ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ലുട്ടാപ്പിക്ക് അങ്ങ് ന്യൂസീലൻഡിലുമുണ്ട് പിടി! ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരത്തിനിടെ ഹാമിൽട്ടനിലെ സെഡൻ പാർക്ക് സ്റ്റേഡിയത്തിലാണ് ലുട്ടാപ്പിക്ക് പിന്തുണയർപ്പിച്ച് ബാനർ ഉയർന്നത്. നിതിൻ ചെറിയാൻ, അഭിലാഷ് സെബാസ്റ്റ്യൻ, അർജുൻ ബാലു, മിഥുൻ തോമസ്, അരവിന്ദ് പങ്കജ്, അബിൻ ഡേവിഡ് എന്നിവരടങ്ങിയ ആരാധക സംഘമാണ് ക്രിക്കറ്റ് മൽസരത്തിനിടയിലെ ‘സേവ് ലുട്ടാപ്പി’ കാംപെയിനു പിന്നിൽ.

കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയെ, കഥയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ഇതിന്റെ തുടർച്ചയായാണ് ന്യൂസീലൻഡിലും ലുട്ടാപ്പിക്കായി ബാനർ ഉയർന്നത്.

അതേസമയം, മായാവിക്കും മറ്റുള്ളവർക്കുമൊപ്പം ലുട്ടാപ്പിയും ബാലരമയിൽ തുടരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ബാലരമയുടെ പുതിയ ലക്കത്തിലെ മായാവി ചിത്രകഥാപരമ്പരയിൽ ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രത്തെ ഉൾപ്പെടുത്തിയതോടെയാണ് ലുട്ടാപ്പിയെ ഒഴിവാക്കിയതായി പ്രചാരണം ആരംഭിച്ചത്. ‘മായാവിക്ക് പുതിയ എതിരാളി’ എന്ന നിലയിലാണ് ഡിങ്കിനിയെ അവതരിപ്പിച്ചത്. ഈ ലക്കത്തിൽ ലുട്ടാപ്പി പ്രത്യക്ഷപ്പെട്ടുമില്ല. ഒരു പ്രത്യേക ദൗത്യത്തിനായി ലുട്ടാപ്പി പോയിരിക്കുകയാണെന്നാണു കഥയിൽ പറയുന്നത്.

luttappi-banner-new-zealand-1

ഇതോടെ, മായാവിയുടെ പ്രധാന എതിരാളിയായ ലുട്ടാപ്പിയെ ഒഴിവാക്കുകയാണോ എന്നു സംശയമുന്നയിച്ച് ആയിരക്കണക്കിന് ലുട്ടാപ്പി ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. ‘സേവ് ലുട്ടാപ്പി’ എന്ന പേരിൽ വലിയ പ്രചാരണ പരിപാടികളും അരങ്ങേറി. എന്നാൽ, ലുട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും പ്രത്യേക ദൗത്യം കഴിഞ്ഞ് ലുട്ടാപ്പി അടുത്ത ലക്കത്തിൽ തന്നെ തിരികെ വരുമെന്നും ബാലരമ അണിയറ പ്രവർത്തകർ അറിയിച്ചു. വരുന്ന വെള്ളിയാഴ്ച ഇറങ്ങുന്ന ബാലരമയിൽ കൂടുതൽ ഊർജ്ജസ്വലനായി ലുട്ടാപ്പി ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com