ADVERTISEMENT

ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ രോഷം ക്രിക്കറ്റ് കളത്തിലേക്കും. മേയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ആവശ്യപ്പെട്ടു. ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ഇന്ത്യ–പാക്കിസ്ഥാൻ മൽസരം നടക്കേണ്ടത്. ഭീകരതയുടെ വേരറുക്കാൻ പാക്കിസ്ഥാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് മൽസരത്തിൽനിന്ന് പിൻമാറാൻ ഹർഭജൻ ആവശ്യപ്പെട്ടത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വൻരോഷമാണ് രാജ്യത്ത് ഉയരുന്നത്. പാക് പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക് പേജിൽ മലയാളികളടക്കമുള്ളവരുടെ രോഷം ആളിക്കത്തുകയാണ്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ തുടങ്ങിയവർ പാക്കിസ്ഥാൻ താരങ്ങളുടെ ചിത്രങ്ങൾ ചുമരുകളിൽനിന്ന് നീക്കിയാണ് പ്രതിഷേധം അറിയിച്ചത്. ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഐഎംജി റിലയൻസും ഡി–സ്പോർട്ടും പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണം നിർത്തിവച്ചു.

∙ ‘ലോകകപ്പിലും പാക്കിസ്ഥാനെതിരെ കളിക്കരുത്’

പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്നു പിൻമാറിയാൽപ്പോലും ലോകകപ്പ് ജയിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ‘വളരെ ബുദ്ധിമുട്ടേറിയ സമയമാണിത്. ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ആക്രമണം അവിശ്വസനീയവും തീർത്തും തെറ്റുമാണ്. ഇക്കാര്യത്തിൽ പാക്കിസ്ഥാനെതിരെ കേന്ദ്രസർക്കാർ കടുത്ത നടപടി ഉറപ്പാക്കണം. ക്രിക്കറ്റിന്റെ കാര്യത്തിൽ അവരുമായി യാതൊരു ബന്ധവും വേണ്ട എന്നാണ് എന്റെ നിലപാട്. അല്ലെങ്കിൽ ഇതേ രീതിയാകും അവർ എന്നും ഇന്ത്യയോടു കൈക്കൊള്ളുക’ – ഹർഭജൻ പറഞ്ഞു.

‘എപ്പോഴും രാജ്യമാണ് ആദ്യം വരേണ്ടത്. ക്രിക്കറ്റോ ഹോക്കിയോ മറ്റേത് കായികയിനമോ ആകട്ടെ, മാറ്റിവയ്ക്കുന്നതാണ് നല്ലത്. നമ്മുടെ എത്രയോ സൈനികരെയാണ് അവർ ഇതുവരെ കൊന്നൊടുക്കിയത്. നമ്മൾ രാജ്യത്തോടു ചേർന്നു നിൽക്കേണ്ട സമയമാണിത്. അവരുമായി കളിക്കുക പോലും ചെയ്യരുത്’ – ഹർഭജൻ പറഞ്ഞു.

പാക്കിസ്ഥാൻ ഭീകരർക്ക് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി 2013 മുതൽ അവരുമായ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കുന്നില്ല. ഐസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും കണ്ടുമുട്ടാറുള്ളത്. ഈ മൽസരങ്ങളും ഇരു രാജ്യങ്ങൾക്കും പുറത്താണ് നടക്കാറുള്ളത്. 2017ലെ ചാംപ്യൻസ് ട്രോഫിയും 2018ലെ ഏഷ്യാ കപ്പും ന്യൂട്രൽ വേദിയിലാണ് നടന്നത്.

∙ ഇമ്രാന്റെ ചിത്രം മറച്ചും പ്രതിഷേധം

പാക്കിസ്ഥാനോടുള്ള പ്രതിഷേധം വ്യത്യസ്തമായൊരു രീതിയിൽ പ്രകടമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ. റസ്റ്റോറന്റിൽ പ്രദർശിപ്പിച്ചിരുന്ന പാക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ഛായാചിത്രം ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് അധികൃതർ പ്രതിഷേധം അറിയിച്ചത്.

ഈ പ്രതിഷേധത്തിന്റെ വാർത്ത പുറത്തുവന്നതോടെ കായികലോകത്തിന്റെ ശ്രദ്ധയും നേടിയിരിക്കുകയാണ്. സിസിഐ ഒരു സ്പോർട്സ് ക്ലബാണ്. ലോകത്തിലെ മികച്ച കളിക്കാരുടെ ഛായാചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കാറുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് ഇമ്രാൻ ഖാന്റെ ചിത്രം. എന്നാൽ പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാന്റെ ഛായാചിത്രം മറച്ചതെന്ന് സിസിഐ പ്രസിഡന്റ് പ്രേമൽ ഉദാനി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com