ADVERTISEMENT

കറാച്ചി∙ ലോകകപ്പ് വേദികളിൽ ഇന്ത്യയ്ക്കു മുന്നിൽ പതറുന്നവരെന്ന പാക്കിസ്ഥാന്റെ ചീത്തപ്പേര് മാറ്റാൻ ഇത്തവണത്തെ ടീമിനു സാധിക്കുമെന്ന പ്രഖ്യാപനവുമായി മുൻ പാക്കിസ്ഥാൻ നായകൻ മോയിൻ ഖാൻ രംഗത്ത്. ഇംഗ്ലണ്ടിൽ നടക്കുന്ന ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ജൂൺ 16ന് ഓൾഡ് ട്രാഫോഡിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന മോയിൻ ഖാന്റെ പ്രവചനം. ഇതുവരെ ആറു തവണ ലോകകപ്പ് വേദികളിൽ മുഖാമുഖമെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് സാധിച്ചിട്ടില്ല.

‘ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീം ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്കെതിരെ ആദ്യ വിജയം കുറിക്കാൻ പ്രാപ്തിയുള്ളവരാണ്. ഈ ടീമിൽ പ്രതിഭയുള്ള താരങ്ങൾ ഒരുപിടിയുണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും നല്ല ആഴവും വൈവിധ്യവുമുണ്ട്. മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിൽ സർഫ്രാസ് അഹമ്മദ് ടീമിനെ ഒന്നാക്കി മാറ്റിയിട്ടുമുണ്ട്’ – മോയിൻ ഖാൻ ജിടിവി ന്യൂസ് ചാനലിനോടു പറഞ്ഞു.

ആവേശം ആകാശം തൊട്ട ഒട്ടേറെ ഇന്ത്യ–പാക്ക് മൽസരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് മോയിൻ ഖാൻ. പാക്കിസ്ഥാൻ കിരീടം നേടിയ 1992 ലോകകപ്പിലും പിന്നീട് 1999 ലോകകപ്പിലും മോയിൻ പാക് ടീം അംഗമായിരുന്നു. ഇത്തവണയും കപ്പുയർത്താനുള്ള കഴിവ് പാക്കിസ്ഥാനുണ്ടെന്നും മോയിൻ ഖാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ഇത്തവണ ലോകകപ്പ് സാധ്യതകളിൽ പാക്കിസ്ഥാൻ മുന്നിലുണ്ടെന്ന് ഞാൻ വെറുതെ പറയുന്നതല്ല. രണ്ടു വർഷം മുൻപ് ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം ചൂടിയത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യരായ ഒരുപിടി പുത്തൻ താരങ്ങൾ ഇപ്പോൾ പാക്കിസ്ഥാൻ നിരയിലുണ്ട്’ – മോയിൻ ഖാൻ ചൂണ്ടിക്കാട്ടി.

‘ഇത്തവണത്തെ ലോകകപ്പ് എല്ലാംകൊണ്ടും ആവേശമേറ്റുന്നതായിരിക്കും. ഇന്ത്യ–പാക് പോരാട്ടത്തിൽ പാക്കിസ്ഥാൻ ജയിക്കാനാണ് സാധ്യത. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പൻമാർക്കെതിരെ ഏകദിനങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് പാക് ടീം ലോകകപ്പിനെത്തുക’ – മോയിൻ ഖാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com