sections
MORE

ടീമിലെടുത്തില്ല, യുവതാരവും ഗുണ്ടകളും ആക്രമിച്ചു; അമിത് ഭണ്ഡാരിക്ക് പരുക്ക്

amit-bhandari
അമിത് ഭണ്ഡാരി
SHARE

ന്യൂഡൽഹി∙ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപ്റ്റനും നിലവിൽ ഡൽഹി ടീമിന്റെ സിലക്ടറുമായ അമിത് ഭണ്ഡാരിക്ക് യുവതാരത്തിന്റെ നേതൃത്വത്തിൽ ഗുണ്ടകളുടെ മർദ്ദനം. ഡൽഹിയുടെ അണ്ടർ 23 ക്രിക്കറ്റ് ടീം അംഗം കൂടിയായ അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡൽഹി ടീം സിലക്ടറായ ഭണ്ഡാരി, ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ് മൈതാനത്ത് ട്രയൽസിനു മേൽനോട്ടം വഹിക്കുമ്പോഴാണ് മർദ്ദനമേറ്റത്. 2000-04 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങൾ കളിച്ച താരമാണ് അദ്ദേഹം.

ഹോക്കി സ്റ്റിക് ഉൾപ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും ചെവിക്കും പരുക്കേറ്റ ഭണ്ഡാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ 23 ടീമിലേക്കുള്ള 56 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചപ്പോൾ  അനൂജ് ദേധയെ അതിൽ ഉൾപ്പെടുത്താതിരുന്നതാണ് ആക്രമണത്തിനു കാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിനു നേതൃത്വം നൽകിയ അനൂജിനെയും ഗുണ്ടാസംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശർമ വ്യക്തമാക്കി. ടീം തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ക്രിക്കറ്റ് ഭരണവുമായി ബന്ധപ്പെട്ട് സ്ഥിരം അഴിമതി ആരോപണം നേരിടുന്നവരാണ് ഡിഡിസിഎയും അതിന്റെ ഭാരവാഹികളും.

ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ക്രിക്കറ്റിലൂടെ ഇന്ത്യൻ ടീമിലെത്തിയ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ തുടങ്ങിയവർ രംഗത്തെത്തി. ടീമിൽ ഉൾപ്പെടുത്താത്തതിന്റെ പേരിലുള്ള ആക്രമണം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് സേവാഗ് പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഗൗതം ഗംഭീറും വ്യക്തമാക്കി. കുറ്റക്കാരനായ താരത്തിന് ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിൽനിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA