ADVERTISEMENT

ബ്രിജ്ടൗൺ∙ ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഇന്നലെ രാത്രി ഒരു പട്ടാഭിഷേകം നടന്നു. രാജ്യാന്തര ക്രിക്കറ്റിലെ ‘ആറാം തമ്പുരാനായി’ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലിന്റെ പട്ടാഭിഷേകം! ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ 12 പടുകൂറ്റൻ സിക്സുകളുടെ അകമ്പടിയോടെ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‍ൽ, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി. മറികടന്നത് പാക്കിസ്ഥാന്റെ വെടിക്കെട്ടു ബാറ്റ്സ്മാൻ ഷാഹിദ് അഫ്രീദിയെ.

524 മൽസരങ്ങളിൽനിന്ന് അഫ്രീദി നേടിയ 476 സിക്സുകളുടെ റെക്കോർഡ് സ്വന്തം പേരിലേക്കു മാറ്റാൻ ക്രിസ് ഗെയ്‌ലിനു വേണ്ടിവന്നത് 444 മൽസരങ്ങൾ മാത്രം. മൽസരങ്ങളുടെ എണ്ണത്തിൽ അഫ്രീദിയേക്കാൾ പിന്നിലാണെങ്കിലും ഇന്നിങ്സുകളുടെ എണ്ണത്തിൽ ഗെയ്‌ലാണ് മുന്നിൽ. 514 ഇന്നിങ്സുകളിൽനിന്നാണ് ഗെയ്‍ൽ റെക്കോർഡ് സ്വന്തമാക്കിയതെങ്കിൽ 508 ഇന്നിങ്സുകളിൽനിന്നാണ് അഫ്രീദി 476 സിക്സ് നേടിയത്. ഇതുവരെ 444 മൽസരങ്ങളിൽനിന്ന് 488 സിക്സുകളാണ് ഗെയ്‍ലിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിൽ 500 സിക്സുകളെന്ന നാഴികക്കല്ലിലേക്കു വേണ്ടത് 12 സിക്സുകൾ മാത്രം!

ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ മോയിൻ അലി ബോൾ ചെയ്ത 15–ാം ഓവറിന്റെ ഒന്നാം പന്ത് നിലംതൊടാതെ ഗാലറിയിലെത്തിച്ചാണ് ഗെയ്‍ൽ റെക്കോർഡ് സ്വന്തമാക്കിയത്. ഈ മൽസരത്തിൽ ഗെയ്ൽ നേരിട്ട 37–ാം പന്തായിരുന്നു അത്. ഗെയ്‌ലിന്റെ ആദ്യ ബൗണ്ടറിയും. അതുവരെ നേരിട്ട 36 പന്തുകളിൽനിന്ന് വെറും 12 റണ്‍സ് മാത്രമായിരുന്നു ഗെയ്‍ലിന്റെ സമ്പാദ്യം. എന്നാൽ, കൃത്യം 100 പന്തുകളിൽനിന്ന് ഗെയ്‍ൽ സെഞ്ചുറി പിന്നിട്ടു. ഇതിൽ 55 പന്തിലും റണ്‍സെടുക്കാതെയാണ് ഗെയ്‌ൽ 100 പന്തിൽ സെഞ്ചുറി തികച്ചതെന്നും അറിയുക!

മൽസരത്തിലാകെ ഒൻപതു തവണയാണ് പന്തു സ്റ്റേഡിയത്തിനു പുറത്തുപോയത്. ഇതിൽ എട്ടിനും ഉത്തരവാദി ഗെയ്‍ൽ തന്നെ. ലിയാം പ്ലങ്കറ്റിനെതിരെ നേടിയ സിക്സായിരുന്നു ഇതിൽ ഏറ്റവും മാരകം. ആകാശമുയരെ പറന്നുപൊങ്ങിയ പന്ത് 120 മീറ്റർ അകലെയാണ് പതിച്ചത്. സ്റ്റേഡിയത്തോടു തൊട്ടുചേർന്നുള്ള തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലാണ് പന്തു പതിച്ചതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു!

ലോകകപ്പിനു പിന്നാലെ ഏകദിനത്തിൽനിന്ന് വിരമിക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് മാരക ഫോമിൽ ഗെയ്‍ൽ സിക്സ് മഴ പെയ്യിച്ചത്. ഏകദിനത്തിൽ 287, ട്വന്റി20യിൽ 103, ടെസ്റ്റിൽ 98 എന്നിങ്ങനെയാണ് ഗെയ്‍ലിന്റെ സിക്സ് സമ്പാദ്യം. 432 മൽസരങ്ങളിൽനിന്ന് 398 സിക്സുമായി ന്യൂസീലൻഡ് താരം ബ്രണ്ടൻ മക്കല്ലമാണ് ‘ആറാം തമ്പുരാൻ’മാരുടെ പട്ടികയിൽ മൂന്നാമൻ. സനത് ജയസൂര്യ (585 മൽസരങ്ങളിൽനിന്ന് 352 സിക്സ്), രോഹിത് ശർമ (321 മൽസരങ്ങളിൽനിന്ന് 349 സിക്സ്), എം.എസ്. ധോണി (524 മൽസരങ്ങളിൽനിന്ന് 348) എന്നിവരാണ് 4, 5, 6 സ്ഥാനങ്ങളിൽ.

ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലാണ് 39കാരനായ ഗെയ്‍ലിനെ വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് കഴിഞ്ഞ ദിവസം മടക്കിവിളിച്ചത്. ഇതിനു മുൻപ് സ്വന്തം നാട്ടിൽ ഗെയ്‍‌ൽ ഏകദിന പരമ്പരയിൽ വിൻഡീസിനായി കളിച്ചത് കഴിഞ്ഞ വർഷം ജൂലൈയിൽ ബംഗ്ലദേശിനെതിരെയാണ്.

ഏകദിനത്തിലെ 24–ാം സെഞ്ചുറി കുറിച്ച ഗെയ്‍ലിന്റെ പേരിലാണ് വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികളുടെ റെക്കോർഡ്. ബ്രയാൻ ലാറ കഴിഞ്ഞാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഗെയ്‍ൽ തന്നെ. 10,405 റൺസാണ് ഏകദിനത്തിൽ ലാറയുടെ സമ്പാദ്യം. 285 മൽസരങ്ങളിൽനിന്ന് 9862 റൺസാണ് ഗെയ്‌ലിന്റെ ഇതുവരെയുള്ള സമ്പാദ്യം. ലോകകപ്പിനുശേഷം വിരമിക്കുമ്പോഴേയ്ക്കും ലാറയുടെ റെക്കോർഡും സ്വന്തമാക്കാൻ അവസരമുണ്ടെന്നർഥം. 2015ലെ ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ 215 റൺസെടുത്ത ഗെയ്‍ലിന്റെ പേരിലാണ് ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോർ. ഏകദിനത്തിൽ വിൻഡീസ് താരത്തിന്റെ ഉയർന്ന സ്കോറും ഇതുതന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com