ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരത്തിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യങ്ങൾക്കിടെ, വ്യത്യസ്ത ശബ്ദമവുമായി മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറിയാൽ നഷ്ടം ടീമിനു തന്നെയായിരിക്കുമെന്ന് ഗാവസ്കർ മുന്നറിയിപ്പു നൽകി. മൽസരം ബഹിഷ്കരിച്ച് രണ്ടു പോയിന്റ് എതിരാളികൾക്കു സമ്മാനിക്കുന്നതിനു പകരം, കളിച്ചു തോൽപ്പിച്ച് അവരുടെ മുന്നേറ്റം തടയുകയാണ് വേണ്ടതെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു. മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന ആവശ്യമുയർത്തി മുൻ താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിനു പിന്നാലെയാണ് നിലപാട് അറിയിച്ച് ഗാവസ്കറിന്റെ രംഗപ്രവേശം.

കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14ന് ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്, ലോകകപ്പിൽ ജൂൺ 16ന് പാക്കിസ്ഥാനെതിരെ നടക്കേണ്ട മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന് ആവശ്യമുയർന്നത്.

∙ ഇന്ത്യ ബഹിഷ്കരിച്ചാൽ ജയം പാക്കിസ്ഥാന്

‘പാക്കിസ്ഥാനെതിരായ മൽസരത്തിൽ കളിക്കുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചാൽ ആരാണു ജയിക്കുക? ലോകകപ്പ് സെമിയെക്കുറിച്ചോ ഫൈനലിനെക്കുറിച്ചോ അല്ല ഞാനിത് പറയുന്നത്. ആദ്യ കളിയെക്കുറിച്ചാണ്. ഇതിൽ ആരു ജയിക്കും? ഒരു സംശയവും വേണ്ട, പാക്കിസ്ഥാൻ തന്നെ. കാരണം, കളത്തിലിറങ്ങാതെ അവർക്കു രണ്ടു പോയിന്റാണ് ഇതിലൂടെ ലഭിക്കുക.’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘ലോകകപ്പ് വേദികളിൽ എപ്പോഴൊക്കെ മുഖാമുഖമെത്തിയിട്ടുണ്ടോ, അപ്പോഴെല്ലാം പാക്കിസ്ഥാനെ തോൽപ്പിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. പാക്കിസ്ഥാനെതിരെ സുഖമായി നേടാവുന്ന രണ്ടു പോയിന്റാണ് കളി ബഹിഷ്കരിച്ചാൽ നഷ്ടമാകുന്നത്. പാക്കിസ്ഥാനോടു മൽസരിച്ച് അവരെ തോൽപ്പിച്ച് ലോകകപ്പിൽ അവർ മുന്നേറുന്നില്ല എന്ന് ഉറപ്പാക്കുകയാണു വേണ്ടത്. എങ്കിലും രാജ്യത്തിനു തന്നെയാണ് എന്റെ പ്രഥമ പരിഗണന. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ എന്തു നിലപാടു സ്വീകരിച്ചാലും അതിനൊപ്പമാണ് ഞാനും. പാക്കിസ്ഥാനെതിരെ കളിക്കേണ്ടതില്ല എന്നു രാജ്യം പറഞ്ഞാൽ അതുതന്നെ എന്റെയും അഭിപ്രായം’ – ഗാവസ്കർ വ്യക്തമാക്കി.

∙ ഉഭയകക്ഷി ബന്ധം വേണ്ടേ വേണ്ട

‘ക്രിക്കറ്റിന്റെ കാര്യത്തിൽ പാക്കിസ്ഥാനെ കൂടുതൽ വേദനിപ്പിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്? ഇന്ത്യയുമായി ഒരു ദ്വിരാഷ്ട്ര പരമ്പര സാധ്യമാകാതെ വരുമ്പോഴാണ് അവർക്കു ശരിക്കു വേദനിക്കുക. ലോകകപ്പ് പോലൊരു വേദിയിൽ പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്ന് നമ്മൾ വാശി പിടിച്ചാൽ നഷ്ടം നമുക്കുതന്നെയാണ്. ഇക്കാര്യത്തിൽ കുറച്ചുകൂടി അവധാനതയോടെ ചിന്തിക്കാൻ നമുക്കാകണം. ഇക്കാര്യത്തിലുള്ള വികാര വിക്ഷോഭങ്ങൾ എനിക്കു മനസ്സിലാക്കാവുന്നതേയുള്ളൂ’ – ഗാവസ്കർ പറഞ്ഞു.

‘അവരുമായി നമ്മൾ കളിക്കുന്നില്ലെങ്കിൽ എന്താണു സംഭവിക്കുക? പാക്കിസ്ഥാനെതിരായ മൽസരം ബഹിഷ്കരിച്ചാലും മറ്റു ടീമുകളെ പരാജയപ്പെടുത്തി മുന്നേറാനുള്ള ശക്തി ഇന്ത്യൻ ടീമിനുണ്ടെന്ന് എനിക്കറിയാം. എന്നാൽപ്പോലും, പാക്കിസ്ഥാനുമായി ഏറ്റുമുട്ടി അവരെ തോൽപ്പിച്ച് ടൂർണമെന്റിൽനിന്ന് പുറത്താക്കാൻ കിട്ടുന്ന അവസരം വേണ്ടെന്നു വയ്ക്കേണ്ടതുണ്ടോ?’

കശ്മീർ സംഘർഷങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ 2012 മുതൽ നിർത്തിവച്ചിരിക്കുകയാണ്. 2007ലാണ് ഏറ്റവും ഒടുവിലായി ഇരു രാജ്യങ്ങളും തമ്മിൽ ഒരു പൂർണ പരമ്പര നടന്നത്.

∙ ഐസിസിയെ സമീപിച്ചിട്ടു കാര്യമില്ല

പാക്കിസ്ഥാനെ ടൂർണമെന്റിൽനിന്ന് പുറത്താക്കണമെന്ന് ഐസിസിയോട് ഇന്ത്യ ആവശ്യപ്പെട്ടാലും അതു നടക്കാൻ സാധ്യത തീർത്തും കുറവാണെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു.

‘ഇക്കാര്യത്തിൽ അവർക്കു ശ്രമം നടത്താവുന്നതേയുള്ളൂ. പക്ഷേ, കാര്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, പാക്കിസ്ഥാനെ പുറത്താക്കാനുള്ള തീരുമാനം മറ്റു രാജ്യങ്ങളെല്ലാം അംഗീകരിക്കേണ്ടി വരും. അതു നടക്കാൻ സാധ്യത വിരളമാണ്. ഇക്കാര്യം ഐസിസിയുടെ യോഗത്തിൽ ഉന്നയിക്കുന്നതുപോലും ശരിയാണോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്.’

‘ഒരു കാര്യം ഉറപ്പാണ്. സംഭവിച്ച കാര്യങ്ങൾ നമ്മളെയെല്ലാം ഉലച്ചിട്ടുണ്ട്. ഇക്കാര്യം പക്ഷേ ഐസിസിയുടെ മുന്നിൽ അവതരിപ്പിച്ചാലും അവർക്കു മനസ്സിലാക്കാനാകുമോ എന്ന് എനിക്കു സന്ദേഹമുണ്ട്. ഇതു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ്. ഇതിലേക്കു ഞങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് മറ്റു രാജ്യങ്ങൾ പറഞ്ഞാൽ എന്തു ചെയ്യും?’

∙ അന്നു പറഞ്ഞതു മറന്നോ, ഇമ്രാൻ?

അതേസമയം, ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം നേരെയാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തന്റെ സമകാലികനും ഇപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനോട് ഗാവസ്കർ ആവശ്യപ്പെട്ടു.

‘ഇമ്രാൻ ഖാനോടു നേരിട്ട് ഒരു കാര്യം ആവശ്യപ്പെടട്ടെ. ഞാൻ വളരെയധികം ആദരിക്കുന്ന, ഉറ്റ സുഹൃത്തായി കരുതുന്ന വ്യക്തിയാണ് ഇമ്രാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റപ്പോൾ, ഇതു പുതിയ പാക്കിസ്ഥാന്റെ പിറവിയാണെന്നു താങ്കൾ പ്രഖ്യാപിച്ചിരുന്നു. സമാധാനത്തിലേക്ക് ഇന്ത്യ ഒരു ചുവടു വച്ചാൽ രണ്ടു ചുവടു വയ്ക്കാൻ പാക്കിസ്ഥാൻ ഒരുക്കമാണെന്ന ഇമ്രാന്റെ പ്രസ്താവന മറന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സമാധാനത്തിലേക്ക് ആദ്യ ചുവടു വയ്ക്കേണ്ടതു പാക്കിസ്ഥാനാണ്.’

‘അതിർത്തി കടന്നുള്ള ഭീകരവാദവും നുഴഞ്ഞുകയറ്റവും നടക്കുന്നില്ലെന്ന് ഇമ്രാൻ ഉറപ്പാക്കണം. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനിലിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ കൈമാറാൻ അദ്ദേഹം മനസ്സു കാട്ടണം. ഇന്ത്യയ്ക്ക് കൈമാറുന്നില്ലെങ്കിൽ പോലും ഐക്യരാഷ്ട്ര സംഘടനയ്ക്കു കൈമാറാമല്ലോ. ഈ രണ്ടു കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഇന്ത്യ വയ്ക്കുന്ന ചുവടുകൾ പാക്കിസ്ഥാനു കാണാമെന്നും ഗാവസ്കർ വ്യക്തമാക്കി.

എപ്പോഴും ഇരു രാജ്യങ്ങള്‍ക്കുമിടയിൽ സൗഹൃദം കളിയാടുന്നതു കാണാനാണ് എല്ലാവർക്കും ഇഷ്ടമെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി. ‘ഒട്ടേറെ ഇന്ത്യൻ താരങ്ങളും പാക്കിസ്ഥാൻ താരങ്ങളും ഉറ്റ സുഹൃത്തുക്കളാണ്. നിങ്ങൾ (ഇമ്രാൻ) എന്റെ സുഹൃത്താണ്. വസിം (അക്രം) എന്റെ സുഹൃത്താണ്, റമീസ് (രാജ) എന്റെ സുഹൃത്താണ്, ഷോയ്ബ് (അക്തർ) എന്റെ സുഹൃത്താണ്. എവിടെവച്ചു കണ്ടുമുട്ടുമ്പോഴും നമുക്കുണ്ടാകുന്ന സന്തോഷവും സൗഹൃദവും പറഞ്ഞറിയിക്കാനാകുമോ? ഈ സന്തോഷം തന്നെയാണ് ഇരു രാജ്യങ്ങളിലെയും ആളുകളും ആഗ്രഹിക്കുന്നത്.’

‘ദയവു ചെയ്ത് സമാധാനത്തിലേക്കുള്ള ആദ്യ ചുവടു വയ്ക്കാൻ പാക്കിസ്ഥാൻ തയാറാവുക. ഇതിനു പിന്നാലെ ഇന്ത്യ എടുക്കുന്ന ഒരുപിടി ചുവടുകൾ നിങ്ങൾക്കു കാണാനാകും. ഇമ്രാന് ഇന്ത്യയിൽ ലഭിക്കുന്ന സ്നേഹവും ആദരവും അവിശ്വസനീയമാണ്. ഇന്ത്യയിൽ ഒട്ടേറെ സമയം ചെലവഴിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റേതൊരു പാക്കിസ്ഥാൻകാരനേയുംകാൾ ഇന്ത്യക്കാരെ മനസ്സിലാക്കാൻ ഇമ്രാനു കഴിയും. അതുകൊണ്ടുതന്നെ സമാധാനത്തിലേക്കുള്ള വലിയ ചുവടിനു മുൻകൈ എടുക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com