ADVERTISEMENT

ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ). ബോർഡിലെ ഉന്നതനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തിനു മേൽ കരിനിഴൽ പരക്കവെയാണ് ബിസിസിഐ ഉന്നതന്റെ പ്രതികരണം പുറത്തുവന്നത്.

അതേസമയം, മൽസരത്തിൽനിന്നു പിൻമാറിയാൽ പാക്കിസ്ഥാന് വെറുതേ രണ്ടു പോയിന്റ് ലഭിക്കുമെന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളത്തിൽപ്പോലും ഇറങ്ങാതെയാണ് പാക്കിസ്ഥാന് രണ്ടു പോയിന്റ് ലഭിക്കുക. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

‘ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി കഴിഞ്ഞേ വ്യക്തത വരൂ. ലോകകപ്പ് ആരംഭിക്കാൻ ഇനിയും രണ്ടു മാസത്തിലേറെയുണ്ടല്ലോ. ഇക്കാര്യത്തിൽ ഐസിസിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’ – ബിസിസിഐ ഉന്നതൻ ചൂണ്ടിക്കാട്ടി.

‘പാക്കിസ്ഥാനുമായി ലോകകപ്പിൽ കളിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചാൽ മൽസരത്തില്‍നിന്ന് ഇന്ത്യ പിൻമാറും. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. പക്ഷേ, കളത്തിലിറങ്ങാതെ പാക്കിസ്ഥാന് രണ്ടു പോയിന്റ് ലഭിക്കുന്ന സ്ഥിതിവിശേഷമുണ്ടാകും. ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തിയാൽ കളിക്കാതെ തന്നെ പാക്കിസ്ഥാൻ കിരീടം നേടുന്ന അവസ്ഥയുമുണ്ടാകും’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഈ മാസം 27 മുതൽ ദുബായിൽ ഐസിസിയുടെ യോഗം നടക്കുന്നുണ്ട്. ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തിന്റെ കാര്യം അവിടെ ചർച്ചയ്ക്കു വരാൻ സാധ്യതയേറെയാണ്. ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി, സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാകും യോഗത്തിൽ ബിസിസിഐയെ പ്രതിനിധീകരിക്കുക.

അതേസമയം, ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഐസിസി കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പ് മൽസരവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ബോർഡുകൾ ഐസിസിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com