sections
MORE

കാർത്തിക്കിന്റെ ‘സിംഗിൾ തെറ്റ്’ ഇന്ത്യയ്ക്ക് ജയം നിഷേധിച്ചോ? ചേരിതിരിഞ്ഞ് ആരാധകർ

dinesh-karthik
ദിനേഷ് കാർത്തിക് (ഫയൽ ചിത്രം)
SHARE

ഹാമിൽട്ടൻ∙ ‘ഹേയ് കാർത്തിക്, നിങ്ങൾ മഹേന്ദ്രസിങ് ധോണിയാണോ?’ – ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരത്തിനുശേഷം ഇന്ത്യൻ ആരാധകർ ദിനേഷ് കാർത്തിക്കിനു മുന്നിൽ ഉയർത്തിയ ‘ട്രോൾമണ’മുള്ള ചോദ്യം. അവസാന ഓവറുകളിൽ ‘കട്ട ഹീറോയിസം’ പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിക്കാനുള്ള കാർത്തിക്കിന്റെ ശ്രമമാണ് ആരാധകരിൽ ഈ ചോദ്യമുയർത്തിയത്. ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പം അവസാന 28 പന്തിൽ 63 റൺസ് നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറിൽ ‘ധോണി സ്റ്റൈലിൽ’ സിംഗിൾ നിഷേധിച്ച് ക്രീസിൽ തുടർന്ന കാർത്തിക്കിന്റെ പാളിയ തീരുമാനമാണ് എല്ലാറ്റിന്റെയും പശ്ചാത്തലം. ടീമിന്റെ തോൽവിക്കു പിന്നാലെ കാർത്തിക്കിന്റെ ഈ ചെറിയ പിഴവ് ടീമിന്റെ തോൽവിക്ക് കാരണമായെന്നു ചൂണ്ടിക്കാട്ടിയവരിൽ മുൻ താരം സഞ്ജയ് മഞ്ജരേക്കറും പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെയുമുണ്ട്. 

സത്യത്തിൽ മറ്റൊരു ധോണിയാകാൻ വേണ്ട ചേരുവകളെല്ലാം പാകത്തിനുണ്ടായിരുന്നു, ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ദിനേഷ് കാർത്തിക്കിനു മുന്നിൽ. ആവേശം ആകാശമുയരെ നിൽക്കുന്നൊരു ട്വന്റി20 പോരാട്ടം, ഇന്ത്യയ്ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം, അവസാന ഓവറിൽ വിജയത്തിലേക്ക് 16 റണ്‍സ്, തകർത്തടിച്ചാൽ വിജയം ഉറപ്പ്. മഹേന്ദ്രസിങ് ധോണിയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയ ഒരുപിടി മൽസര നിമിഷങ്ങളെ മനസ്സിലേക്ക് എത്തിച്ചു, കാർത്തിക്കിനു മുന്നിലെ ഈ വെല്ലുവിളിയും.

പരമ്പര വിജയികളെ നിർണയിക്കുന്ന നിർണായക മൽസരത്തിന്റെ അതിലും നിർണായകമായ അവസാന ഓവറിൽ പന്തെറിയാനെത്തിയത് ന്യൂസീലൻഡ് നിരയിലെ അനുഭവ സമ്പത്തുള്ള പേസ് ബോളർ ടിം സൗത്തി. ക്രീസിൽ നിന്ന ദിനേഷ് കാർത്തിക്കും ക്രുനാൽ പാണ്ഡ്യയും. 

ആദ്യ പന്തു നേരിടാൻ ക്രീസിലുണ്ടായിരുന്നത് ദിനേഷ് കാർത്തിക് തന്നെ. യോർക്കർ ലെങ്ത് ഡെലിവറിക്കുള്ള സൗത്തിയുടെ ശ്രമത്തിലേക്ക് കാർത്തിക് ആഞ്ഞു ബാറ്റുവീശി. പന്ത് നേരെ ലോങ് ഓണിലേക്ക്. ഇരുവരും രണ്ടു റൺസ് ഓടിയെടുത്തു. വൈഡിന്റെ ‘മണ’മുള്ള രണ്ടാം പന്തിൽ കാർത്തിക്കിന് ഒന്നും ചെയ്യാനായില്ല. അംപയറൊട്ട് വൈഡ് വിളിച്ചുമില്ല. ഇതോടെ നാലു പന്തിൽ വിജയലക്ഷ്യം 14 റൺസ്. മൂന്നാം പന്തിൽ കാർത്തിക് ബാറ്റുവച്ചതിനു പിന്നാലെ ക്രുനാൽ പാണ്ഡ്യ സിംഗിളിനോടിയെങ്കിലും കാർത്തിക് തടഞ്ഞു; വേണ്ട! പഴയ ധോണി ഓർമകളിലേക്ക് ഓടിയെത്തി.

കാർത്തിക്കിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ സിക്സിന്റെ മണമടിച്ചതോടെ ആരാധകരും ആവേശത്തിലായി. എന്നാൽ, നാലാം പന്തിലും ഒരു സിംഗിൾ നേടാനേ ആയുള്ളൂ, കാർത്തിക്കിന്. കടുത്ത നിരാശയോടെ ബാറ്റിൽ ആഞ്ഞടിച്ച് നിരാശ പ്രകടിപ്പിക്കുന്ന താരത്തെ നോക്കി ആരാധകർ അക്കാര്യമോർത്തു – കാർത്തിക് ധോണിയല്ല, കാർത്തിക്കിന് എപ്പോഴും നിദാഹാസ് ആവർത്തിക്കാനുമാകില്ല! അഞ്ചാം പന്തിൽ ക്രുനാലിനും സിംഗിളെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ വിജയലക്ഷ്യം ഒരു പന്തിൽ 12 റൺസ്! അടുത്ത പന്ത് വൈഡെറിഞ്ഞ സൗത്തി വിജയലക്ഷ്യം ഒരു പന്തിൽ 11 റൺസാക്കി ചുരുക്കിത്തന്നു. അടുത്ത പന്തിൽ കാർത്തിക് പടുകൂറ്റൻ സിക്സും നേടി. എന്തുകാര്യം! മൽസരം ഇന്ത്യ നാലു റൺസിനു തോറ്റു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA