ADVERTISEMENT

മൊഹാലി∙ ഇന്ത്യ–ഓസ്ട്രേലിയ നാലാം ഏകദിനം കണ്ടവർ ഉറപ്പായും മനസ്സിൽ ചോദിച്ചുണ്ടാകും, ഈ ഡിആർഎസ് എന്തൊരു പ്രഹസനമാണ്. മൊഹാലിയിൽ നടന്ന ആവേശപ്പോരാട്ടത്തിനിടെയാണ് ഡിആർഎസ് അഥവാ ഡിസിഷൻ റിവ്യൂ സിസ്റ്റം ഒരിക്കൽക്കൂടി വിവാദങ്ങളിൽ ഇടംപിടിച്ചത്. മൽസരശേഷം മാധ്യമങ്ങളോടു സംസാരിക്കവെ, ഡിആർഎസ് തുടർച്ചയായി വിവാദമാകുന്നതിലെ അനിഷ്ടം ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് വിജയത്തിലേക്കു നീങ്ങുമ്പോഴാണ് 44–ാം ഓവറിൽ വിവാദത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഈ ഓവറിൽ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തു പ്രതിരോധിക്കാനുള്ള ഓസീസ് താരം ആഷ്ടൺ ടേണറുടെ ശ്രമമാണ് ചോദ്യങ്ങളുയർത്തിയത്. അംപയർ ഔട്ട് നൽകിയില്ലെങ്കിലും ടേണറിന്റെ വിക്കറ്റ് ടേണിങ് പോയിന്റ് ആകുമെന്നു മനസിലാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഡിആർഎസ് ആവശ്യപ്പെട്ടു.

പന്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തും മുൻപ് ആഷ്ടൺ ടേണറുടെ ബാറ്റിലുരസി എന്ന് സിനിക്കോ മീറ്ററിൽ കാണിച്ചെങ്കിലും അംപയർ ഔട്ട് നൽകിയില്ല. അംപയറുടെ നോട്ടൗട്ട് തീരുമാനം വളരെയധികം ആശ്ചര്യത്തോടെയാണ് കോഹ്‍ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ കേട്ടത്. മൽസരശേഷം കോഹ്‌ലി അതൃപ്തി തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു.

‘ഡിആർഎസിൽ ഔട്ട് അനുവദിക്കാതിരുന്ന ആ തീരുമാനം വളരെ ആശ്ചര്യകരമായി തോന്നി. എല്ലാ കളിയിലും ഡിആർഎസ് ഒരു ചർച്ചാ വിഷയമായി മാറുന്നുണ്ട്. സ്ഥിരതയെന്നത് ഈ സംവിധാനത്തിനു ബാധകമേയല്ല. മൽസരത്തിന്റെ ഗതി നിർണയിക്കുന്നതിൽ ആ തീരുമാനത്തിനും നിർണായക പങ്കുണ്ട്’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

നേരത്തെ, റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ പുറത്താകലുമായി ബന്ധപ്പെട്ടും ഡിആർഎസ് വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ‘എല്ലാ കളിയിലും ഡിആർഎസ് ഒരു ചർച്ചാ വിഷയമായി മാറുന്നുണ്ട്’ എന്ന കോഹ്‍ലിയുടെ പരാമർശം.

English Summary: DRS 'is not consistent at all - says Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com