ADVERTISEMENT

ദുബായ്∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഒരു മൽസരം മാത്രമേ കളിച്ചുള്ളൂവെങ്കിലും റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി കുൽദീപ് യാദവ്. ഐസിസി പുതിയതായി പുറത്തിറക്കിയ റാങ്കിങ് പട്ടികയിൽ ട്വന്റി20 ബോളർമാരിൽ കുൽദീപ് രണ്ടാമതെത്തി. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ മാത്രമാണ് കുൽദീപിനു മുന്നിലുള്ളത്. പാക്കിസ്ഥാൻ താരം ഷതബ് ഖാനെ പിന്തള്ളിയാണ് കുൽദീപിന്റെ കുതിപ്പ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ മൂന്നു വിക്കറ്റെടുത്ത പാക്ക് താരം ഇമാദ് വാസിം നാലാം സ്ഥാനത്തെത്തി.

ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നർ മിച്ചൽ സാന്റ്നറും റാങ്കിങ്ങിൽ ആദ്യ പത്തിലെത്തി. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സാന്റ്നർ. പത്താമതുള്ള സാന്റ്നറിനു പുറമെ അദ്ദേഹത്തിന്റെ സ്പിൻ പങ്കാളി ഇഷ് സോധി എട്ടാം സ്ഥാനത്തുണ്ട്. കുൽദീപിനു പുറമെ ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. 17–ാം സ്ഥാനത്തുള്ള യുസ്‌വേന്ദ്ര ചഹലാണ് തൊട്ടടുത്ത റാങ്കിങ്ങിൽ ഉള്ളത്. ഭുവനേശ്വർ കുമാർ 18–ാം റാങ്കിലും കുറച്ചുനാളായി വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്ര 26–ാം റാങ്കിലുമുണ്ട്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാൽ പാണ്ഡ്യ 58–ാം സ്ഥാനത്തെത്തി.

ബാറ്റ്സ്മാൻമാരിൽ ന്യൂസീലൻഡിന്റെ കോളിൻ മൺറോ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പാക്ക് താരം ബാബർ അസം ഒന്നാമതുള്ള പട്ടികയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരൻ പരമ്പരയിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയാണ്, ഏഴാമത്. ടീമിൽ ഇല്ലെങ്കിലും ലോകേഷ് രാഹുൽ 10–ാം സ്ഥാനത്തുണ്ട്. ശിഖർ ധവാൻ (11), വിരാട് കോഹ്‍ലി (19) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. മികച്ച പ്രകടനം നടത്തിയ ഋഷഭ് പന്ത് 86–ാം റാങ്കിലുണ്ട്. ദിനേഷ് കാർത്തിക്കും (94) ആദ്യ നൂറിലുണ്ട്. ടീമുകളിൽ പാക്കിസ്ഥാനു പിന്നിൽ രണ്ടാമതാണ് ഇന്ത്യ. ന്യൂസീലൻഡ് ആകട്ടെ ആറാം സ്ഥാനത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com