽ, എന്ന ചോദ്യവുമുണ്ട്.

∙ പാളിയ പരീക്ഷണം, കൈവിട്ട കളി

ഇന്ത്യയുടെ പാളിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ന്യൂസീലൻഡിന്റെ തകർപ്പൻ പ്രകടനവും ചേർന്നതോടെയാണ് ഒന്നാം ട്വന്റി20 ഇന്ത്യയ്ക്ക് കയ്പു നിറഞ്ഞ അനുഭവമായി പരിണമിച്ചത്. വെല്ലിങ്ടൻ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ. ടീം തിരഞ്ഞെടുപ്പു മുതൽ ടോസ് നേടി ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയയ്ക്കാനും ബാറ്റിങ് ഓർഡറിൽ അപ്രതീക്ഷിത മാറ്റങ്ങൾ വരുത്താനുമുള്ള തീരുമാനങ്ങളെല്ലാം അടിയേ പാളി. ഫലം, റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി20 തോൽവി!

വമ്പനടിക്കാരെ കുത്തിനിറച്ച ടീമിൽ നിലയുറപ്പിച്ചു കളിക്കാൻ ഉണ്ടായിരുന്നത് ധോണി മാത്രം. ശുഭ്മാൻ ഗിൽ പുറത്തിരുന്നു. മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിൽ ഈ ബാറ്റിങ് ലൈനപ്പ് വച്ച് ഇന്ത്യ വലിയ സ്കോറിലെത്തുമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. നിലയുറപ്പിക്കാൻ ആളില്ലാതെ പോയതോടെ കളി കൈവിട്ടു. ടോസ് നേടിയിട്ടും എന്തു തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ രോഹിത്തിന്റെ നിരീക്ഷണവും പാളിയോ എന്നു സംശയം. വിജയ് ശങ്കറിനെ മൂന്നാമനാക്കിയത് ഉള്‍പ്പെടെ ലൈനപ്പിലെ പരീക്ഷണങ്ങളും ഫലം ചെയ്തില്ല.

എന്തായാലും ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 19.2 ഓവറിൽ 139 റൺസിൽ ഒതുങ്ങി. ട്വന്റി20യിലെ കന്നി അർധസെഞ്ചുറിയുമായി കിവീസ് ഇന്നിങ്സിന് കെട്ടുറപ്പു പകർന്ന ഓപ്പണർ ടിം സീഫർട്ടാണ് (43 പന്തിൽ 84 റണ്‍സ്) കളിയിലെ കേമൻ. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു പിന്നിലായി. പരമ്പരയിലെ രണ്ടാം മൽസരം വെള്ളിയാഴ്ച ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ.

∙ സീഫർട്ട് അഥവാ ഒരു ‘പേടി സ്വപ്നം’

ടിം സീഫർട്ട് – ഇന്ത്യൻ ബോളർമാരുടെ നെഞ്ചിടിപ്പേറ്റും ഈ പേര്. അത്രയ്ക്ക് ദുരിതമാണ് വെല്ലിങ്ടണിൽ സീഫർട്ട് ഇന്ത്യൻ നിരയിൽ വിതച്ചത്. കോളിൻ മണ്‍റോയേപ്പോലെ സമകാലീന ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ മറുവശത്തു നിൽക്കുമ്പോഴാണ് ഇന്ത്യൻ ബോളിങ്ങിനെ സീഫർട്ട് പിച്ചിച്ചീന്തിയത്. പേസ്, സ്പിൻ ഭേദമെന്യേ ഇന്ത്യൻ ബോളർമാരെ സീഫർട്ട് ‘കൈകാര്യം’ ചെയ്തു. 

സീഫർട്ടും മൺറോയും ക്രീസിൽ നിൽക്കുമ്പോൾ ഓവറിൽ ശരാശരി 10 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ് സ്കോർബോർഡ് നിറഞ്ഞത്. അഞ്ചാം ഓവറിന്റെ നാലാം പന്തിൽ കിവീസ് 50 പിന്നിട്ടു. പിന്നാലെ വെറും 30 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സും സഹിതം സീഫർട്ടിന് കന്നി അർധസെഞ്ചുറി. ഈ മൽസരത്തിന് ഇറങ്ങും മുൻപ് മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി20കളും മാത്രമായിരുന്നു സീഫർട്ടിന്റെ രാജ്യാന്തര അനുഭവസമ്പത്ത്!

പറഞ്ഞിട്ടെന്ത്, ബുമ്രയുടെയും ഷമിയുടെയും അസാന്നിധ്യത്തിൽ മൂർച്ച പോയ ഇന്ത്യൻ ബോളിങ്ങിനെ സീഫർട്ട് ‘ഓടിച്ചിട്ടടിച്ചു’. ഒന്നാം വിക്കറ്റിൽ മൺറോയ്ക്കൊപ്പം വെറും 50 പന്തിൽ 86 റൺസ് കൂട്ടിച്ചേർത്തപ്പോഴേ കിവീസ് സ്കോർ 200 കടക്കുമെന്ന് ഉറപ്പായിരുന്നു. ക്രുനാൽ പാണ്ഡ്യയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ മൺറോ മടങ്ങിയെങ്കിലും സീഫർട്ട് ആക്രമണം തുടർന്നു. ഒടുവിൽ 12–ാം ഓവറിന്റെ നാലാം പന്തിൽ കുറ്റി തെറിച്ച് മടങ്ങുമ്പോഴേയ്ക്കും ഇന്ത്യൻ ആരാധകർക്കിടയിൽ ആ പേര് പതിഞ്ഞിരുന്നു. 54 മിനിറ്റ് ക്രീസിൽ നിന്ന സീഫർട്ട് 43 പന്തിൽ ഏഴു ബൗണ്ടറിയും ആറു സിക്സും സഹിതം 84 റൺസെടുത്താണ് മടങ്ങിയത്.

അർഹിച്ച സെഞ്ചുറി ഈ മൽസരത്തിലെ തന്നെ മികച്ചൊരു പന്തിനു മുന്നിൽ നഷ്ടമാക്കിയാണ് മടങ്ങിയതെന്ന ആശ്വാസം ബാക്കി. ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് താരം ട്വന്റി20യിൽ നേടുന്ന ഉയർന്ന മൂന്നാമത്തെ സ്കോറാണ് സീഫർട്ടിന്റെ 84. കോളിൻ മണ്‍റോ (പുറത്താകാതെ 109), ബ്രണ്ടൻ മക്കല്ലം (91) എന്നിവരാണ് സീഫർട്ടിനു മുന്നിലുള്ളത്. സീഫർട്ടിനും മണ്‍റോയ്ക്കും (20 പന്തിൽ 34) ശേഷം ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (22 പന്തിൽ 34), റോസ് ടെയ്‌ലർ (14 പന്തിൽ 23), സ്കോട്ട് കുഗ്ഗെലെയ്ൻ (ഏഴു പന്തിൽ പുറത്താകാതെ 20) എന്നിവരും തകർത്തടിച്ചതോടെ കിവീസ് 219 റൺസ് എന്ന മികച്ച ടോട്ടലിലെത്തി.

∙ കടലാസിൽ പുലി, കളത്തിൽ എലി!

ന്യൂസീലൻഡ് നേടിയ 219 റൺസിന്റെ ‘വലിപ്പം’ പറയുന്നവർ ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് നോക്കുക! രോഹിത് ശർമ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, എം.എസ്. ധോണി, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ.... ന്യൂസീലൻഡ് ഉയർത്തിയ 220 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാനുള്ള പ്രാപ്തി കടലാസിൽ ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്നതാണ് സത്യം. കളത്തിൽ പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. വിനയായതും അതുതന്നെ.

സ്കോർ ബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോൾ ഒരു റണ്ണുമായി ക്യാപ്റ്റൻ രോഹിത് ശർമ തുടക്കമിട്ട തിരിച്ചുനടത്തം, പിന്നാലെയെത്തിയവർ പിന്തുടർന്നതോടെ കൂട്ടനടത്തമായി. മികച്ച തുടക്കം ലഭിച്ചെങ്കിലും ധവാൻ 18 പന്തിൽ 29 റൺസുമായി പുറത്തായത് വിനയായി. രോഹിത് പുറത്തായ ശേഷം പരീക്ഷണങ്ങളുടെ ‘ചാകര’യായിരുന്നു ഇന്ത്യൻ ബാറ്റിങ് ലൈനപ്പിൽ. മൂന്നാമനായി ക്രീസിലെത്തിയത് വിജയ് ശങ്കർ എന്ന താരതമ്യേന പുതുമുഖമായ താരം. 18 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്സും സഹിതം 27 റൺസെടുത്തെങ്കിലും മൂന്നാം നമ്പറിന്റെ ‘ഭാരിച്ച’ ഉത്തരവാദിത്തം ഭംഗിയാക്കാൻ വിജയിനായില്ല.

ഋഷഭ് പന്ത് (10 പന്തിൽ നാല്), ദിനേഷ് കാർത്തിക് (ആറു പന്തിൽ അഞ്ച്), ഹാർദിക് പാണ്ഡ്യ (നാലു പന്തിൽ നാല്) എന്നിവർ സമ്മാനിച്ചത് പൂർണ നിരാശ. വാലറ്റത്തും ഒന്നും സംഭവിച്ചില്ല. ന്യൂസീലൻഡ് താരങ്ങൾ ക്രീസിൽ നിൽക്കുമ്പോൾ തീരെ ചെറുതായി തോന്നിച്ച ബൗണ്ടറികൾ, ഇന്ത്യ ബാറ്റിങ്ങിനെത്തിതോടെ വിസ്തൃതമായി! 

ടീം ഒന്നടങ്കം ബാറ്റുവച്ചു കീഴടങ്ങുമ്പോഴെല്ലാം ഒറ്റയാൾ പോരാളിയുടെ വേഷമിടാറുള്ള ധോണിയാണ് ഇക്കുറിയും ടീമിന്റെ ടോപ് സ്കോറർ. 31 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയത് 39 റൺസ്. അതേസമയം, ട്വന്റി20യിൽ ഇന്ത്യ ടോപ് സ്കോററായ മല്‍സരങ്ങളെല്ലാം ഇന്ത്യ തോറ്റെന്ന നാണക്കേട് ഇക്കുറിയും ആവർത്തിക്കപ്പെട്ടു. ധോണിക്കു പുറമെ ഭേദപ്പെട്ടുനിന്നത് ടീമിലേക്ക് തിരിച്ചെത്തിയ ക്രുനാൽ പാണ്ഡ്യ മാത്രം. 18 പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം 20 റൺസെടുത്ത പാണ്ഡ്യ, ഏഴാം വിക്കറ്റിൽ ധോണിക്കൊപ്പം അർധസെഞ്ചുറി കൂട്ടുെകട്ടും (52) തീർത്തു. ഇന്ത്യൻ നിരയിലെ ഏക അർധസെഞ്ചുറി കൂട്ടുകെട്ട്. വെറും 10 റൺസിനിടെയാണ് ഇന്ത്യയ്ക്ക് അവസാന നാലു വിക്കറ്റ് നഷ്ടമായത്. 

∙ മൂർച്ചപോയ ഇന്ത്യൻ ബോളിങ്

ബാറ്റിങ്ങിനൊപ്പം തന്നെ ഇന്ത്യയുടെ ബോളിങ് തകർച്ചയും എടുത്തു പറയണം. സമീപകാലത്ത് ഇന്ത്യ നേടിയ വിജയങ്ങളിലെല്ലാം ശ്രദ്ധേയ പങ്കുവഹിച്ചിട്ടുള്ള ബോളർമാർ വെല്ലിങ്ടനിൽ തീർത്തും നിരാശപ്പെടുത്തി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുെ അഭാവത്തിൽ മൂർച്ച പോയ ഇന്ത്യൻ ബോളിങ്ങിനെ ടിം സീഫർട്ടും കോളിൻ മൺറോയുമുൾപ്പെടെയുള്ളവർ അടിച്ചൊതുക്കി എന്നു പറയാം.

ഇന്ത്യൻ നിരയിൽ പന്തെടുത്തവരെല്ലാം വിക്കറ്റ് നേടിയെങ്കിലും നല്ലവണ്ണം തല്ലുവാങ്ങി. ഇന്ത്യൻ നിരയിൽ കൂടുതൽ വിക്കറ്റെടുത്ത (2) ഹാർദിക് പാണ്ഡ്യയാണ് കൂടുതൽ ‘തല്ലു വാങ്ങി’യതും. നാല് ഓവറിൽ വിട്ടുകൊടുത്തത് 51 റൺസ്. തമ്മിൽ മികച്ചുനിന്നത് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ (നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റ്), ക്രുനാൽ പാണ്ഡ്യ (നാല് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റ്) എന്നിവർ മാത്രം. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 47 റൺസ് വഴങ്ങിയും ഖലീൽ അഹമ്മദ് നാല് ഓവറിൽ 48 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ഇന്ത്യൻ ബോളർമാർ തലങ്ങും വിലങ്ങും പാഞ്ഞ ഇതേ മൈതാനത്ത് ന്യൂസീലൻഡ് ബോളർമാർ അച്ചടക്കത്തോടെ ബോൾ ചെയ്യുന്നതും കണ്ടു. അവരുടെ ഒന്നാം നമ്പർ ബോളർ ട്രെന്റ് ബോൾട്ട് ടീമിലില്ലായിരുന്നു എന്നോർക്കണം. ആതിഥേയ താരങ്ങളിൽ തീരെ മോശമാക്കിയത് രണ്ട് ഓവറിൽ 34 റൺസ് വഴങ്ങിയ കുഗ്ഗെലെയ്ൻ മാത്രം. നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ടിം സൗത്തി മികച്ചുനിന്നു. ലോക്കി ഫെർഗൂസൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ എന്നിവരും ഓവറിൽ ശരാശരി ആറു റൺസിനു താഴെയേ വഴങ്ങിയുള്ളൂ!

പിൻകുറിപ്പ്∙ ഒന്നാം ട്വന്റി20യിലെ ഏറ്റവും മികച്ച ഫീൽഡിങ് നിമിഷം ഡാരിൽ മിച്ചലിനെ പുറത്താക്കാൻ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ദിനേഷ് കാർത്തിക് എടുത്ത ക്യാച്ചു തന്നെയായിരുന്നു. അവിശ്വസനീയമായ ഈ ക്യാച്ചുകൾ സ്വന്തമാക്കിയ കാർത്തിക് തന്നെ, അതിലേറെ അവിശ്വസനീയമായ രീതിയിൽ രണ്ടു ക്യാച്ചുകൾ നിലത്തിടുന്നതും ഇതേ മൽസരത്തിൽ കണ്ടു!

∙ ഇന്ത്യൻ നിരയിൽ ഇന്നലെ കളിച്ചത് ധോണിയുൾപ്പെടെ മൂന്നു സ്പെഷലിറ്റ് വിക്കറ്റ് കീപ്പർമാരാണ്. ദിനേഷ് കാർത്തിക്, ഋഷഭ് പന്ത് എന്നിവരാണ് മറ്റുള്ളവർ. പാണ്ഡ്യ സഹോദരൻമാർ ആദ്യമായി രാജ്യാന്തര മൽസരത്തിൽ ഇന്ത്യയ്ക്കായി ഒന്നിച്ചു കളിക്കുന്നതിനും ഈ മൽസരം വേദിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com