ADVERTISEMENT

ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന് വ്യാജ വാർത്ത. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായതോടെ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റെയ്ന നേരിട്ട് രംഗത്തെത്തി. ഗുരുതരമായി പരുക്കേറ്റ റെയ്ന പിന്നീട് മരണത്തിനു കീഴടങ്ങിയെന്നും പ്രചാരണം വന്നതോടെയാണ് രോഷപ്രകടനവുമായി താരം രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വ്യാജപ്രചാരണങ്ങളോട് റെയ്ന പ്രതികരിച്ചത്.

യൂട്യൂബിൽ ഉൾപ്പെടെ റെയ്ന മരിച്ചതായി വിഡിയോകള്‍ പ്രചരിച്ചിരുന്നു. താരങ്ങളോടൊപ്പമുള്ള റെയ്നയുടെ ചില ചിത്രങ്ങളും വ്യാജവാർത്തയ്ക്ക് വിശ്വാസ്യത പകരാനായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് റെയ്ന നേരിട്ട് പ്രതികരണവുമായി എത്തിയത്.

‘ഒരു കാറപകടത്തിൽ എനിക്കു പരുക്കേറ്റതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വ്യാജവാർത്ത പ്രചരിക്കുന്നുണ്ട്. ഈ തട്ടിപ്പു വാർത്ത നിമിത്തം എന്റെ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥരാണ്. ഇത്തരം വാർത്തകൾ ദയവു ചെയ്ത് അവഗണിക്കുക. ദൈവത്തിന്റെ കൃപയാൽ ഞാൻ സുഖമായിരിക്കുന്നു. വ്യാജപ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകളുടെ കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കാൻ ഒരുങ്ങുമ്പോഴാണ് റെയ്നയെക്കുറിച്ച് വ്യാജവാർത്ത പ്രചരിക്കുന്നത്. മാർച്ച് 23–നാണ് ഐപിഎല്ലിന്റെ 12–ാം പതിപ്പിനു തുടക്കമാകുന്നത്. ഇക്കഴിഞ്ഞ ര‍ഞ്ജി ട്രോഫിയിലും റെയ്ന കളിച്ചിരുന്നു.

raina-fake-news
റെയ്ന മരിച്ചെന്നു പ്രചരിപ്പിക്കുന്ന വ്യാജ വിഡിയോകളിൽ ചിലത്.

ജീവിച്ചിരിക്കെ ഇത്തരത്തിൽ ‘കൊല്ലപ്പെടുന്ന’ ആദ്യത്തെ ക്രിക്കറ്റ് താരമല്ല റെയ്ന. മുൻപ് ന്യൂസീലൻഡ് ക്രിക്കറ്റ് താരം നേഥൻ മക്കല്ലം കൊല്ലപ്പെട്ടതായി ഫെയ്സ്ബുക്കിലൂടെ ഒരു ഫാൻ ഗ്രൂപ്പ് പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു അത്. സംഭവം കൈവിട്ടതോടെ നേഥൻ മക്കല്ലത്തിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ട്വിറ്ററിലൂടെ ക്രിക്കറ്റ് താരം കൂടിയായ സഹോദരൻ ബ്രണ്ടൻ മക്കല്ലം രംഗത്തെത്തിയിരുന്നു. ‘മരണ വാർത്ത’ അറിയുമ്പോൾ നേഥൻ വിമാനത്തിലായിരുന്നുവെന്നും ആകെ തകർന്നുപോയെന്നും ബ്രണ്ടൻ ട്വീറ്റ് ചെയ്തിരുന്നു.

അതിനു മുൻപ് 2018 ജൂലൈയിൽ മുൻ പാക്കിസ്ഥാൻ ഓള്‍റൗണ്ടർ അബ്ദുൽ റസാഖ് വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെ തനിക്കു യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റസാഖ് നേരിട്ട് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com