ADVERTISEMENT

ഹാമിൽട്ടൻ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലും ആരാധകരെ ആവേശത്തിലാഴ്ത്തി സ്റ്റംപിനു പിന്നിൽ ‘ധോണി മാജിക്’. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്, തകർപ്പൻ പ്രകടനവുമായി കളം നിറയുന്നതിനിടെയാണ് ഇന്ത്യയുടെ രക്ഷകനായി ധോണി അവതരിച്ചത്. ഇക്കുറി ‘ഇരയായത്’ ടിം സീഫർട്ടും. വെറും 0.099 സെക്കൻഡിന്റെ റിയാക്ഷനിലാണ് ധോണി സീഫർട്ടിന്റെ കുറ്റി തെറിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തം!

ന്യൂസീലൻഡ് ഇന്നിങ്സിലെ എട്ടാം ഓവറിലാണ് സംഭവം. ബോളിങ് മാറ്റവുമായി എത്തിയ കുൽദീപ് യാദവിന്റെ മൂന്നാം പന്ത് സീഫർട്ടിന്റെ പ്രതിരോധം തകർത്ത് ധോണിയുടെ കൈകളിലേക്ക്. പന്തു കൈക്കലാക്കിയ ധോണി സ്റ്റംപിളക്കിയപ്പോൾ, വിക്കറ്റ് കീപ്പർമാരുടെ ‘പതിവു കലാപരിപാടി’യെന്നേ കരുതിയുള്ളൂ. വിക്കറ്റിനായുള്ള അപ്പീല്‍ കണ്ടപ്പോഴും അതുതന്നെ സ്ഥിതി.

എന്നാൽ, തേർഡ് അംപയറുടെ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായി. പന്ത് പ്രതിരോധിക്കാനായി ആഞ്ഞ സീഫർട്ടിന്റെ കാൽപ്പാദം ലൈനിന് തൊട്ടരികിലായിരുന്നു. പന്ത് ലൈനിനകത്തോ പുറത്തോ എന്ന് തീരുമാനിക്കാനാകാത്ത അവസ്ഥ. നീണ്ട നേരത്തെ പരിശോധനയ്ക്കൊടുവിൽ മൈതാനത്തെ വലിയ സ്ക്രീനിൽ ‘ഔട്ട്’ എന്ന് ചുവന്ന അക്ഷരത്തിൽ തെളിയുമ്പോൾ ഗാലറിയിൽ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. ‘ഇതൊക്കെ എന്ത്’ എന്ന മട്ടിൽ ധോണിയും.

45 പന്തിൽ 80 റൺസ് കൂട്ടിച്ചേർത്ത് ന്യൂസീലൻ‍ഡിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചുവരുമ്പോഴായിരുന്നു സീഫർട്ടിന്റെ പുറത്താകൽ. ധോണി മാജിക്കിൽ പുറത്തായി മടങ്ങുമ്പോഴേയ്ക്കും 25 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും സഹിതം സീഫർട്ട് 43 റൺസ് നേടിയിരുന്നു. 

അതേസമയം, ട്വന്റി20യിൽ ധോണിയുടെ 300–ാം മൽസരമെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്. അതേസമയം, രാജ്യന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 96–ാം മൽസരമാണിത്. ബാക്കി മൽസരങ്ങളെല്ലാം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, പുണെ സൂപ്പർജയിന്റ്സ് ടീമുകൾക്കായാണ്. ട്വന്റി20യിൽ 300 മൽസരം പിന്നിടുന്ന ആദ്യ ഇന്ത്യൻ താരവും ധോണിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com