ADVERTISEMENT

ഓക്‌ലൻഡ്∙ ആവേശം അവസാന പന്തോളം അകമ്പടി സേവിച്ച ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യൻ വനിതകളെ പിന്തള്ളി ന്യൂസീലൻഡ് വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയവും പരമ്പരയും. നാലു വിക്കറ്റിനാണ് ന്യൂസീലൻഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ ന്യൂസീലൻഡ് വിജയ റൺ കുറിച്ചു. ഇതോടെ നാലു വിക്കറ്റ് വിജയവും മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ 2–0 ലീഡും സ്വന്തം. പരമ്പരയിലെ അവസാന മൽസരം ഞായറാഴ്ച നടക്കും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം ആദ്യ മൽസരത്തിലേതിനു സമാനമായിരുന്നു. മുൻനിര പതിവുപോലെ കരളുറപ്പു കാട്ടിയപ്പോൾ, മധ്യനിര ഒരിക്കൽക്കൂടി തകർന്നടിഞ്ഞു. കഴിഞ്ഞ മൽസരത്തിനുശേഷം ഓപ്പണർ സ്മൃതി മന്ഥന നടത്തിയ നിരീക്ഷണം ശരിവയ്ക്കും വിധമാണ് ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞത്. അർധസെഞ്ചുറി നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 53 പന്തുകൾ നേരിട്ട ജമീമ, ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 72 റൺസെടുത്തു. ഓപ്പണർ സ്മൃതി മന്ഥന 27 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 36 റൺസെടുത്ത് പുറത്തായി.

സ്കോർ ബോർഡിൽ എട്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ പ്രിയ പൂനിയയെ നഷ്ടമായശേഷം രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജമീമ–മന്ഥന സഖ്യമാണ് ഇക്കുറിയും ഇന്ത്യയെ കരകയറ്റിയത്. 7.2 ഓവർ ക്രീസിൽനിന്ന ഈ സഖ്യം 63 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ, സ്കോർ 71ൽ നിൽക്കെ മന്ഥന പുറത്തായശേഷം ഇന്ത്യ കൂട്ടത്തോടെ തകർന്നു. പിന്നീട് ഇന്ത്യൻ നിരയിൽ ആർക്കും രണ്ടക്കം കടക്കാനായില്ല.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (5), ഹേമലത (രണ്ട്), ദീപ്തി ശർമ (ആറ്), അരുദ്ധതി റെഡ്ഡി (മൂന്ന്) എന്നിങ്ങനെയാണ് മധ്യനിരയിലെ പ്രകടനം. രാധാ യാദവ് ആറു റൺസോടെയും മാനസി ജോഷി റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ആതിഥേയരുടേതും. അർധസെഞ്ചുറി നേടിയ സൂസി ബേറ്റ്സിന്റെ പ്രകടനമാണ് അവർക്ക് ജയം സമ്മാനിച്ചത്. 52 പന്തുകൾ നേരിട്ട സൂസി, അഞ്ചു ബൗണ്ടറി സഹിതം 62 റൺസെടുത്തു. പിന്നീട് അവരുടെ നിരയിൽ രണ്ടക്കം കടന്നത് സോഫി ഡിവൈൻ (16 പന്തിൽ 19), സാറ്റർത്‌വയ്റ്റ് (20 പന്തിൽ 23), കാത്തി മാർട്ടിൻ (12 പന്തിൽ 13) എന്നിവർ മാത്രം.

അവസാന ഓവറിൽ അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ന്യൂസീലൻഡിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ഒൻപതു റൺസായിരുന്നു. മാനസി ജോഷി എറിഞ്ഞ ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയ കാത്തി മാർട്ടിനാണ് ആതിഥേയരുടെ സമ്മർദ്ദം അയച്ചത്. തൊട്ടടുത്ത പന്തിൽ കാത്തിയെ മാനസി പുറത്താക്കിയെങ്കിലും റോ (മൂന്നു പന്തിൽ നാല്), കാസ്പെറെക് (അഞ്ചു പന്തിൽ നാല്) എന്നിവർ ചേർന്ന് കിവീസിനെ വിജയത്തിലെത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com