sections
MORE

ചെറിയ പിഴവിനു വലിയ വില, തോൽവി; ‘സീനിയേഴ്സ്’ പോരാ, തകർത്തത് പിള്ളേർ!

vijay-shankar-santner
ന്യൂസീലൻഡിനെതിരെ പുറത്തായി മടങ്ങുന്ന വിജയ് ശങ്കറിന്റെ നിരാശയും വിക്കറ്റെടുത്ത മിച്ചൽ സാന്റ്നറിന്റെ ആഹ്ലാദവും.
SHARE

‘ഫോട്ടോഫിനിഷിൽ’ തോൽവി വഴങ്ങേണ്ടി വന്ന ഒരു ക്രിക്കറ്റ് മൽസരം നിരാശയ്ക്കൊപ്പം പ്രതീക്ഷകൂടി സമ്മാനിക്കുന്ന കാഴ്ച മുൻപ് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അത്തരമൊരു മൽസരത്തിനാണ് ഹാമിൽട്ടനിലെ സെ‍ഡൻ പാർക്ക് ഇന്നലെ സാക്ഷ്യം വഹിച്ചത് (ബോളിങ്ങിലെയും ഫീൽഡിങ്ങിലെയും ദയനീയ പ്രകടനം മറന്നല്ല ഇങ്ങനെ കുറിക്കുന്നത്. പക്ഷേ, ബാറ്റിങ്ങിലെ പ്രതിഭയുടെ ചില മിന്നലാട്ടങ്ങൾ ഈ മൽസരത്തെ പ്രതീക്ഷയുടെ പക്ഷത്തു നിർത്താൻ പ്രേരിപ്പിക്കുന്നു). ന്യൂസീലൻഡുമായി ഇഞ്ചോടിഞ്ചു പൊരുതിയ മൽ‌സരം വെറും നാലു റൺസിനാണ് ഇന്ത്യ കൈവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു.

നിദാഹാസ് ട്രോഫിയിലെ ആ ഉശിരൻ പ്രകടനത്തിന്റെ ഓർമകൾ ആരാധകരിൽ ഉണർത്തി ദിനേഷ് കാർത്തിക് അവസാന പന്തുവരെ ക്രീസിൽ ഉണ്ടായിരുന്നു. ഇന്നിങ്സിലെ അവസാന പന്തിൽ കാർത്തിക് പടുകൂറ്റൻ സിക്സ് കണ്ടെത്തുകയും ചെയ്തു. 16–ാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ ഒരുമിച്ച ദിനേഷ് കാർത്തിക്–ക്രുനാൽ പാണ്ഡ്യ സഖ്യം വെറും 28 പന്തിൽനിന്ന് 63 റൺസ് നേടിയിട്ടാണ് മൽസരം ഇന്ത്യ കൈവിട്ടതെന്ന് ഓർക്കുക. വിജയത്തിനായി അവസാന പിടച്ചിൽ വരെ നടത്തിയിട്ടും നാലു റൺസ് അകലെ മൽസരം കൈവിടാനായിരുന്നു ഇന്ത്യയുടെ വിധി. ഒപ്പം ഓസ്ട്രേലിയ, ന്യൂസീലൻഡ് പര്യടനങ്ങളിൽ ആദ്യമായി ഒരു പരമ്പര നഷ്ടവും!

അതിലേറെ വേദന മറ്റൊന്നാണ്. ന്യൂസീലൻഡ് മണ്ണിൽ ആദ്യമായി ഒരു ട്വന്റി20 പരമ്പര നേടാനുള്ളള അവസരമാണ് കയ്യകലത്തിൽ നഷ്ടമായത്. ട്വന്റി20യിൽ ഇന്ത്യയ്ക്കു മുന്നിൽ ന്യൂസീലൻഡ് എന്ന എതിരാളിയുടെ വലിപ്പം ഇരട്ടിയാവുകയും ചെയ്തിരിക്കുന്നു.

∙ ഒന്നാം ട്വന്റി20യുടെ കാർബൺ കോപ്പി!

ഇന്ത്യ കനത്ത തോൽവി വഴങ്ങിയ വെല്ലിങ്ടൻ ട്വന്റി20യുടെ കാർബൺ കോപ്പിയായിരുന്നു ഈ മൽസരം. ടോസ് നേടിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ‘മികച്ച ചേസിങ് ടീമെ’ന്ന ആത്മവിശ്വാസത്തിൽ ന്യൂസീലൻ‌ഡിനെ ബാറ്റിങ്ങിന് അയയ്ക്കുന്നു. ഓപ്പണർമാർ തകർത്തടിച്ചതോടെ ന്യൂസീലൻഡ് കൂറ്റൻ സ്കോറും കുറിച്ചു. വെല്ലിങ്ടനിൽ ഇത് 219 റൺസായിരുന്നെങ്കിൽ ഇവിടെ 212 ആയി എന്ന വ്യത്യാസം മാത്രം. അതിന് അകമ്പടിയായി ഇന്ത്യൻ ബോളർമാരുടെ അയഞ്ഞ പ്രകടനവും ഫീൽഡർമാരുടെ കൈവിട്ട സഹായവും പതിവുപോലെ.

മറുപടി ബാറ്റിങ്ങിൽ പക്ഷേ, ചില്ലറ വ്യത്യാസങ്ങളുണ്ട്. ബാറ്റിങ് ലൈനപ്പിന്റെ കാര്യത്തിൽ വെല്ലിങ്ടൻ ട്വന്റി20യുടെ തനിപ്പകർപ്പായിരുന്നു ഈ മൽസരവും. രോഹിതും ധവാനും ഓപ്പൺ ചെയ്ത ഇന്ത്യൻ ഇന്നിങ്സിൽ വിജയ് ശങ്കർ ഒരിക്കൽക്കൂടി വൺഡൗണായെത്തി. കഴിഞ്ഞ മൽസരത്തിൽ ഋഷഭ് പന്ത് വന്ന സ്ഥാനത്താണിത്. തുടർന്നങ്ങോട്ടും ആദ്യ മൽസരത്തിലെ സ്ഥിതി തന്നെ.

Rishabh Pant

ലൈനപ്പിലെ സാമ്യം പക്ഷേ ബാറ്റിങ്ങിലുണ്ടായിരുന്നില്ല. വെല്ലിങ്ടനിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ തുടക്കത്തിൽത്തന്നെ ആയുധം വച്ചു കീഴടങ്ങിയെങ്കിൽ, ഹാമിൽട്ടനിൽ കളി മാറി. കളത്തിലിറങ്ങിയവരിൽ ശിഖർ ധവാൻ, മഹേന്ദ്രസിങ് ധോണി എന്നിവരൊഴികെയുള്ളവരെല്ലാം ബാറ്റിങ്ങിൽ ശോഭിച്ചു. ആദ്യ മൽസരത്തിലെ പിഴവു തിരുത്തി കളത്തിലിറങ്ങിയ ബാറ്റ്സ്മാൻമാർക്ക് ഈ മൽസരത്തിൽ ചെറിയ പിഴവുകൾ മാത്രമേ സംഭവിച്ചുള്ളൂ. അതുപക്ഷേ, മൽസരം തോൽക്കാൻ കാരണമായെന്നു മാത്രം. അവസാന ഓവറിൽ സിംഗിൾ ഓടാനുള്ള അവസരം വേണ്ടെന്നുവച്ച് ക്രുനാൽ പാണ്ഡ്യയെ തിരിച്ചയച്ച ദിനേഷ് കാർത്തിക്കിന്റെ പാളിപ്പോയ ആത്മവിശ്വാസം അത്തരമൊരു പിഴവാണ്. അതുപക്ഷേ എടുത്തു പറയാൻ മാത്രമില്ല താനും.

∙ വ്യക്തിഗത പ്രകടനങ്ങളില്ല, ടീം മികവു മാത്രം

20 ഓവറിൽ 213 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീമിൽ ഒരാൾ പോലും അർധസെഞ്ചുറി നേടിയില്ല. എന്നിട്ടും ഇന്ത്യ വിജയലക്ഷ്യത്തിന് തൊട്ടടുത്തുവരെ എത്തി! വ്യക്തിഗത പ്രകടനങ്ങളേക്കാൾ ടീമെന്ന നിലയിലാണ് ഇന്ത്യ ഈ മൽസരത്തെ സമീപിച്ചതെന്നു വ്യക്തം. ഇന്ത്യൻ നിരയിൽ അർധസെഞ്ചുറി പിന്നിട്ട കൂട്ടുകെട്ടുകൾ പോലും രണ്ടേയുള്ളൂ. വിജയവഴിയിൽ കരുത്തേകാൻ അതുതന്നെ ധാരാളമായിരുന്നു. പക്ഷേ, ചെറിയ പിഴവ് മൽസരം തോൽപ്പിച്ചു കളഞ്ഞു.

28 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ (32 പന്തിൽ 38), ഋഷഭ് പന്ത് (12 പന്തിൽ 28), ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21), ദിനേഷ് കാർത്തിക് (16 പന്തിൽ പുറത്താകാതെ 33), ക്രുനാൽ പാണ്ഡ്യ (13 പന്തിൽ പുറത്താകാതെ 26) എന്നിവരെല്ലാം ഇന്ത്യയ്ക്കായി മികച്ച പോരാട്ടം കാഴ്ചവച്ചു. നിരാശപ്പെടുത്തിയത് ഓപ്പണർ ശിഖർ ധവാൻ (നാലു പന്തിൽ അഞ്ച്), മഹേന്ദ്രസിങ് ധോണി (നാലു പന്തിൽ രണ്ട്) എന്നിവർ മാത്രം.

new-zealand-wicket-celebration

സ്കോർബോർഡിൽ ആറു റൺസ് മാത്രമുള്ളപ്പോൾ ധവാൻ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് ശർമ – വിജയ് ശങ്കർ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. 50 പന്തിൽ ഇരുവരും 75 റൺസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മൽസരങ്ങളിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനാകാതെ പോയ വിജയ് ശങ്കർ ഇക്കുറി ആ കേടു തീർത്തു. അർഹിച്ച അർധസെഞ്ചുറി നഷ്ടമായെങ്കിലും, ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയാണ് ശങ്കർ പുറത്തായത്. പിന്നീട് പിരിയാത്ത ഏഴാം വിക്കറ്റിൽ ദിനേഷ് കാർത്തിക്–ക്രുനാൽ പാണ്ഡ്യ സഖ്യം വെറും 28 പന്തിൽനിന്ന് 63 റൺസ് കൂട്ടിച്ചേർത്തതാണ്. എന്നിട്ടും ഇന്ത്യയ്ക്ക് വിജയം എത്തിപ്പിടിക്കാനായില്ല.

∙ തകർത്തടിച്ച് പന്തും ഹാർദിക്കും

ന്യൂസീലൻഡ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർ നടത്തിയ പ്രകടനം ശ്രദ്ധേയമായി തോന്നി. ഋഷഭ് പന്ത് വെറും 12 പന്തുകൾ മാത്രമാണ് ക്രീസിൽ നിന്നത്. അതിനിടെ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 28 റൺസാണ് ഇന്ത്യൻ ഇന്നിങ്സിൽ ചേർത്തത്. സ്ട്രൈക്ക് റേറ്റ് 233.33. ഇന്ത്യൻ നിരയിൽ കൂടിയ സ്ട്രൈക്ക് റേറ്റ്.

ഹാർദിക് ആകട്ടെ, ക്രീസിൽ നിന്നത് വെറും 11 പന്തുകളാണ്. അടിച്ചെടുത്തത് ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 21 റൺസ്. സ്ട്രൈക്ക് റേറ്റ് 190.90. ഇന്ത്യൻ നിരയിൽ നാലാം സ്ഥാനം. ഇരുവരുടെയും ഇന്നിങ്സുകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നിലയുറപ്പിച്ചു കളിച്ചുവന്ന വിജയ് ശങ്കർ പുറത്തായപ്പോഴാണ് പന്ത് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് പന്ത് തുടങ്ങിയത്. പിന്നാലെ പടുകൂറ്റൻ സിക്സും!

hardik-pandya

ഹാർദിക്കിന്റെ കാര്യവും വ്യത്യസ്തമല്ല. തകർത്തടിച്ച് ഋഷഭ് പന്ത് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയതാണ് ഹാർദിക്. നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലാണ് വിശ്രമിച്ചത്. കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ എങ്ങനെ തുടങ്ങണമെന്നതിന്റെ ഉത്തമോദാഹരണമായ രണ്ട് ഇന്നിങ്സുകൾ. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്നാലും, ഇവരിലൊരാൾ കുറച്ചുനേരം കൂടി ക്രീസിലുണ്ടായിരുന്നെങ്കിൽ മൽസരഫലം മറ്റൊന്നായേനെ!

∙ കയ്യടിക്കണം, കാർത്തിക്–ക്രുനാൽ സഖ്യത്തിനും

അവസാന ഓവറിലെ ചെറിയ പിഴവു മാറ്റിനിർത്തിയാൽ കയ്യടിക്കേണ്ട പ്രകടനമായിരുന്നു ഏഴാം വിക്കറ്റിൽ ദിനേഷ് കാർത്തിക് – ക്രുനാൽ പാണ്ഡ്യ സഖ്യം പുറത്തെടുത്തത്. 16–ാം ഓവറിന്റെ മൂന്നാം പന്തിലാണ് ഇരുവരും ക്രീസിൽ ഒരുമിക്കുന്നത്. അപ്പോൾ വിജയത്തിലേക്കു വേണ്ടിയിരുന്നത് 68 റൺസ്. കയ്യിലുള്ളത് 28 പന്തും! ഇവരിലൊരാൾ പുറത്തായാൽ പിന്നീട് ക്രീസിലെത്താനുള്ളത് ബോളർമാർ മാത്രമായ കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ് എന്നിവർ. എന്നിട്ടും പോരാട്ടം ന്യൂസീലൻഡ് ക്യാംപിലേക്ക് നയിച്ച് ഇവർ പുറത്തെടുത്ത ആത്മവിശ്വാസത്തിന്, എത്ര കയ്യടിച്ചാലാണ് മതിയാവുക!

അതിസമ്മർദ്ദത്തിനിടയിലും മനക്കരുത്ത് ചോരാതെ ബാറ്റുപിടിച്ച ഇരുവരും ഓരോ ഓവറിലും കൂട്ടിച്ചേർത്ത റൺസ് ഇങ്ങനെ:

17 - 10

18 - 18

19 - 14.

അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 16 റൺസാണ്. പന്തെറിയുന്നത് ന്യൂസീലൻഡ് നിരയിലെ അനുഭവ സമ്പത്തുള്ള പേസ് ബോളർ ടിം സൗത്തി. പതറാതെ ക്രീസിൽ നിന്ന ദിനേഷ് കാർത്തിക്കും പാണ്ഡ്യയും ആവതു ശ്രമിച്ചെങ്കിലും പോരാട്ടം നാലു റൺസ് അകലെ അവസാനിച്ചു. 28 പന്തുകൾ ക്രീസിൽനിന്ന ഇവരുടെ സഖ്യം 63 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. എന്നിട്ടും തോറ്റത് നിർഭാഗ്യം കൊണ്ടുകൂടിയാണ്. കാർത്തിക് (16 പന്തിൽ പുറത്താകാതെ 33), പാണ്ഡ്യ (13 പന്തിൽ പുറത്താകാതെ 26) എന്നിവർ 200നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തിയാണ് കളിച്ചതെന്നതും ചേർത്തുവായിക്കണം.

∙ പാളിയ ബോളിങ്, ചോർന്ന ഫീൽഡിങ്

അതേസമയം, ഇന്ത്യൻ ബോളിങ്ങിലെ അച്ചടക്കമില്ലായ്മയും ഫീൽഡിങ്ങിലെ ‘സ്കൂൾ നിലവാരവും’ എടുത്തു പറയണം. തോൽവിക്കു കാരണമായതും മറ്റൊന്നല്ല. വെല്ലിങ്ടനിലെ ഒന്നാം ഏകദിനത്തിന്റെ തുടർച്ചയായിരുന്ന സെഡൻ പാർക്കിൽ ഇന്ത്യൻ ബോളിങ്. സത്യത്തിൽ, ഇന്ത്യൻ ബോളർമാരും ഫീൽഡർമാരും ‘കൈവിട്ടു സഹായിച്ച’തോടെയാണ് ആതിഥേയർ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിയത്. എളുപ്പമുള്ളതും ഇല്ലാത്തതുമായ അരഡസനോളം അവസരങ്ങൾ ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിക്കളഞ്ഞു.

seifert-stumped-dhoni

ന്യൂസീലൻഡ് ഇന്നിങ്സിന് അടിത്തറയിട്ട കോളിൻ മൺറോ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ നൽകിയ ക്യാച്ച് ഖലീൽ അഹമ്മദ് കൈവിട്ടതൊക്കെ അവിശ്വസനീയതയോടെ മാത്രമേ കണ്ടിരിക്കാനാകൂ. ആ ഓവറിൽ പിന്നീട് രണ്ടു ബൗണ്ടറിയും ഒരു സിക്സും നേടിയാണ് മൺറോ മറുപടി നൽകിയത്. ഇന്ത്യ തോറ്റത് നാലു റൺസിനാണ് എന്നത് ഇതിനോടു ചേർത്തുവായിക്കണം. ബൗണ്ടറിക്കരികെ തടയാൻ സാധിക്കുന്ന ഒരുപിടി പന്തുകൾ ഇന്ത്യൻ ഫീൽഡർമാരുടെ പിടിപ്പുകേടുകൊണ്ട് ചോരുന്നതും കണ്ടു. ഈ റൺസെല്ലാം ചേർത്താണ് ന്യൂസീലൻഡ് 200 കടന്നത്.

ബോളിങ്ങിന്റെ കാര്യവും ദയനീയമെന്നേ പറയാനാകൂ. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യയെ താങ്ങിനിർത്തിയ ക്രുനാൽ പാണ്ഡ്യ ഇക്കുറി ഏറ്റവും വലിയ തല്ലുകൊള്ളിയാകുന്നതും കണ്ടു. ഇന്ത്യൻ നിരയിൽ കുൽദീപ് ഒഴികെയുള്ള ബോളർമാരെല്ലാം കനത്ത പ്രഹരമേറ്റുവാങ്ങി. കുൽദീപ് നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. കഴിഞ്ഞ മൽസരത്തിൽ മാൻ ഓഫ് ദ് മാച്ചായ ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 54 റൺസ് വഴങ്ങിയാണ് ഏറ്റവും വലിയ തല്ലുകൊള്ളിയായത്. ഖലീൽ അഹമ്മദ് നാല് ഓവറിൽ 47 റൺസും ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 44 റൺസും വഴങ്ങി. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

∙ ന്യൂസീലൻഡ് = ആത്മവിശ്വാസം

ഇന്ത്യയുടെ മോശം ബോളിങ്, ഫീൽഡിങ് പ്രകടനത്തിനിടയിലും ന്യൂസീലന്‍ഡിന്റെ തകർപ്പൻ ബാറ്റിങ്ങിനെക്കുറിച്ച് പറയാതെ പോകുന്നതെങ്ങനെ! താരതമ്യേന അനുഭവ സമ്പത്ത് കുറഞ്ഞ താരമായിട്ടും ടിം സീഫർട്ടിനെപ്പോലുള്ള യുവാക്കളൊക്കെ ബാറ്റിങ്ങിൽ കാണിച്ച ആത്മവിശ്വാസമാണ് ഫലത്തിൽ അവർക്ക് പരമ്പര സമ്മാനിച്ചത്. സീഫർട്ട് പരമ്പരയുടെ താരമായത് വെറുതെയല്ലെന്നു ചുരുക്കം. വെറ്ററൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ ബോളിങ്ങിനെതിരെ പതറിയപ്പോൾ, താരതമ്യേന തുടക്കക്കാരായവർ തകർത്തടിച്ചു. തകർത്തടിച്ച് അർധസെഞ്ചുറി നേടിയ ഓപ്പണർ കോളിൻ മൺറോയ്ക്കും നൽകണം കയ്യടി. 40 പന്തിൽ അഞ്ചു വീതം ബൗണ്ടറിയും സിക്സും സഹിതം 72 റൺസെടുത്ത മൺറോ കളിയിലെ താരവുമായി.

ഓപ്പണിങ് വിക്കറ്റിൽ കോളിൻ മൺറോ–ടിം സീഫർട്ട് സഖ്യവും രണ്ടാം വിക്കറ്റിൽ കോളിൻ മൺറോ – കെയ്ൻ വില്യംസൻ സഖ്യവും കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ന്യൂസീലൻഡിന് കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. മൺറോ–സീഫർട്ട് സഖ്യം 80 റൺസും മൺറോ–വില്യംസൻ സഖ്യം 55 റണ്‍സുമാണ് സ്കോർബോർഡിൽ ചേർത്തത്. ന്യൂസീലൻഡ് നിരയിൽ ബാറ്റെടുത്തവരെല്ലാം മികച്ച സംഭാവന നൽകിയാണ് മടങ്ങിയത്. ടിം സീഫർട്ട് (25 പന്തിൽ 43), കെയ്ൻ വില്യംസൻ (21 പന്തിൽ 27), കോളിൻ ഗ്രാൻഡ്ഹോം (16 പന്തിൽ 30), ഡാരിൽ മിച്ചൽ (11 പന്തിൽ പുറത്താകാതെ 19), റോസ് ടെയ്‌ലർ (ഏഴു പന്തിൽ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം. ഈ വിജയം നൈസായിട്ട് ഒപ്പിച്ചെടുത്തതല്ലെന്നു ചുരുക്കം!

seifert-munro

ഇന്ത്യൻ താരങ്ങൾ തകർത്തടിച്ചിട്ടും അവസാന ഓവർ വരെ ആത്മവിശ്വാസം ചോരാതെ പന്തെറിഞ്ഞ കിവീസ് ബോളർമാരും വിജയത്തിൽ പങ്ക് അർഹിക്കുന്നു. അതിലേറെ, ഇന്ത്യൻ താരങ്ങൾ ഓട്ടക്കൈകളുമായി നിന്ന അതേ മൈതാനത്ത് ചോരാത്ത കൈകളുമായി നിന്ന ന്യൂസീലൻഡ് ഫീൽഡർമാരും മികച്ചുനിന്നു. ഫലത്തിൽ, അവർ ചോരാതെ ചേർത്തുപിടിച്ച ക്യാച്ചുകളും, പറന്നു തടുത്തിട്ട ബൗണ്ടറികളുമാണ് വിജയം ടീമിന് ഉറപ്പാക്കിയത്.

പിൻകുറിപ്പ്: മൽസരത്തിനു പിന്നാലെ രസകരമായൊരു കണക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു കണ്ടു. ഇന്ത്യൻ നിരയിൽ സീനിയർ താരങ്ങളായ ശിഖർ ധവാൻ, രോഹിത് ശർമ, മഹേന്ദ്ര സിങ് ധോണി എന്നിവർ ചേർന്ന് നേടിയത് 40 പന്തിൽ 45 റൺസാണ്. അതിൽത്തന്നെ കൂടുതലും രോഹിത്തിന്റെ സംഭാവന. താരതമ്യേന പുതുമുഖങ്ങളായ വിജയ് ശങ്കർ–ഋഷഭ് പന്ത്–ഹാർദിക് പാണ്ഡ്യ–ക്രുനാൽ പാണ്ഡ്യ–ദിനേഷ് കാർത്തിക് എന്നിവർ ചേർന്ന് കൂട്ടിച്ചേർത്തത് 80 പന്തിൽ 151 റൺസും! ബാക്കി 12 റൺസ് എക്സ്ട്രാ ഇനത്തിൽ ന്യൂസീലൻഡ് താരങ്ങൾ സമ്മാനിച്ചതാണ്.

ഒന്നുകൂടി. ട്വന്റി20യിൽ ധോണിയുെട 300–ാം മൽസരമാണ് ഇന്നലെ നടന്നത്. ഈ മൽസരത്തിലും ‘ധോണി സ്പർശ’മുള്ള ഒരു സ്റ്റംപിങ് കണ്ടു. ഇക്കുറി ‘ഇരയായത്’ ടിം സീഫർട്ട്. വെറും 0.099 സെക്കൻഡിനുള്ളിലാണ് സീഫർട്ടിനെ സ്റ്റംപു ചെയ്ത ധോണിയുടെ റിയാക്ഷൻ സംഭവിച്ചതത്രേ!

രോഹിത് എന്തുകൊണ്ട് തുടർച്ചയായ മൂന്നാം മൽസരത്തിലും വിജയ് ശങ്കറിന് ബോളിങ്ങിന് അവസരം നൽകിയില്ല എന്ന ചോദ്യവും ബാക്കിനിൽക്കുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA