ADVERTISEMENT

കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകകപ്പ് ഇതാ പടിവാതിൽക്കലെത്തി. ഇംഗ്ലണ്ടും വെയ്ൽസും ആതിഥ്യം വഹിക്കുന്ന 12–ാം ലോകകപ്പിന് ഇനി 100 നാൾ മാത്രം. മേയ് 30ന് ഓവലിൽ ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക മൽസരത്തോടെ കൊടിയേറുന്ന ആവേശപ്പൂരത്തിന് ജൂലൈ 14ന് ലോർഡ്സിൽ കൊടിയിറക്കം. ഇന്ത്യയുടെ മുൻനായകൻ എം.എസ്. ധോണിയടക്കമുള്ള വെറ്ററൻ താരങ്ങളുടെ വിടവാങ്ങലിനു കൂടി അരങ്ങാകുന്ന ടൂർണമെന്റിൽ ആകെ 11 വേദികൾ, 48 മൽസരങ്ങൾ.

ഓർമയില്ലേ, ആ നിമിഷങ്ങൾ– 2011 ഏപിൽ 2. വാങ്കഡെ സ്റ്റേഡിയത്തിന്റെ ഹൃദയത്തിൽനിന്ന് മുംബൈ മഹാനഗരത്തിന്റെ ആകാശത്തിലേക്ക് എം.എസ്. ധോണി അടിച്ചുപറത്തിയ പന്തിലേക്ക് നമ്മളെല്ലാം നിർന്നിമേഷം നോക്കിനിന്ന നിമിഷം!. പിന്നീട്, രാവുറങ്ങിയിട്ടും ഉണർന്നിരുന്നു ലോകം ജയിച്ചവരെപ്പോലെ ആഘോഷിച്ച മണിക്കൂറുകൾ!

1983 ജൂൺ 25. പുണ്യമൈതാനമായ ലോർ‍ഡ്സിന്റെ ബാൽക്കണിയിൽ, അഭിമാനസ്മിതവുമായി കപിൽദേവ് ലോകകിരീടം നെഞ്ചോടുചേർത്ത നാൾ. ഇന്ത്യയുടെ കായികചരിത്രം തന്നെ തിരുത്തിക്കുറിച്ച ആ മുഹൂർത്തം ഓർത്തെടുക്കുമ്പോൾ, രോമാഞ്ചം കൊണ്ട് പൂത്തുലഞ്ഞു പോകാറില്ലേ?

ഇതാ, അതേ ആവേശം തിരിച്ചുപിടിക്കാൻ സമയമായിരിക്കുന്നു. ലോകകിരീടം ഒരിക്കൽക്കൂടി ഇന്ത്യയിലെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതാണ് അവസരം. ക്രിക്കറ്റിന്റെ ജൻമനാട്ടിൽ അഞ്ചാം തവണ വിരുന്നെത്തുന്ന ലോകകപ്പിൽ അതിന് സാധ്യത ഏറെ.

ഇംഗ്ലണ്ടും ഇന്ത്യയും

സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനാണ് വിദഗ്ധരും വാതുവയ്പുകാരും നേരിയ മുൻതൂക്കം നൽകുന്നത്. ഇംഗ്ലണ്ടിന് എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ അത് ഇന്ത്യയാണെന്നും അവർ പ്രവചിക്കുന്നു. വൻമൽസരങ്ങളിൽ വീണുപോകുന്നവരെന്ന ചീത്തപ്പേരുള്ള ദക്ഷിണാഫ്രിക്ക, കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡ്, 2017 ചാംപ്യ‍ൻസ് ട്രോഫി ജേതാക്കളായ പാക്കിസ്ഥാൻ എന്നീ ടീമുകളും സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്.

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ ഫോം ആശാവഹമല്ലെങ്കിലും, വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തുന്നതോടെ മുറിവേറ്റ സിംഹത്തെപ്പോലെ അപകടകാരികളാകും അവർ.

ഓർത്തുവയ്ക്കാം, ജൂൺ 16

ജൂൺ 5ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. പക്ഷേ, പിരിമുറുക്കം കൂട്ടുന്ന കാത്തിരിപ്പ് മറ്റൊരു പോരാട്ടത്തിനു വേണ്ടി. ജൂൺ 16നു നടക്കുന്ന ഇന്ത്യ–പാക്ക് മൽസരം ഇരു ടീമുകൾക്കും മറ്റൊരു ഫൈനൽ പോലെയാകും. ലോകകപ്പിൽ പരസ്പരം കളിച്ച ആറു തവണയും ചിരവൈരികളെ കീഴടക്കിയ ഇന്ത്യയ്ക്കാണ് മേൽക്കൈ. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഓൾഡ് ട്രാഫഡിലെ പോരാട്ടത്തിൽ വീറും വാശിയും കൂടും. 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനിൽനിന്നേറ്റ തോൽവിക്കു കണക്കു തീർക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് ഈ മത്സരം.

ബൈ ബൈ  മഹി!

വിസ്മയ പ്രകടനങ്ങളിലൂടെ ആരധകരെ കോരിത്തരിപ്പിച്ച ഒരു പിടി സൂപ്പർതാരങ്ങളുടെ വിടവാങ്ങൽ അരങ്ങു കൂടിയാകും ഈ എം.എസ്. ധോണിയെ ടീം ഇന്ത്യയുടെ നീല ജഴ്സിയിൽ കാണാനാകുന്ന അവസാന അവസരമായേക്കും ഈ ടൂർണമെന്റ്. അഞ്ചാം ലോകകപ്പിന് തയാറെടുക്കുന്ന വിൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ ഈ ലോകകപ്പിനു ശേഷം വിരമിക്കുമെന്നു പ്രഖ്യാപിച്ചു കഴി‍ഞ്ഞു.

റൗണ്ട് റോബിൻ, പിന്നെ നോക്കൗട്ട്

10 ടീമുകൾ ഓരോ തവണ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിനും പിന്നീട് സെമിയും ഫൈനലുമടങ്ങുന്ന നോക്കൗട്ടുമാണ് മൽസരകമം. റൗണ്ട് റോബിനിൽ‍ മുന്നിലെത്തുന്ന 4 ടീമുകളാണ് സെമിയിൽ കടക്കുക. മൊത്തം 48 മൽസരങ്ങൾ.2011, 2015 ലോകകപ്പുകളിൽ 14 ടീമുകൾ രണ്ടു ഗ്രൂപ്പുകളായി മൽസരിച്ച ശേഷമായിരുന്നു നോക്കൗട്ട് ഘട്ടം.

ആതിഥേയരായ ഇംഗ്ലണ്ടും 2017 സെപ്റ്റംബർ 30ന് ഏകദിന റാങ്കിങ്ങിൽ മുന്നിലുള്ള 7 ടീമുകളും നേരിട്ടു യോഗ്യത നേടി. അഫ്ഗാനിസ്ഥാനും വെസ്റ്റ്ഇൻഡീസും യോഗ്യതാമൽസരത്തിലൂടെയാണ് സ്ഥാനം ഉറപ്പാക്കിയത്.

ടെസ്റ്റ് പദവിയുള്ള മുഴുൻ ടീമുകളും ഇല്ലാത്ത ആദ്യ ലോകകപ്പാണിത്. 2017ൽ അയർലൻഡും അഫ്ഗാനിസ്ഥാനും യോഗ്യത നേടിയതോടെ 12 രാജ്യങ്ങൾക്ക് ടെസ്റ്റ് പദവിയുണ്ട്. യോഗ്യതാമൽസരത്തിൽ പുറത്തായതോടെ അയർലൻഡും സിംബാബ്‍വെയും ലോകകപ്പിനു വെളിയിലായി. അസോഷ്യേറ്റ് പദവിയുള്ള ഒരു രാജ്യവും യോഗ്യത നേടാത്ത ആദ്യ ലോകകപ്പുമാണിത്.

കപിലിന്റെ ചെകുത്താൻമാരുടെ നേട്ടത്തിന് 36 വയസ്സ് തികയുകയാണ് ജൂൺ 25ന്. ഇന്ത്യയ്ക്ക് കളിയില്ലാത്ത അന്ന് ലോർഡ്സിൽ ഇംഗ്ലണ്ട്– ഓസ്ട്രേലിയ പോരാട്ടമാണ്. 19 ദിവസം കൂടി കഴിഞ്ഞ് ലോർ‍ഡ്സിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുണ്ടാകുമെന്നു തന്നെയാകും ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷ.

പങ്കെടുക്കുന്ന ടീമുകൾ

ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻ‍ഡ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റ്ഇൻഡീസ്.

മൽസര വേദികൾ

ലോർഡ്സ്(ലണ്ടൻ), ഓവൽ(ലണ്ടൻ), ഓൾഡ് ട്രാഫഡ്(മാഞ്ചസ്റ്റർ), എജ്ബാസ്റ്റൻ(ബർമിങ്ങാം), ബ്രിസ്റ്റൾ കൗണ്ടി ഗ്രൗണ്ട്(ബ്രിസ്റ്റൾ), സോഫിയ ഗാർഡൻസ്(കാർഡിഫ്), റിവർസൈഡ് ഗ്രൗണ്ട്(ചെസ്റ്റർ ലെ സ്ട്രീറ്റ്), ട്രെന്റ്ബ്രിജ്(നോട്ടിങ്ങാം), റോസ്ബൗൾ(സതാംപ്ടൻ), ഹെ‍ഡിങ്‍ലി(ലീഡ്സ്), കൗണ്ടി ഗ്രൗണ്ട്( ടോണ്ടൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com