ADVERTISEMENT

 ഇന്ത്യൻ വിജയങ്ങളിൽ നിർണായകമാകുന്നതു ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മുൻ നായകൻ ധോണിയും തമ്മിലുള്ള പരസ്പരധാരണ. ഫീൽഡിലെ പല നിർണായക തീരുമാനങ്ങൾക്കും കോഹ്‌ലിക്ക് ഇപ്പോഴും ആശ്രയം എം.എസ്. ധോണിയുടെ വാക്കുകൾതന്നെ. ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലെ അവസാന ഓവർ എറിയാൻ യുവതാരം വിജയ് ശങ്കറിനെ നിയോഗിച്ചതാണ് ഇതിനുള്ള ഒടുവിലത്തെ ഉദാഹരണം.

വിരാട് കോഹ്‌ലി ആളു ചൂടനാണ്. ധോണിയുടെ കാര്യം നേരെ തിരിച്ചും. വിളിപ്പേരുതന്നെ മിസ്റ്റർ കൂൾ എന്ന്, ക്ഷമയാണു മുഖമുദ്ര! കളിയുടെ ഏതു സങ്കീർണമായ അവസ്ഥയിലും കൂളായി കൈകാര്യം ചെയ്യുന്ന മഹി സ്റ്റൈലിന്റെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ആരാധകൻ ആരെന്നു ചോദിച്ചാൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്നു നിസ്സംശയം പറയാം.  ധോണിയുടെ പിൻഗാമിയായി  ഇന്ത്യൻ നായകത്വം ഏറ്റെടുത്തതെങ്കിലും പിച്ചിലെ നിർണായക തീരുമാനങ്ങളിൽ അവസാന വാക്ക് ഇന്നും ധോണിയുടെതുതന്നെ എന്നതു കോഹ്‌ലിയും മാനിക്കുന്നു. 

ഓ ക്യാപ്റ്റൻ!

ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള പല വിജയങ്ങളി‍ക്കുശേഷവും കോഹ്‌‌ലി ആവർത്തിച്ചു വ്യക്തമാക്കുന്ന ഒന്നുണ്ട്, തന്റെ ക്യാപ്റ്റൻ എം.എസ്. ധോണിതന്നെയാണ് എന്ന്! ടീനേജ് താരമായി കോഹ്‌ലി ടീമിലെത്തിയപ്പോൾ ധോണിയാണു ടീമിനെ നയിച്ചിരുന്നത്. ധോണിയുടെ കീഴിൽ വൈസ് ക്യാപ്റ്റനായാണ് കോ‌ഹ്‌ലിയുടെ തുടക്കവും. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്.

ക്യാപ്റ്റൻസി ഏറ്റെടുത്തതിനുശേഷവും ധോണിയുടെ മൽസര പരിചയവും അനുഭവസമ്പത്തും ഇന്ത്യയുടെ വിജയത്തിനായി പ്രയോജനപ്പെടുത്തുന്നതാണ് കോഹ്‌ലി സ്റ്റൈൽ. മോശം പ്രകടനത്തിന്റെ പേരിൽ ധോണിയ്ക്കു നേരെ വിമർശനങ്ങൾ ഉയർന്നപ്പോഴെല്ലാം പ്രതിരോധം തീർത്തത് കോഹ്‌ലിയാണ്. ലോകകപ്പ് വരെ ധോണി ടീമിനൊപ്പമുണ്ടാവുമെന്നു കോഹ്‌ലി ആത്മവിശ്വാസത്തോടെ പലവട്ടം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ആ ലാസ്റ്റ് ഓവർ

രണ്ടാം ഏകദിനത്തിന്റെ അവസാന 5 ഓവറിൽ 4 വിക്കറ്റ് കയ്യിലിരിക്കെ മൽസരം ജയിക്കാൻ ഓസീസിനു വേണ്ടിയിരുന്നത് 29 റൺസ് മാത്രം. 46–ാം ഓവർ വിജയ് ശങ്കറിനു നൽകാനാണു തീരുമാനിച്ചിരുന്നതെങ്കിലും ധോണിയുടെ ഉപദേശത്തെത്തുടർന്ന് ഓവർ ബുമ്രയ്ക്കു നൽകുന്നു. ഓവറിൽ ഒരു റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ബുമ്രയുടെ ബോളിങ്ങാണ് ഇന്ത്യയ്ക്ക് അനുകൂലമായി കളി തിരിച്ചത്.

പിന്നീട് അവസാന ഓവറിലെ ഉജ്വല ബോളിങ്ങിലൂടെ വിജയ് ശങ്കർ ഇന്ത്യയ്ക്ക് വിജയവും സമ്മാനിച്ചു. രോഹിത് ശർമയുടെ ഉപദേശവും സമാനമായിരുന്നു. എന്നാൽ ആദ്യ ഏകദിനത്തിൽ ഉപദേശം നൽകാനെത്തിയ രോഹിത് ശർമയ്ക്കു നിരാശയോടെ മടങ്ങേണ്ടി വന്നിരുന്നു. ആരിൽ നിന്നെല്ലാം, എപ്പോഴെല്ലാം ഉപദേശം സ്വീകരിക്കണമെന്ന കാര്യത്തിലും കോഹ്‌ലിക്കു നല്ല നിശ്ചയമുണ്ടെന്നു വ്യക്തം ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com