ADVERTISEMENT

ചണ്ഡിഗഡ്∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ പാർട്ടികളുടെ പേരിനൊപ്പം ഉയർന്നുവരുന്ന ‘സാധ്യതാ സ്ഥാനാർഥി’കളിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ പേരും. ഹരിയാനയിൽനിന്ന് ബിജെപി സ്ഥാനാർഥിയായി വീരേന്ദർ സേവാഗ് മൽസരിച്ചേക്കുമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഹരിയാനയിലെ ബിജെപി ഘടകം തയാറാക്കിയ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സേവാഗിന്റെ പേരും ഇടംപിടിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

ഹരിയാനയിലെ റോത്തക് ലോക്സഭാ മണ്ഡലത്തിൽനിന്ന് സേവാഗ് ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള റോത്തക്കിലെ സിറ്റിങ് എംപി ദീപേന്ദർസിങ് ഹൂഡയെ വീഴ്ത്താൻ കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറിക്കാനുള്ള തീരുമാനമാണ് സേവാഗിന്റെ പേരും ചർച്ചകളിലെത്തിച്ചതെന്ന്, ബിജെപിയുടെ സ്ഥാനാർഥി നിർണയ യോഗത്തിൽ പങ്കെടുത്ത നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മൂന്നു തവണയായി റോത്തക് മണ്ഡലത്തിൽനിന്നു ജയിച്ച നേതാവാണ് ഹൂഡ. അതേസമയം, സേവാഗിനെ ഇവിടെ മൽസരിപ്പിച്ചേക്കുമെന്ന പ്രചാരണങ്ങൾ ഹരിയാന ബിജെപി ഘടകം പ്രസിഡന്റ് സുഭാഷ് ബരാല തള്ളിക്കളഞ്ഞു. സേവാഗ് ഇതുവരെ പാർട്ടിയിൽ അംഗത്വം പോലുമെടുത്തിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം, സേവാഗിനെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സന്നദ്ധനാക്കുന്നതിനായി മുതിർന്ന നേതാവിനെ ബിജെപി നിയോഗിച്ചതായാണ് റിപ്പോർട്ട് പറയുന്നത്. സ്ഥാനാർഥിയാകാനുള്ള ക്ഷണത്തോട് സേവാഗിന്റെ പ്രതികരണമെന്തെന്നു വ്യക്തമല്ല. ഡൽഹി രാഷ്ട്രീയത്തിൽ കരുത്തനായ നേതാവിനെത്തന്നെയാണ് സേവാഗിനെ ‘വലയിലാക്കാൻ’ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ, ഇന്ത്യൻ ടീമിൽ സേവാഗിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ഡൽയിൽനിന്നു തന്നെയുള്ള ഗൗതം ഗംഭീറിന്റെ പേരും ബിജെപി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരവെ ഗംഭീർ സജീവ ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടുകയും െചയ്തു.

മോദി തരംഗം ആഞ്ഞടിച്ച 2014ൽ ഹരിയാനയിലെ 10 ലോക്സഭാ സീറ്റുകളിൽ ഏഴും ബിജെപി നേടിയിരുന്നു. ഹിസാർ, സിർസ സീറ്റുകളാണ് റോത്തക്കിനു പുറമെ ബിജെപിക്കു കിട്ടാതെ പോയത്.

നേരത്തെ, കർണാടകയിലെ യുവ വോട്ടർമാരെ ആകർഷിക്കാൻ മുൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിനെയും അനിൽ കുംബ്ലെയെയും പാർട്ടിയിലെത്തിക്കാൻ ബിജെപി നീക്കം നടത്തിയെങ്കിലും ഫലിച്ചിരുന്നില്ല. ബിജെപിയിൽ ചേരാൻ താൽപര്യമില്ലെന്ന് ഇരുവരും അറിയിച്ചതോടെയാണ് പാർട്ടിയുടെ മോഹങ്ങൾ പൊലിഞ്ഞത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണത്തിനെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിച്ച് ബിജെപി ഇരുവരെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ചർച്ചകൾ തുടരുന്നതായും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com