sections
MORE

ഇപ്പോഴില്ലെങ്കിൽ പരീക്ഷണം എപ്പോൾ?, ടീമിനെക്കുറിച്ച് ധാരണയുണ്ട്: കോഹ്‍ലി

virat-kohli
വിരാട് കോഹ്‍ലി
SHARE

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ കളിക്കേണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആദ്യ പതിനൊന്നു പേരേക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ തുടർച്ചയായ മൂന്നാം ഏകദിനവും തോറ്റതിനു പിന്നാലെയാണ് കോഹ്‍ലിയുടെ അഭിപ്രായ പ്രകടനം. അതേസമയം, 2–0നു ലീഡെടുത്ത ശേഷം ഓസീസിനെതിരെ പരമ്പര കൈവിട്ടതിനു യാതൊരു ന്യായീകരണവുമില്ലെന്നും കോഹ്‍ലി പറഞ്ഞു.

ഡൽഹി ഫിറോസ് ഷാ കോട്‌ലയിൽ നടന്ന അഞ്ചാം ഏകദിനത്തിൽ 35 റൺസിനു ജയിച്ച ഓസ്ട്രേലിയ 3–2നു പരമ്പര സ്വന്തമാക്കിയിരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള അവസാന ഏകദിന പരമ്പരയിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ടീമിനെതിരെ ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ പരമ്പരയിലെ തോൽവിയുടെ പേരിൽ ടീമിലെ ആർക്കും ആശങ്കയില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ലോകകപ്പിൽ കളിക്കേണ്ട താരങ്ങളുടെ കാര്യത്തിൽ ഇപ്പോൾത്തന്നെ വ്യക്തതയുണ്ടെന്നും കോഹ്‍ലി വെളിപ്പെടുത്തി.

‘ഈ തോൽവിയുടെ പേരിൽ ഡ്രസിങ് റൂമിലുള്ള ആർക്കും അനാവശ്യ ആശങ്കകളില്ല. പരിശീലക സംഘത്തിനും വേവലാതികളില്ല. കാരണം, ഈ മൂന്നു മൽസരങ്ങളിൽനിന്ന് ടീമിന് എന്താണ് വേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കെല്ലാം കൃത്യമായ ധാരണയുണ്ട്. ലോകകപ്പിനു മുന്നോടിയായി ടീമിനെ ഉറപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഇപ്പോൾ കൂടുതൽ ബാലൻസ്ഡ് ആയി എന്ന തോന്നലുമുണ്ട്. സമ്മർദ്ദ നിമിഷങ്ങളിൽ നമ്മളേക്കാൾ മികച്ചുനിൽക്കാൻ ഓസീസിനു സാധിച്ചതാണ് അവർക്കു പരമ്പര ലഭിക്കാൻ കാരണം’ – കോഹ്‌ലി പറഞ്ഞു.

‘ടീമെന്ന നിലയിലും കോംബിനേഷനുകളുടെ രൂപീകരണത്തിലും നല്ല ആത്മവിശ്വാസമുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ഇനി കൂടിപ്പോയാൽ ഒരു മാറ്റത്തിനേ സാധ്യതയുള്ളൂ. അതിലുപരി, ഇംഗ്ലണ്ടിൽ കളത്തിലിറങ്ങേണ്ട പതിനൊന്നംഗ ടീമിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ട്’ – കോഹ്‍ലി വെളിപ്പെടുത്തി.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ അനാവശ്യ പരീക്ഷണങ്ങൾക്കു തുനിഞ്ഞതായി ആരാധകർക്കിടയിൽ കടുത്ത വിമർശനമുയർന്നിരുന്നു. അഞ്ച് ഏകദിനങ്ങളിലും കളിക്കാൻ അവസരം ലഭിച്ചത് അഞ്ചു താരങ്ങൾക്കു മാത്രമാണ്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ഓപ്പണർമാരായ ശിഖർ ധവാൻ, രോഹിത് ശർമ, കേദാർ ജാദവ്, വിജയ് ശങ്കർ എന്നിവരാണ് എല്ലാ മൽസരങ്ങളിലും കളിച്ചത്. ആദ്യ മൂന്ന് ഏകദിനങ്ങളിൽ കളിച്ച ധോണിക്ക് അവസാന രണ്ടു മൽസരങ്ങളിൽ വിശ്രമം അനുവദിച്ചു.

പകരം അവസരം ലഭിച്ച ഋഷഭ് പന്ത് രണ്ട് ഇന്നിങ്സുകളിൽനിന്ന് 52 റൺസാണ് നേടിയത്. അമ്പാട്ടി റായുഡുവിന് മൂന്ന് മൽസരങ്ങളിൽ അവസരം ലഭിച്ചെങ്കിലും കാര്യമായി തിളങ്ങാനായില്ല. ലോകേഷ് രാഹുലിന് ഒരേയൊരു മൽസരത്തിലാണ് അവസരം ലഭിച്ചത്. അവസാന ഏകദിനത്തിൽ അഞ്ച് ബോളർമാരുമായാണ് ഇന്ത്യ കളിച്ചത്. ലോകേഷ് രാഹുലിനെ പുറത്തിരുത്തി പകരം മുഹമ്മദ് ഷമിയെ കളത്തിലിറക്കിയ ഇന്ത്യ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവരെയും ചേർത്ത് മൂന്നു പേസർമാരെ കളത്തിലിറക്കി.

കുൽദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജ സ്പിന്നറുടെ വേഷത്തിലെത്തി. രാഹുലിന്റെ അസാന്നിധ്യത്തിൽ ബാറ്റിങ്ങിനു കൂടി സഹായകരമാകുന്നതിനാണ് ചാഹലിനെ പുറത്തിരുത്തി ജഡേജയെ കളിപ്പിച്ചതെങ്കിലും ഫലമുണ്ടായില്ല. മൂന്നു പന്തിൽ അക്കൗണ്ടു തുറക്കാനാകാതെ ജഡേജ പുറത്തായി.

‘അവസാന മൂന്നു മൽസരങ്ങളിൽ ടീമിലെ റിസർവ് താരങ്ങളുടെ മികവു പരീക്ഷിക്കാനായിരുന്നു ശ്രമം. മാത്രമല്ല, അവർക്കു കുറച്ചുകൂടി സമയം കൊടുക്കാനും ശ്രദ്ധിച്ചു. വിവിധ സാഹചര്യങ്ങളിൽ യുവ താരങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നും പരിശോധിച്ചു’ – കോഹ്‍ലി പറഞ്ഞു.

‘ഈ മൂന്നു മൽസരങ്ങളിലല്ലാതെ എപ്പോഴാണ് ലോകകപ്പ് മുൻനിർത്തി നമുക്കു പരീക്ഷണങ്ങൾ നടത്താനാകുക? തോൽവിക്ക് ഇതൊരു ന്യായീകരണമാണെന്നല്ല. കാരണം, ആരു കളിച്ചാലും ജയം മാത്രമാണ് നമ്മുടെ ലക്ഷ്യം. പ്ലേയിങ് ഇലവനിലെ മാറ്റങ്ങളുടെ പേരിൽ തോൽവിയെ ന്യായീകരിക്കുന്നുമില്ല. അങ്ങനെ ന്യായീകരണങ്ങൾ പറയുന്ന ആളുമല്ല ഞാൻ. ഇത്തരം മൽസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശേഷിയുള്ള താരങ്ങള്‍ക്ക് അവസരം നൽകുക മാത്രമാണ് ചെയ്തത്’ – കോഹ്‍ലി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA