ADVERTISEMENT

ഇൻ‌ഡോർ∙ അങ്ങകലെ ബാർബഡോസിലെ ബ്രിജ്ടൗണിൽ ഇംഗ്ലണ്ടിന്റെ ബോളിങ് ആക്രമണത്തെ സാക്ഷാൽ ക്രിസ് ഗെയ്‍ൽ അടിച്ചുതകർത്ത അതേ ദിനത്തിൽ, ഇങ്ങ് ഇൻഡോറിൽ സിക്കിം ബോളർമാരെ അടിച്ചു പതംവരുത്തി ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരുടെ മാരക ബാറ്റിങ് പ്രകടനം. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിൽ സിക്കിമിനെതിരായ മൽസരത്തിലാണ് മുംബൈയ്ക്കായി അയ്യരുടെ കിടിലൻ പ്രകടനം. വെറും 55 പന്തിൽ ഏഴു ബൗണ്ടറിയും 15 സിക്സും സഹിതം 147 റൺസെടുത്ത അയ്യരുടെ മികവിൽ മുംബൈ കുറിച്ചത് 154 റൺസിന്റെ കൂറ്റൻ വിജയം!

ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന പ്രത്യേകതയും അയ്യരുടെ പ്രകടനത്തിനുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനായി സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 2018ൽ ഋഷഭ് പന്ത് പുറത്താകാതെ നേടിയ 128 റൺസിന്റെ റെക്കോർഡാണ് അയ്യർ മറികടന്നത്. ഒരു ട്വന്റി20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായും അയ്യർ മാറി. രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിനായി ഒരു ഇന്നിങ്സിൽ 11 സിക്സ് നേടിയ മുരളി വിജയിന്റെ റെക്കോർഡ് പഴങ്കഥയായി. 38 പന്തിൽനിന്നും സെഞ്ചുറിയിലെത്തിയ അയ്യർ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ നാലാമത്തെ ട്വന്റി20 സെഞ്ചുറിയും കുറിച്ചു. മുന്നിൽ ഋഷഭ് പന്ത് (32), രോഹിത് ശർമ (35), യൂസഫ് പഠാൻ (37) എന്നിവർ മാത്രം.

ഐപിഎല്ലിന്റെ പുതിയ പതിപ്പ് ആഴ്ചകൾ മാത്രം അകലെ നിൽക്കെയാണ് ‍ഡൽഹി ക്യാപിറ്റൽസ് (പഴയ ഡൽഹി ഡെയർഡെവിൾസ്) ക്യാപ്റ്റൻ കൂടിയായ അയ്യരുടെ പ്രകടനമെന്നതും ശ്രദ്ധേയം. അയ്യരുടെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസാണ്. സിക്കിമിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 104 റൺസിൽ ഒതുങ്ങി.

വെറും 22 റൺസിനിടെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (ഒൻപതു പന്തിൽ 11), പൃഥ്വി ഷാ (നാലു പന്തിൽ 10) എന്നിവരുടെ വിക്കറ്റ് നഷ്ടമാക്കി മുംബൈ തകർച്ചയിലേക്കു നീങ്ങുമ്പോഴായിരുന്നു അയ്യരുടെ വരവ്. മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പം 213 റൺസിന്റെ കൂട്ടുകെട്ട് തീർത്ത അയ്യർ 17–ാം ഓവറിലാണ് പുറത്തായത്. അപ്പോഴേയ്ക്കും വെറും 55 പന്തിൽ 147 റൺസാണ് അയ്യർ കുറിച്ചത്. അകമ്പടിയായത് ഏഴു ബൗണ്ടറിയും 15 പടുകൂറ്റൻ സിക്സുകളും. സിക്കിമിന്റെ മീഡിയം പേസർ ടാഷി ഭല്ലയുടെ ഒരു ഓവറിൽ 35 റൺസും അയ്യർ അടിച്ചെടുത്തു. സൂര്യകുമാർ യാദവ് 33 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 63 റൺസെടുത്തും പുറത്തായി.

മറുപടി ബാറ്റിങ്ങിൽ സിക്കിം നിരയിൽ രണ്ടക്കം കടന്നത് നാലു പേർ മാത്രം. ബിബേക് ദിയാലി (11), ആശിഷ് താപ്പ (19), ബിപുൽ ശർമ (32), ആമോസ് റായ് (പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കടന്നത്. മുംബൈയ്ക്കായി ഷംസ് മുലാനി, ഷാർദുൽ താക്കൂർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com