ADVERTISEMENT

മുംബൈ∙ ഋഷഭ് പന്ത്, വിജയ് ശങ്കർ, അജിങ്ക്യ രഹാനെ എന്നിവർ ഈ വർഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ളവർ തന്നെയാണെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തിൽ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില ‘മിനുക്കുപണികൾ’ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിക്കു മുൻപ് ടീമുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും തീർപ്പ് വരുത്തുമെന്നും പ്രസാദ് വ്യക്തമാക്കി.

ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, വിജയ് ശങ്കർ എന്നിവർക്ക് ഏകദിന ടീമിൽ സ്ഥാനം പിടിക്കാൻ ഇപ്പോഴും സാധ്യത അവശേഷിക്കുന്നുണ്ടെന്നും പ്രസാദ് പറഞ്ഞു. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ‘സുഖമുള്ളൊരു തലവേദന’യാണ് ഋഷഭ് പന്ത്. ന്യൂസീലൻഡ് പര്യടനത്തിലെ തകർപ്പൻ പ്രകടനത്തിലൂെട ടീമിൽ ഇടംപിടിക്കാനുള്ള അവകാശവാദം വിജയ് ശങ്കറും ഉയർത്തിക്കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള രഹാനെയും സാധ്യതാ പട്ടികയിൽ മുൻപൻ തന്നെ.

‘ലോകകപ്പ് ടീമിൽ സ്ഥാനത്തിനായി മൽസരിക്കുന്നവരിൽ മുന്‍നിരയിലുണ്ട് പന്ത്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ആരോഗ്യകരമായൊരു തലവേദന കൂടിയാകും. വിവിധ ഫോർമാറ്റുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പന്ത് കൈവരിച്ച വളർച്ച വിസ്മയാവഹമാണ്. കുറച്ചുകൂടി പക്വതയും അനുഭവസമ്പത്തും ആർജിച്ചാൽ പന്ത് മികച്ചൊരു താരമാകും. അതുകൊണ്ടാണ് അടുത്തിടെ ഇന്ത്യ എ ടീമിൽ പന്തിനെയും ഉൾപ്പെടുത്തിയത്’ – പ്രസാദ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ വർഷം ഏകദിനത്തിൽ മൂന്നു മൽസരങ്ങളിൽ മാത്രമാണ് പന്ത് കളിച്ചത്. ഇതു മൂന്നും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലായിരുന്നു. അതേസമയം, ടെസ്റ്റിലും ഇന്ത്യ എയ്ക്കായി കളിച്ചപ്പോഴും മികച്ച ഫോമിലായിരുന്നു പന്ത്. ദിനേഷ് കാർത്തിക്കിനൊപ്പം ധോണിയുടെ പകരക്കാരൻ എന്ന നിലയിലായിരുന്നു പന്തിനെ നേരത്തെ കണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ കാർത്തിക് ടീമിൽ ഇടം ഉറപ്പാക്കിക്കഴിഞ്ഞു. ഇതേ മാനദണ്ഡം വച്ച് പന്തിനെയും സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി ടീമിൽ ഉൾപ്പെടുത്താനാകുമോ എന്നതാണ് സിലക്ടർമാർക്കു മുന്നിലുള്ള ചോദ്യം.

ഏതാനും മാസങ്ങൾക്കു മുൻപുവരെ ടീമിൽ സ്ഥാനം ഉറപ്പായിരുന്ന ലോകേഷ് രാഹുൽ അപ്രതീക്ഷിതമായി ഫോം മങ്ങിയതാണ് പന്തിന് ടീമിൽ സാധ്യത ഉയർത്തിയത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം രാഹുൽ ആകെ കളിച്ചിരിക്കുന്നത് മൂന്ന് ഏകദിനങ്ങൾ മാത്രമാണ്. അതും ഇംഗ്ലണ്ട് പര്യടനത്തിൽ. അതിനുശേഷം ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം വിവാദത്തിൽ കുരുങ്ങി സസ്പെൻഷനും വാങ്ങി. രാഹുലിന് ഇപ്പോഴും വാതിൽ അടഞ്ഞിട്ടില്ലെങ്കിലും ഫോം തെളിയിച്ചാൽ മാത്രം തിരിച്ചുവരവു സ്വപ്നം കണ്ടാൽ മതിയെന്നും പ്രസാദ് വ്യക്തമാക്കി.

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ഉജ്വല പ്രകടനത്തോടെ ടീമിൽ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ താരമാണ് വിജയ് ശങ്കർ. വിരാട് കോഹ്‍ലിയുടെ അസാന്നിധ്യത്തിൽ രണ്ടു മൽസരങ്ങളിൽ വൺഡൗണായാണ് വിജയ് ശങ്കർ എത്തിയത്. ഒരു മൽസരത്തിൽ മാത്രം നാലാമനായി. ഹാമിൽട്ടനിൽ മൂന്നാം നമ്പറിൽ ബാറ്റു ചെയ്യാനുള്ള നിർദ്ദേശം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് വിജയ് ശങ്കർ തന്നെ വ്യക്തമാക്കിയിരുന്നു.

15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സിലക്ടർമാർ മനസ്സിൽ കണ്ടിരിക്കുന്ന 20 അംഗ ടീമിലെ നാലാം ഓൾറൗണ്ടറാണ് വിജയ് ശങ്കറെന്ന് പ്രസാദ് വ്യക്തമാക്കി. കിട്ടിയ അവസരങ്ങളിലെല്ലാം ടീമിലെ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന പ്രകടനം വിജയ് പുറത്തെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യ എ ടീമിനൊപ്പം അദ്ദേഹത്തെ നമ്മൾ വളർത്തിയെടുക്കുകയായിരുന്നു. എങ്കിലും 15 അംഗ ടീമില്‍ ഇടംകണ്ടെത്താനുള്ള മല്‍സരത്തിൽ അദ്ദേഹത്തെ എവിടെ ഉൾക്കൊള്ളിക്കുമെന്ന് കണ്ടറിയണമെന്നും പ്രസാദ് പറഞ്ഞു.

മൂന്നാം ഓപ്പണറുടെ സ്ഥാനത്ത് പരിഗണിച്ചിരുന്നവരിൽ ഒന്നാമനായിരുന്ന ലോകേഷ് രാഹുലിന്റെ മങ്ങിയ ഫോമാണ് രഹാനെയെയും ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ പട്ടികയിൽ ഉൾക്കൊള്ളിച്ചത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഏകദിനങ്ങൾ കളിച്ചിട്ടില്ലെങ്കിലും, ഇന്ത്യ എയ്ക്കായി മികച്ച പ്രകടനമാണ് രഹാനെ ഇതുവരെ പുറത്തെടുത്തത്. 11 ഇന്നിങ്സുകളിൽനിന്ന് 74.62 റൺസ് ശരാശരിയിൽ നേടിയത് 597 റൺസ്. രണ്ടു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. ഇംഗ്ലണ്ട് ലയൺസിനെതിരെ തിരുവനന്തപുരത്ത് നടന്ന അനൗദ്യോഗിക ഏകദിന പരമ്പരയിലാണ് അതിൽ രണ്ടെണ്ണം പിറന്നത്. അതേസമയം, ഈ 11 ഇന്നിങ്സിലുമായി രഹാനെയുടെ സ്ട്രൈക്ക് റേറ്റ് 77.83 മാത്രമാണ്. ഇതിൽ ഒരു ഇന്നിങ്സിൽ പോലും ബോളിനേക്കാൾ റൺസ് നേടാൻ രഹാനെയ്ക്ക് സാധിച്ചുമില്ല. ബാറ്റിങ്ങിലെ ഈ മെല്ലെപ്പോക്കു തന്നെയാണ് കഴിഞ്ഞ വർഷം ടീമിൽനിന്നു രഹാനെയ്ക്കു പുറത്തേക്കു വഴികാട്ടിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com