ADVERTISEMENT

ന്യൂഡൽഹി∙ ‘സിക്സ് അടിക്കാമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ സാധിച്ചില്ല’ – ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മൽസരത്തിൽ ക്രുനാൽ പാണ്ഡ്യയെ സിംഗിളിന് അനുവദിക്കാതെ മടക്കി അയച്ചതിനെക്കുറിച്ച് ദിനേഷ് കാർത്തിക്കിന്റെ പ്രതികരണം. മൂന്നാം ട്വന്റി20യിൽ 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് വിജയത്തിലേക്ക് അവസാന ഓവറിൽ വേണ്ടിയിരുന്നത് 16 റൺസായിരുന്നു. എന്നാൽ, ക്രീസിലുണ്ടായിരുന്ന ദിനേഷ് കാർത്തിക്–ക്രുനാൽ പാണ്ഡ്യ സഖ്യത്തിന് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൽസരം നാലു റൺസിനു തോറ്റ ഇന്ത്യ പരമ്പരയും കൈവിട്ടു.

അതേസമയം, അവസാന ഓവറിൽ ഉറപ്പായിരുന്ന സിംഗിൾ ഓടാതെ ക്രുനാൽ പാണ്ഡ്യയെ മടക്കി അയച്ച ദിനേഷ് കാർത്തിക്കിനെ കുറ്റപ്പെടുത്തിയും ഒരുകൂട്ടം ആരാധകർ രംഗത്തെത്തിയിരുന്നു. ക്രീസിൽനിന്ന് അടുത്ത പന്തിൽ വമ്പനടിക്കു ശ്രമിച്ചെങ്കിലും ഒരു റൺ നേടാനേ കാർത്തിക്കിനു കഴിഞ്ഞുള്ളൂ. ഇതോടെ മൽസരത്തിൽ ഇന്ത്യയുടെ ശേഷിച്ച സാധ്യതകളും അവസാനിച്ചു. ഒടുവിൽ മൽസരം കൈവിട്ടുവെന്ന് ഉറപ്പായ ഘട്ടത്തിൽ അവസാന പന്ത് സിക്സ് അടിച്ചെങ്കിലും തോൽവിഭാരം കുറയ്ക്കാനെ ഇത് ഉപകരിച്ചുള്ളൂ. 

‘ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിൽനിന്ന് ഞാനും ക്രുനാലും ഇന്ത്യയെ മികച്ച രീതിയിൽ കൊണ്ടുവന്നതാണ്. ന്യൂസീലൻഡ് ബോളർമാർക്ക് സമ്മർദ്ദം സമ്മാനിക്കുന്ന തലം വരെ മൽസരമെത്തുകയും ചെയ്തു. വിജയം പിടിക്കാൻ പരമാവധി ശ്രമിച്ചതാണ്. ക്രുനാലിനോട് സിംഗിൾ ഓടേണ്ട എന്നു പറഞ്ഞതിനു ശേഷം അടുത്ത പന്ത് സിക്സ് അടിക്കാമെന്നായിരുന്നു എന്റെ മനസ്സിൽ. സാധിച്ചില്ല’ – കാർത്തിക് പറഞ്ഞു.

കഴിഞ്ഞ നിദാഹാസ് ട്രോഫിയിൽ ഉൾപ്പെടെ ഇന്ത്യയ്ക്കായി അവസാന ഓവറുകളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കാർത്തിക്, ഇന്ത്യയുടെ മികച്ച ഫിനിഷർമാരിൽ ഒരാളായി മാറിയിരുന്നു. എന്നാൽ, ഹാമിൽട്ടനിൽ നടന്ന മൂന്നാം ട്വന്റി20യിൽ ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പം ചേർന്ന് 28 പന്തിൽ 63 റൺസടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.

‘മധ്യനിര ബാറ്റ്സ്മാനെന്ന നിലയിൽ സമ്മർദ്ദ ഘട്ടങ്ങളിൽ വലിയ ഷോട്ടുകൾ കളിക്കാനുള്ള നമ്മുടെ കഴിവിനെ പതിവിലുമധികം വിശ്വസിക്കേണ്ടിവരും. അതേസമയം, നമുക്കൊപ്പമുള്ള താരത്തെയും വിശ്വാസത്തിലെടുക്കണം. അന്ന് എനിക്ക് ചില പിഴവുകൾ പറ്റി. കളിയിൽ ഇതെല്ലാം സാധാരണമാണ്’ – കാർത്തിക് പറഞ്ഞു.

‘ചില ദിവസങ്ങളിൽ നിർണായക സമയത്ത് ബൗണ്ടറി കണ്ടെത്താൻ നമുക്കു കഴിയും. മറ്റു ചില ദിവസങ്ങളിൽ ബോളർമാർ കുറച്ചുകൂടി മികച്ചുനിൽക്കും. അന്നത്തെ മൽസരത്തിൽ ടിം സൗത്തിക്കാണ് വിജയത്തിന്റെ ക്രെഡിറ്റ്. സമ്മർദ്ദ ഘട്ടത്തിലും മികച്ച രീതിയിൽ യോർക്കറുകൾ പരീക്ഷിക്കാൻ അദ്ദേഹത്തിനു സാധിച്ചു. സൗത്തിയിൽനിന്ന് ഒരു പിഴവു വന്നിരുന്നെങ്കിൽ നമ്മൾ ജയിച്ചേനെയെന്ന് എനിക്കുറപ്പുണ്ട്’ – കാർത്തിക് ചൂണ്ടിക്കാട്ടി.

ക്രുനാൽ പാണ്ഡ്യയ്ക്ക് സിംഗിൾ നിഷേധിച്ച സംഭവത്തിൽ ടീം മാനേജ്മെന്റിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കാർത്തിക്കിന്റെ മറുപടി ഇങ്ങനെ:

‘അന്നത്തെ അവസ്ഥയെക്കുറിച്ചും സിംഗിൾ നിഷേധിക്കാനുണ്ടായ കാരണത്തെക്കുറിച്ചും എല്ലാവർക്കും വ്യക്തമായി അറിയാവുന്നതാണല്ലോ. മാത്രമല്ല, മൽസരം ജയിപ്പിക്കാൻ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിക്കുകയും ചെയ്തു. അന്ന് ഞങ്ങളുടെ ദിവസമായിരുന്നില്ല. ടീം മാനേജ്മെന്റിന് ഇതെല്ലാം മനസ്സിലാകുന്നതല്ലേയുള്ളൂ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com