ADVERTISEMENT

നാഗ്പുർ∙ മുൻനിര ശോഭിച്ചില്ലെങ്കിലും ‘വാലിൽക്കുത്തി’ എഴുന്നേൽക്കുന്ന പതിവ് രഞ്ജി ട്രോഫി ചാംപ്യൻമാരായ വിദർഭ കൈവിട്ടില്ല. കരിയറിലെ ആദ്യ സെഞ്ചുറി ഇറാനി ട്രോഫിക്കായി ‘കാത്തുവച്ച’ അക്ഷയ് കർനേവാറിന്റെ മികവിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ വിദർഭയ്ക്ക് 95 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. റെസറ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 330 റൺസ് പിന്തുടർന്ന വിദർഭ, 425 റൺസിന് പുറത്തായി. കന്നി സെഞ്ചുറി നേടിയ കർനേവാർ 102 റൺസെടുത്തു പുറത്തായി.

ഒരു ഘട്ടത്തിൽ ആറിന് 226 റൺസ് എന്ന നിലയിലായിരുന്ന വിദർഭയ്ക്ക്, ഏഴാം വിക്കറ്റിൽ അക്ഷയ് വാഡ്കറും കർനേവാറും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 79 റൺസ് കൂട്ടുകെട്ടാണ് കരുത്തായത്. 139 പന്തിൽ 14 ബൗണ്ടറി സഹിതം 73 റൺസുമായി വാഡ്കർ പുറത്തായെങ്കിലും വഖാരെയെ കൂട്ടുപിടിച്ച് പോരാട്ടം തുടരുന്ന കർനേവാർ തുടർച്ചയായ രണ്ടാം അർധസെഞ്ചുറി കൂട്ടുകെട്ട് (76) തീർത്ത് വിദർഭയ്ക്ക് ലീഡ് സമ്മാനിച്ചു. 10–ാം വിക്കറ്റിൽ 39 റൺസിന്റെ കൂട്ടുകെട്ട് തീർത്ത രജനീഷ് ഗുർബാനി–യാഷ് താക്കൂർ സഖ്യമാണ് അവരുടെ സ്കോർ 400 കടത്തിയത്.

ക്യാപ്റ്റൻ ഫയ്സ് ഫസൽ (27), സഞ്ജയ് രാമസ്വാമി (65), ആദിത്യ ടായ്ഡെ (15), ഗണേഷ് സതീഷ് (48), മോഹിത് കാലെ (ഒന്ന്), ആദിത്യ സർവാതെ (18), അക്ഷയ് വഖാരെ (20), യാഷ് താക്കൂർ (10) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. രജനീഷ് ഗുർബാനി 28 റൺസുമായി പുറത്താകാതെ നിന്നു. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി രാഹുൽ ചഹാൽ നാലും കൃഷ്ണപ്പ ഗൗതം, ധർമേന്ദ്ര ജഡേജ, അങ്കിത് രാജ്പുട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.‌

നേരത്തെ, ഹനുമ വിഹാരിയുടെ സെഞ്ചുറിയുടെയും മായങ്ക് അഗർവാളിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 330 റൺസ് നേടിയത്. വിഹാരി 211 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 114 റൺസും അഗർവാൾ 134 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 95 റൺസുമെടുത്തു. അൻമോൽപ്രീത് സിങ് (15), അജിങ്ക്യ രഹാനെ (13), ശ്രേയസ് അയ്യർ (19), ഇഷാൻ കിഷൻ (രണ്ട്), കൃഷ്ണപ്പ ഗൗതം (ഏഴ്), ധർമേന്ദ്ര ജഡേജ (ആറ്), രാഹുൽ ചഹാർ (45 പന്തിൽ 22), അങ്കിത് രജ്പുട്ട് (25) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. തൻവീർ ഉൾ ഹഖ് (പൂജ്യം) പുറത്താകാതെ നിന്നു. വിദർഭയ്ക്കായി ആദിത്യ സർവാതെ, അക്ഷയ് വഖാരെ എന്നിവർ മൂന്നും രജനീഷ് ഗുർബാനി രണ്ടും യാഷ് താക്കൂർ, കർനേവാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com