ADVERTISEMENT

ഹർഷ ഭോഗ്‌ലെ പറഞ്ഞതാണ് ശരി; രണ്ട് അറ്റത്തുനിന്നാണ് ഇന്ത്യയും ഓസ്ട്രേലിയയും ഈ പരമ്പരയ്ക്കു തുടക്കമിട്ടത്. ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽനിന്നാണ് തുടങ്ങിയതെങ്കിൽ ഓസ്ട്രേലിയ തകർച്ചയുടെ പടുകുഴിയിലായിരുന്നു. പരമ്പര അവസാനിക്കുമ്പോൾ നേട്ടമുണ്ടാക്കിയതത്രയും ഓസ്ട്രേലിയ തന്നെ!

എന്തൊരു പരമ്പരയായിരുന്നു ഇത്! ട്വന്റി20 പരമ്പരയിലെ തോൽവിക്കു മധുരതരമായി പ്രതികാരം ചെയ്ത് ആദ്യ രണ്ട് ഏകദിനങ്ങളിലും തകർപ്പൻ വിജയവുമായി ഇന്ത്യ ഒരു വശത്ത്. മറുവശത്ത് തൊട്ടതെല്ലാം പിഴയ്ക്കുന്നതിന്റെ വേവലാതിയിൽ ഓസ്ട്രേലിയ. ലോകകപ്പ് അടുത്തു വരുന്തോറും ഇന്ത്യയുടെ ആത്മവിശ്വാസം കുത്തനെ ഉയർന്നുകൊണ്ടിരുന്നുവെങ്കിൽ, ഓസീസ് ആകട്ടെ, നിലവിലെ ചാംപ്യൻമാർ എന്ന പദവി പോലും ഭാരം എന്ന അവസ്ഥയിലും. ഏതാനും ദിവസങ്ങൾ കൊണ്ടിതാ എല്ലാം കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. ഇപ്പോൾ തൊട്ടതെല്ലാം പിഴയ്ക്കുന്നതിന്റെ വേവലാതി ഇന്ത്യയ്ക്കാണ്. പിന്നിൽനിന്നും തിരിച്ചുവന്ന് പരമ്പര നേടിയതിന്റെ ആത്മവിശ്വാസം ഓസീസിനും. ഇന്ത്യയ്ക്ക് ടീം സിലക്ഷനിൽ ഉള്‍പ്പെടെ വന്ന പാളിച്ചകൾ (പരീക്ഷണങ്ങളെന്നു പേര്) ലോകകപ്പ് ഒരുക്കത്തെ ആശങ്കയുടെ കരിനിഴലിൽ നിർത്തുന്നു.

‘ലോകകപ്പ് തുടങ്ങേണ്ട താമസമേയുള്ളൂ, നേടാൻ’ എന്ന മട്ടിൽ നെഞ്ചുവിരിച്ചുനിന്ന ഇന്ത്യയെ അപ്രതീക്ഷിത പ്രതിസന്ധിയിലേക്കു തള്ളിവിട്ടുകൊണ്ടാണ് ഡൽഹി ഏകദിനത്തിൽ ഓസ്ട്രേലിയ ജയിച്ചുകയറിയത്. റാഞ്ചിയിലും മൊഹാലിയിലും നടന്ന മൂന്ന്, നാല് ഏകദിനങ്ങൾ ഓസ്ട്രേലിയ ജയിച്ചപ്പോൾ, അത് ഇന്ത്യ അത്രയ്ക്കങ്ങ് ശ്രമിക്കാത്തതുകൊണ്ടാണ് എന്ന ആത്മവിശ്വാസം ആരാധകർക്കുണ്ടായിരുന്നു. ‍ഡൽഹിയിൽ ചിത്രം കൂടുതൽ വ്യക്തമായി; ശ്രമിച്ചിട്ടും നടക്കാത്തതാണ്!

∙ ടോസ് മുതൽ മുന്നിൽ ഓസീസ്

പരമ്പരയിലെ മറ്റേതു മൽസരത്തേക്കാളും ടോസ് ഏറെ നിർണായകമായ മൽസരമായിരുന്നു ഫിറോസ് ഷാ കോട്‌ലയിലെ അഞ്ചാം ഏകദിനം. അവിടെ പക്ഷേ, ഭാഗ്യം ഓസീസ് നായകൻ ആരോൺ ഫിഞ്ചിനൊപ്പം നിന്നു. ചരിത്രവും സാഹചര്യങ്ങളുമെല്ലാം തുലനം ചെയ്തുനോക്കി സന്ദർശകർ ആദ്യം ബാറ്റിങ്ങും തിരഞ്ഞെടുത്തു. ഇന്ത്യയുടെ കഷ്ടകാലവും ഇവിടെ തുടങ്ങുന്നു.

തുടർച്ചയായ മൂന്നാം മൽസരത്തിലും ആരോൺ ഫിഞ്ച് – ഉസ്മാൻ ഖവാജ സഖ്യം ഓസീസിനായി അർധസെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്ന കാഴ്ചയോടെയാണ് കളിക്കളം ഉണർന്നത്. ഫിഞ്ച് പതിവുപോലെ പിന്തുണക്കാരന്റെ വേഷത്തിൽ ഒതുങ്ങിനിന്നപ്പോൾ, ഇന്ത്യയ്ക്ക് തലവേദന സമ്മാനിച്ചതു മുഴുവൻ ഖവാജയാണ്. അനായാസം ഇന്ത്യൻ ബോളർമാരെ മെരുക്കിയെടുത്ത ഖവാജ, അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ നാലാം തവണയും 50 കടന്നു.

australia-players-celebration

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ചിനൊപ്പവും (76), രണ്ടാം വിക്കറ്റിൽ ഹാൻഡ്സ്കോംബിനൊപ്പവും (99) അർധസെ‍ഞ്ചുറി കൂട്ടുകെട്ടു തീർത്ത ഖവാജയാണ് സന്ദർശകർക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഇവരുടെ മികവിൽ 32.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. എന്നാൽ, അവിടുന്നങ്ങോട്ട് പിടിമുറുക്കിയ ഇന്ത്യൻ ബോളർമാർ സന്ദർശകരെ ഏഴിന് 229 റൺസെന്ന നിലയിലേക്കു തള്ളിവിട്ടതോടെ അവർ 250  കടക്കില്ല എന്ന തോന്നലുയർന്നു. 

എന്നാൽ, അവസാന ഓവറുകൾ ജൈ റിച്ചാർഡ്സനും പാറ്റ് കമ്മിൻസും ചേർന്നു നടത്തിയ കടന്നാക്രമണം സന്ദർശകരെ 270 കടത്തി. അവസാന നാല് ഓവറിൽ 42 റൺസാണ് ഇന്ത്യ വഴങ്ങിയത്. ഇതിൽ ജസ്പ്രീത് ബുമ്ര ഒരു ഓവറിൽ വിട്ടുകൊടുത്ത 19 റൺസും ഉൾപ്പെടുന്നു. പാറ്റ് കമ്മിൻസ് എട്ടു പന്തിൽ 15 റൺസെടുത്തു പുറത്തായപ്പോൾ, റിച്ചാർഡ്സൻ 21 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 29 റൺസെടുത്ത അവസാന പന്തിൽ റണ്ണൗട്ടായി.

ആരോൺ ഫിഞ്ച് (43 പന്തിൽ 27), ഗ്ലെൻ മാക്സ്‍വെൽ (മൂന്നു പന്തിൽ ഒന്ന്), മാർക്കസ് സ്റ്റോയ്നിസ് (27 പന്തിൽ 20), ആഷ്ടൺ ടേണർ (20 പന്തിൽ 20), അലക്സ് കാരി (ഒൻപതു പന്തിൽ മൂന്ന്), നേഥൻ ലയോൺ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.  ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവിനാണ് ഒരു വിക്കറ്റ്, ജൈ റിച്ചാർഡ്സൻ റണ്ണൗട്ടായി.

∙ മോഹിപ്പിച്ച് ഭുവനേശ്വർ – ജാദവ്

രണ്ടാമതു ബാറ്റു ചെയ്യുന്നത് താരതമ്യേന ദുഷ്കരമായ ഫിറോസ് ഷാ കോട്‌ലയിലെ പിച്ചിൽ ഇന്ത്യ പരാജിതരേപ്പോലെയാണ് ബാറ്റു വീശിയത്. മുൻനിര പരാജയപ്പെട്ട മൽസരത്തിൽ ഇന്ത്യയ്ക്ക് അൽപമെങ്കിലും ആശ്വാസം സമ്മാനിച്ചത് മൂന്നു പേരാണ്. ഇന്ത്യൻ ഇന്നിങ്സിലെ ഏക അർധസെഞ്ചുറിക്ക് ഉടമയായ രോഹിത് ശർമയാണ് ഒന്നാമൻ. തീരെ സാവധാനം ബാറ്റു ചെയ്ത രോഹിത് 89 പന്തിൽ നാലു ബൗണ്ടറി സഹിതം നേടിയത് 56 റൺസ്. മുൻനിരയിൽ രോഹിത് ഒഴികെ പിന്നീടാർക്കും കാര്യമായി തിളങ്ങാനാകാതെ പോയത് തിരിച്ചടിയായി. ശിഖർ ധവാൻ (15 പന്തിൽ 12), വിരാട് കോഹ്‍ലി (22 പന്തിൽ 20), ഋഷഭ് പന്ത് (16 പന്തിൽ 16), വിജയ് ശങ്കർ (21 പന്തിൽ 16), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിങ്ങനെയാണ് മുൻനിര താരങ്ങളുടെ പ്രകടനം. ബാറ്റ്സ്മാൻമാരെല്ലാം ഒന്നാകെ കൂടാരം കയറിയതോടെ 28.5 ഓവറിൽ ആറിന് 132 റൺസ് എന്ന നിലയിലായി ഇന്ത്യ.

ഇവിടെ നിന്നാണ് ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ തുടക്കം. ഓസീസ് ബോളിങ്ങിനെയോ ഫിറോസ് ഷാ കോട്‌ലയിലെ പിച്ചിനെയോ തെല്ലും കൂസാതെ ക്രീസിൽനിന്ന ഭുവനേശ്വർ കുമാർ – കേദാർ ജാദവ് സഖ്യമാണ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചത്. 54 പന്തുകൾ നേരിട്ട ഭുവനേശ്വർ കുമാർ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 46 റൺസെടുത്തു. 57 പന്തുകൾ നേരിട്ട കേദാർ ജാദവ് ആകട്ടെ, നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസും നേടി.

bhuvaneshwar-kumar

ഇടയ്ക്ക് ഇരുവരും ചേർന്ന് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുന്ന സാഹചര്യം പോലുമുണ്ടായതാണ്. ഏഴാം വിക്കറ്റിൽ 16.1 ഓവർ ക്രീസിൽനിന്ന ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിലേക്കു ചേർത്തത് 91 റൺസ്. എന്നാൽ, 46–ാം ഓവറിന്റെ അവസാന പന്തിൽ ഭുവനേശ്വർ കുമാറിനെ ആരോൺ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് പാറ്റ് കമ്മിൻസും തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ ജാദവിനെ മാക്സ്‍വെല്ലിന്റെ കൈകളിലെത്തിച്ച് ജൈ റിച്ചാർഡ്സനും ഇന്ത്യൻ കുതിപ്പിനു വിരാമമിട്ടു. പിന്നീടെത്തിയ മുഹമ്മദ് ഷമി (ഏഴു പന്തിൽ മൂന്ന്), കുൽദീപ് യാദവ് (12 പന്തിൽ ഒൻപത്) എന്നിവരും കൃത്യം 50 ഓവറിനുള്ളിൽ ‘പുറത്തായിക്കൊടുത്തു’.

വ്യക്തിഗത സ്കോർ 46ൽ എത്തിയപ്പോൾ രോഹിത് ശർമ ഏകദിനത്തിൽ 8000 റൺസും തികച്ചു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായും രോഹിത് മാറി. 200 ഇന്നിങ്സുകളിൽനിന്ന് 8000 കടന്ന സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത് ഇപ്പോൾ. മുന്നിലുള്ളത് വിരാട് കോഹ്‍ലി (175 ഇന്നിങ്സ്), എ.ബി. ഡിവില്ലിയേഴ്സ് (182 ഇന്നിങ്സ്) എന്നിവർ.  

∙ ഖവാജയാണ് താരം

ഈ പരമ്പരയുടെ പ്രധാന കണ്ടെത്തൽ ആരാണെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; ഉസ്മാൻ ഖവാജ! ഏതാനും മാസങ്ങൾക്കു മുൻപിൽ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനത്തിനു ചെന്നപ്പോൾ, താരമാകുമെന്ന് മുൻ നായകൻ റിക്കി പോണ്ടിങ് പ്രവചിച്ച താരമാണ് ഖവാജ. പക്ഷേ, കളത്തിൽ ഇന്ത്യ കരുത്തുകാട്ടിയതോടെ ഖവാജ കടലാസിലെ പുലിയായി. ഏതാനും മാസങ്ങൾക്കിപ്പുറം ഇന്ത്യൻ മണ്ണിൽ ഓസീസ് ഏകദിന പരമ്പര നേടുമ്പോൾ, മുന്നിൽനിന്നു നയിച്ച് ഖവാജ പരമ്പരയുടെ താരമായി.

ഇന്ത്യയിലേക്കു വരുമ്പോൾ ഖവാജയ്ക്ക് ലോകകപ്പ് ടീമിൽ സ്ഥാനം പോലും ഉറപ്പില്ലായിരുന്നുവെന്നതാണ് സത്യം. എന്നാൽ, ഇന്ത്യൻ മണ്ണിൽ അഞ്ചു മൽസരങ്ങൾക്കിടെ രണ്ടു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സ്വന്തമാക്കി ഖവാജ കുതിച്ചുകയറിയത് ഓസീസിന്റെ ലോകകപ്പ് ടീമിലേക്കു കൂടിയാണ്.

usman-khawaja

റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിലാണ് ഖവാജ തന്റെ ആദ്യ രാജ്യാന്തര ഏകദിന സെഞ്ചുറി കുറിച്ചത്. ഒരു മൽസരത്തിന്റെ ഇടവേളയ്ക്കുശേഷം ഇവിടെ വീണ്ടുമിതാ, അദ്ദേഹം സെഞ്ചുറി തൊട്ടിരിക്കുന്നു. ഇതിനിടയിലുള്ള മൊഹാലി ഏകദിനത്തിൽ സെഞ്ചുറിക്ക് വെറും ഒൻപതു റൺസ് അകലെയാണ് ഖവാജ പുറത്തായത്. ഈ പരമ്പരയിലാകെ അഞ്ചു മൽസരങ്ങളിൽനിന്ന് ഖവാജയുടെ സമ്പാദ്യം 380 റൺസാണ്. റൺവേട്ടയിൽ രണ്ടാമതുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് 310 റൺസേയുള്ളൂ. അഞ്ചു മൽസരങ്ങളിൽ ഖവാജയുടെ ഏറ്റവും ‘മോശം’ പ്രകടനം നാഗ്പുരിൽ നേടിയ 38 റൺസാണ്!

∙ ഇതു വെറും തോൽവിയല്ല

ഡൽഹി ഏകദിനത്തിലെ തോൽവിയോടെ പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് ഇതെല്ലാം വെറുമൊരു തോൽവിയല്ല. നാണക്കേടിന്റെ ഒരുപിടി റെക്കോർഡുകൾ കൂടിയാണ് ഈ മൽസരം ഇന്ത്യയ്ക്കു സമ്മാനിച്ചത്. 2015ൽ ദക്ഷിണാഫ്രിക്കയോട് 2–3നു തോറ്റശേഷം ഇതാദ്യമാണ് സ്വന്തം നാട്ടിൽ ഇന്ത്യ ഏകദിന പരമ്പര കൈവിടുന്നത്. അതായത് ഏതാണ്ട് നാലു വർഷത്തെ ഇടവേളയ്ക്കുശേഷം.

വിരാട് കോഹ്‍ലിക്കു കീഴിൽ നാട്ടിൽ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര നഷ്ടം കൂടിയായി ഇത്. വിശേഷങ്ങൾ ഇവിടം കൊണ്ടും തീരുന്നില്ല. വിരാട് കോഹ്‍ലിക്കു കീഴിൽ ഇന്ത്യ തുടർച്ചയായി മൂന്ന് ഏകദിനങ്ങൾ തോൽക്കുന്നത് ഇതാദ്യമായാണ്. ഇതിനു മുൻപ് ഇന്ത്യ നാട്ടിൽ തുടർച്ചയായി മൂന്ന് ഏകദിനങ്ങൾ തോറ്റത് 2009ലാണ്. അന്നും എതിരാളികൾ ഓസീസ് തന്നെ. 2012ൽ ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുശേഷം ഒരു പരമ്പരയിലെ മൂന്നു മൽസരങ്ങളിൽ ഇന്ത്യ ഓൾഔട്ടാകുന്നതും ആദ്യം.

rohit-sharma

ഏകദിന ചരിത്രത്തിൽ ആദ്യ രണ്ട് മൽസരങ്ങൾ തോറ്റശേഷം തിരിച്ചുവന്ന് പരമ്പര സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം സംഭവമാണ് ഡൽഹിയിൽ കണ്ടത്. 2003ൽ പാക്കിസ്ഥാനെഥിരെ ദക്ഷിണാഫ്രിക്കയാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. 2005ൽ സിംബാബ്‍‌വെയ്ക്കെതിരെ ബംഗ്ലദേശ് (3–2), 2005ൽത്തന്നെ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ (4–2), 2016ൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക (3–2) എന്നിവരാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

English Summary: India vs Australia 5th ODI: Australia pocket series with 35-run victory over India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com