ഹാമിൽട്ടൻ∙ ഇതു മുംബൈ വാംഖഡെയോ അതോ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമോ? കൊൽക്കത്ത ഈഡൻ ഗാർഡൻസോ ന്യൂഡൽഹി ഫിറോസ് ഷാ കോട്ലയോ? ന്യൂസീലൻഡിൽ നടന്ന ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ മൽസരങ്ങൾക്ക് സാക്ഷികളായവർ ഒരുനിമിഷമെങ്കിലും ചോദിച്ചുപോയിട്ടുണ്ടാകും, ഈ ചോദ്യം. ഒട്ടേറെ ഇന്ത്യക്കാരുള്ള ന്യൂസീലൻഡിൽ ഇന്ത്യയുടെ ഓരോ മൽസരങ്ങൾക്കും എത്തിയ ആരാധകർ അത്രയ്ക്കായിരുന്നു. മഹേന്ദ്രസിങ് ധോണിയൊക്കെ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ, മുംബൈ വാംഖഡെയിലൊക്കെ കണ്ടിട്ടുള്ള ആവേശമാണ് ഗാലറിയിൽ നുരഞ്ഞുപൊന്തിയത്.
ആദ്യ രണ്ട് മൽസരങ്ങളും ഇരു ടീമുകളും ജയിച്ചതോടെ ഫലത്തിൽ ഫൈനലായി മാറിയ ഹാമിൽട്ടൻ സെഡൻ പാർക്കിലെ മൂന്നാം ട്വന്റി20യിലുമുണ്ടായി, അത്തരം ചില ആവേശ നിമിഷങ്ങൾ. ആരാധകരിലൊരാൾ ആവേശം മൂത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മഹേന്ദ്രസിങ് ധോണിയുടെ സമീപത്തേക്ക് ഓടിയെത്തിയതായിരുന്നു അത്.
എന്നാൽ, ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ ധോണി ആരാധകരെയും ധോണി വിരോധികളെയും ഒരുപോലെ ആകർഷിച്ച സംഭവം അതിനു പിന്നാലെയാണ് മൈതാനത്ത് കണ്ടത്. മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകന്റെ കയ്യിൽ ഒരു ത്രിവർണ പതാകയുമുണ്ടായിരുന്നു. ധോണിയെ കണ്ടതിന്റെ ആവേശത്തിൽ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു വന്ദിക്കുന്നതിനിടെ ഈ ആരാധകൻ ത്രിവർണ പതാക ഒരുവേള നിലത്തിടാൻ ഒരുങ്ങിയതാണ്. എന്നാൽ, ഇന്ത്യൻ ദേശീയ പതാകയുടെ പ്രാധാന്യവും അന്തസ്സും മനസ്സിലുള്ള ധോണി ആരാധകനെ തടയുന്നതിനു മുൻപേ പെട്ടെന്നുതന്നെ ആ പതാക പിടിച്ചുവാങ്ങി.
ആരാധകൻ പതാക നിലത്തിടും മുൻപ് പിടിച്ചുവാങ്ങിയ ധോണിക്ക് മൽസരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. ധോണി ഇന്ത്യൻ ദേശീയതയെ ഉയർത്തിപ്പിടിച്ച നിമിഷമാണ് ഇതെന്നായിരുന്നു ആരാധകരുടെ പക്ഷം. എന്തായാലും സംഭവത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റാണ്.