ADVERTISEMENT

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരം മഹേന്ദ്രസിങ് ധോണിയായിരിക്കുമെന്ന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്. ക്രിക്ഇൻഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രസാദിന്റെ പരാമർശം. ഓസ്ട്രേലിയ, ന്യൂസീലൻഡ് പര്യടനങ്ങളിലാടി ധോണി ബാറ്റിങ്ങിലും ഫോം വീണ്ടെടുത്ത് സന്തോഷകരമായ കാര്യമാണെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. ഏകദിന കരിയറിലെ നാലാം ലോകകപ്പിനാണ് ഈ വർഷം ജൂലൈയിൽ മുപ്പത്തിയെട്ടു വയസ്സു തികയുന്ന ധോണി തയാറെടുക്കുന്നത്.

‘ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും ധോണി കാഴ്ചവച്ച പ്രകടനത്തിൽ തന്നെ എല്ലാം വ്യക്തമാണ്. തന്റെ സ്വാഭാവികമായ പ്രകടനം പുറത്തെടുക്കാൻ ധോണി തീരുമാനിച്ചിരിക്കുന്നു. ഇതാണ് നമുക്കെല്ലാം അറിയാവുന്ന ധോണി. തന്റെ ഉള്ളിലുള്ള സർവ കരുത്തും ഉപയോഗിച്ച് നിർഭയത്വം മുഖമുദ്രയാക്കിയ ഷോട്ടുകൾ കളിക്കുന്ന ധോണിയെ വീണ്ടും കാണാൻ കഴിഞ്ഞാൽ വളരെ സന്തോഷം. ഇടയ്ക്ക് ലഭിച്ച അവസരങ്ങളുടെ കുറവുകൊണ്ട് നേടിയ റൺസിലും ധോണി പിന്നോക്കം പോയിരിക്കാം. തുടർച്ചയായി കളിക്കാൻ അവസരം ലഭിച്ചപ്പോൾ ധോണി തന്റെ ‘ടച്ച്’ വീണ്ടെടുത്തതാണ് ഓസീസിലും കിവീസിലും നാം കണ്ടത്’ – പ്രസാദ് പറഞ്ഞു.

‘ലോകകപ്പിനു മുൻപ് അദ്ദേഹം ഇനി ഐപിഎല്ലിലും കളിക്കുന്നുണ്ട്. അതായത് ആവേശമേറ്റുന്ന 14–16 മൽസരങ്ങൾ‌ കളിക്കാൻ ധോണിക്ക് ഇനിയും അവസരമുണ്ട്. അതും പ്രധാനപ്പെട്ടതാണ്. ഓസ്ട്രേലിയയിലും ന്യൂസീലൻഡുമായി വീണ്ടെടുത്ത ഫോം നിലനിർത്താൻ ഐപിഎൽ ധോണിയെ സഹായിക്കും. അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ ഞാൻ പൂർണ തൃപ്തനാണ്’ – പ്രസാദ് വ്യക്തമാക്കി.

‘ധോണിയെ സംബന്ധിച്ച് രണ്ടു തലങ്ങൾ പരിഗണിക്കണം. വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും. വിക്കറ്റ് കീപ്പിങ്ങിൽ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ഒരിക്കലും സംശയമുയർന്നിട്ടില്ല. ബാറ്റിങ്ങിന്റെ കാര്യത്തിൽ, ഇടക്കാലത്ത് ഫോം മങ്ങിയത് ചെറിയ ആശങ്കകൾക്ക് കാരണമായിരുന്നു. എങ്കിലും കുറച്ച് മൽസരങ്ങൾ തുടർച്ചയായി കളിച്ചാൽ മാറാവുന്ന പ്രശ്നമേയുള്ളൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഇതെല്ലാ താരങ്ങളുടെയും കരിയറിൽ സംഭവിക്കുന്നതാണ്.’

‘ധോണിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ ഉയർന്നതാണ്. അദ്ദേഹത്തിന്റെ നല്ലകാലത്ത് നാം കണ്ടു പരിചയിച്ച, ഇഷ്ടപ്പെട്ട ആ പഴയ ധോണിയെയാണ് ഇപ്പോഴും നമ്മൾ അദ്ദേഹത്തിൽ തിരയുന്നത്. അതേ ഫോമിൽ കളിക്കാനാകാതെ വരുമ്പോൾ, ധോണി പഴയ ധോണിയല്ല എന്നൊക്കെ നാം ആക്ഷേപിക്കും. അടുത്തിടെ നടന്ന പരമ്പരകൾക്കായി ധോണി നടത്തിയ ഒരുക്കവും പുറത്തെടുത്ത പ്രകടനവും തീർച്ചയായും തൃപ്തികരമാണ്. ധോണിയെപ്പോലുള്ള ഇതിഹാസ താരങ്ങളോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. അവരിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അവർക്കുതന്നെ വ്യക്തമായി അറിയാം. പ്രതീക്ഷയ്ക്കൊത്തുയാരാനാവാതെ വരുമ്പോഴുള്ള നിരാശ ഊഹിക്കാവുന്നതല്ലേയുള്ളൂ’ – പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യൻ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരം ധോണി തന്നെയായിരിക്കും. നായകനൊത്ത നിർദ്ദേശങ്ങൾ നൽകി വിരാട് കോഹ്‍ലിയെ നയിക്കുന്നതിലായാലും യുവതാരങ്ങള്‍ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കാര്യത്തിലായാലും ധോണിക്ക് വലിയൊരു റോൾ വഹിക്കാനുണ്ടെന്നും പ്രസാദ് പറഞ്ഞു.

അടുത്തിടെ നടന്ന രണ്ട് ട്വന്റി20 പരമ്പരകളിൽ (വെസ്റ്റ് ഇൻഡീസിലും ഓസ്ട്രേലിയയ്ക്കും എതിരെ) ധോണിയെ പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും പ്രസാദ് പറഞ്ഞു. ധോണിയോടും ടീം മാനേജ്മെന്റിനോടും സംസാരിച്ച് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതാണ്. ലോകകപ്പിന് മുൻപ് റിസർവ് വിക്കറ്റ് കീപ്പർമാർക്ക് അവസരം നൽകണമായിരുന്നു. അങ്ങനെ ദിനേഷ് കാർത്തിക്കിനും ഋഷഭ് പന്തിനും വിക്കറ്റ് കീപ്പറെന്ന നിലയിൽ കുറച്ചു മൽസരപരിചയം സമ്മാനിക്കുന്നതിനാണ് ധോണിക്കു വിശ്രമം അനുവദിച്ചതെന്ന് പ്രസാദ് വ്യക്തമാക്കി.

ധോണിയുടെ വിരമിക്കൽ ഇതുവരെ ചർച്ചയിൽപോലും വന്നിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പിനു പിന്നാലെ ടീം വിടുന്ന കാര്യത്തെക്കുറിച്ചൊന്നും ഞങ്ങൾ സംസാരിച്ചിട്ടു പോലുമില്ല. ലോകകപ്പിന് സർവ ഊർജവുമെടുത്ത് ഒരുങ്ങുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് ഉചിതമല്ലല്ലോ. ആദ്യം ലോകകപ്പ് കഴിയട്ടെ. ബാക്കി പിന്നീട്’– പ്രസാദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com