ADVERTISEMENT

ദുബായ്∙ മേയ് അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ ആവേശപ്പോരാട്ടങ്ങളിലൊന്നായ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന ആത്മവിശ്വാസത്തിൽ ഐസിസി. ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൽസരത്തെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം നിർത്തിവച്ചിരിക്കുന്ന ഇന്ത്യ, ലോകകപ്പിലും പാക്കിസ്ഥാനുമായുള്ള മൽസരത്തിൽനിന്ന് പിൻമാറുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഇന്ത്യ ലോകകപ്പിൽ പാക്കിസ്ഥാനുമായി കളിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർഭജൻ സിങ് ഉൾപ്പെടെയുള്ള മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഈ വർഷത്തെ ഏകദിന ലോകകപ്പിലെ ഗ്ലാമർ പോരാട്ടമാണ് ഇന്ത്യ–പാക്കിസ്ഥാൻ മൽസരം. ഈ മൽസരത്തിന്റെ ടിക്കറ്റുകൾക്ക് ജൂലൈ 14ന് നടക്കുന്ന ഫൈനലിനെപ്പോലും വെല്ലുന്ന തരത്തിലാണ് ആവശ്യക്കാരെത്തിയത് എന്നതുതന്നെ പോരാട്ടച്ചൂട് വ്യക്തമാക്കുന്നു. 25,000 പേർക്കു മാത്രം കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ ടിക്കറ്റിനായി നാലു ലക്ഷം അപേക്ഷകളാണ് ലോകകപ്പ് സംഘാടക സമിതിക്കു ലഭിച്ചത്. ഫൈനലിനു പോലും 2,70,000 അപേക്ഷ ലഭിച്ച സ്ഥാനത്താണിത്.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു ക്രിക്കറ്റ് ബോർഡുകളും ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും അസ്വാരസ്യങ്ങൾ പരസ്യമായ രഹസ്യമാണ്. ജൂണിൽ നടക്കുന്ന മൽസരത്തെക്കുറിച്ച് ഇപ്പോൾത്തന്നെ പ്രതികരിക്കേണ്ടതില്ല എന്ന പ്രായോഗിക ചിന്തയും ഇരു ബോർഡുകളുടെയും മൗനത്തിനു പിന്നിലുണ്ട്. മാത്രമല്ല, അടുത്തയാഴ്ച ദുബായിൽ നടക്കുന്ന ഐസിസിയുടെ യോഗത്തിൽ ഇരു ബോർഡുകളുടെയും പ്രതിനിധികൾക്ക് തങ്ങളുടെ അഭിപ്രായം പറയാൻ വേദിയുമുണ്ട്.

മൽസരത്തിൽനിന്ന് പിൻമാറുന്നതിനെക്കുറിച്ച് ഇരു ടീമുകളും ഇതുവരെ യാതൊരു സൂചനയും നൽകിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ വ്യക്തമാക്കി. എങ്കിലും സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com