ADVERTISEMENT

മൈസൂരു∙ ഇന്ത്യ എയ്ക്കെതിരായ രണ്ടാം ചതുർദിന മൽസരത്തിൽ ഇംഗ്ലണ്ട് ലയൺസിന് ഫോളോ ഓൺ. ബംഗാൾ താരം അഭിമന്യൂ ഈശ്വരന്റെ സെഞ്ചുറിയുടെയും സീനിയർ ടീം അംഗമായ ലോകേഷ് രാഹുലിന്റെ അർധസെഞ്ചുറിയുടെയും കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 392 റൺസെടുത്ത ഇന്ത്യ എയ്ക്കെതിരെ ഇംഗ്ലണ്ട് ലയൺസ് 140 റൺസിനു പുറത്തായി. 252 റൺസിന്റെ കൂറ്റൻ ലീഡുവഴങ്ങി ഫോളോ ഓൺ ചെയ്ത ഇംഗ്ലണ്ട് ലയൺസ്, രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെടുത്തിട്ടുണ്ട്.

ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ തകർന്നടിഞ്ഞാണ് ഇംഗ്ലണ്ട് ലയൺസ് ഒന്നാം ഇന്നിങ്സിൽ 140 റൺസിനു പുറത്തായത്. ഇന്ത്യയ്ക്കായി ഷഹബാസ് നദീം, നവ്ദീപ് സെയ്നി എന്നിവർ മൂന്നു വിക്കറ്റ് വീതം പിഴുതു. രഞ്ജിയിൽ കേരളത്തിനു കളിക്കുന്ന ജലജ് സക്സേന, വരുൺ ആരോൺ എന്നിവർ രണ്ടു വിക്കറ്റ് വീതം പിഴുതു. 10 ഓവറിൽ 10 റൺസ് മാത്രം വഴങ്ങിയാണ് ജലജ് രണ്ടു വിക്കറ്റെടുത്തത്. ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 228 റൺസ് പിന്നിലാണ് സന്ദർശകർ.

25 റൺസെടുത്ത വിക്കറ്റ് കീപ്പർ വിക്കറ്റ് കീപ്പർ ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മാക്സ് ഹോൾഡൻ (19), ബെൻ ഡക്കറ്റ് (15), സറ്റീവൻ മുല്ലനി (19), ലൂയിസ് ഗ്രിഗറി (11), ഡോമിനിക് ബെസ് (16), ടോം ബെയ്‍ലി (പുറത്താകാതെ 13) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്. ക്യാപ്റ്റൻ സാം ബില്ലിങ്സ് 14 പന്തിൽ അഞ്ചു റൺസെടുത്ത് പുറത്തായി. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ലയൺസ്. ഓപ്പണർമാരായ മാക്സ് ഹോൾഡൻ (അഞ്ച്), ബെൻ ഡക്കറ്റ് (13) എന്നിവർ ക്രീസിൽ.

നേരത്തെ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ എയ്ക്ക് 110 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമായി. കരുൺ നായർ തലേന്നത്തെ അതേ സ്കോറിൽ പുറത്തായെങ്കിലും വിക്കറ്റ് കീപ്പർ കെ.എസ്. ഭരതിന്റെ (53) ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വാലറ്റത്ത് ഷഹബാസ് നദീം (11), മായങ്ക് മാർക്കണ്ഡെ (11), വരുൺ ആരോൺ (16) എന്നിവരും ശ്രദ്ധേയമായ സംഭാവനകൾ നൽകി. നവ്ദീപ് സെയ്നി ഏഴു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാക് ചാപ്പൽ നാലും ഡാനി ബ്രിഗ്സ് മൂന്നു വിക്കറ്റും വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com