ADVERTISEMENT

ഇൻഡോർ∙ 61 പന്ത്, 100 റൺസ്, 14 ബൗണ്ടറി, ഒരു സിക്സ്... ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിലേക്ക് ആഴ്ചകൾ മാത്രമുള്ളപ്പോൾ, ഇതേ ലീഗ് നിഷ്കരുണം കൈവിട്ട ചേതേശ്വർ പൂജാരയ്ക്കിത് മധുര പ്രതികാരം. ബാറ്റിങ്ങിലെ വേഗക്കുറവിന്റെ പേരിൽ ട്വന്റി20 താരലേലത്തിൽ തഴയപ്പെട്ട പൂജാര, റെയിൽവേസിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിലാണ് സൗരാഷ്ട്രയ്ക്കായി തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. പൂജാരയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തിട്ടും സൗരാഷ്ട്ര, റെയിൽവേസിനോടു തോറ്റു. രണ്ടു പന്തുകൾ ബാക്കനിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് റെയിൽവേസ് വിജയലക്ഷ്യം മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്കായി ഓപ്പണറുടെ റോളിലാണ് പൂജാര എത്തിയത്. ഹാർവിക് ദേശായിയായിരുന്നു കൂട്ടിന്. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ ‘സകല പാപ’ങ്ങളും ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തിൽ കുടഞ്ഞെറിഞ്ഞ പൂജാര, ആദ്യ പന്തു മുതൽ ഇന്നിങ്സിലെ അവസാന പന്തുവരെ ക്രീസിൽനിന്നാണ് പുറത്താകാതെ കന്നി ട്വന്റി20 സെഞ്ചുറി കുറിച്ചത്. ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പൂജാരയുടെ പേരുണ്ടായിരുന്നെങ്കിലും താരത്തെ വാങ്ങാൻ ഒരു ടീമും തയാറായിരുന്നില്ല.

ഓപ്പണിങ് വിക്കറ്റിൽ ദേശായിക്കൊപ്പം 85 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് സൗരാഷ്ട്ര ഇന്നിങ്സിന് അടിത്തറയിട്ട പൂജാര, രണ്ടാം വിക്കറ്റിൽ റോബിൻ ഉത്തപ്പയ്ക്കൊപ്പം മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടും സ്ഥാപിച്ചു. വെറും 53 പന്തിലാണ് പൂജാര – ദേശായി സഖ്യം 85 റൺസെടുത്തത്. 24 പന്തിൽ ആറു ബൗണ്ടറി സഹിതം 34 റൺസെടുത്ത് ദേശായി പുറത്തായതിനു ശേഷം ഉത്തപ്പയ്ക്കൊപ്പം 82 റൺസാണ് പൂജാര കൂട്ടിച്ചേർത്തത്. അതും വെറും 57 പന്തിൽനിന്ന്. ഉത്തപ്പ 31 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ്ങിൽ ഒരു അർധസെഞ്ചുറി പ്രകടനം പോലും ഉണ്ടായില്ലെങ്കിലും റെയിൽവേസ് രണ്ടു പന്തു ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. വെറും 36 പന്തിൽ 73 റൺസെടുത്ത് റെയിൽവേസിനു തകർപ്പൻ തുടക്കം സമ്മാനിച്ച മൃണാൾ ദേവ്ധർ – പ്രതാം സിങ് സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്. ദേവ്ധർ 20 പന്തിൽ 49 റൺസെടുത്തും പ്രതാം സിങ് 30 പന്തിൽ 40 റൺസെടുത്തും പുറത്തായി. പിന്നീട് അഭിനവ് ദീക്ഷിത് (30 പന്തിൽ പുറത്താകാതെ 37), ആശിഷ് യാദവ് (16 പന്തിൽ 24), ഹർഷ് ത്യാഗി (ഏഴു പന്തിൽ പുറത്താകാതെ 16) എന്നിവർ ചേർന്ന് റെയിൽവേസിനെ വിജയത്തിലെത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com