ADVERTISEMENT

ഒരൊറ്റ പരമ്പര കൊണ്ട് തലവര മാറുന്ന ചില താരങ്ങളുണ്ട്. ആഴക്കടലിൽനിന്ന് അത്ഭുതകരമായി മുത്തുവാരിപ്പോകുന്ന ചിലർ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ അങ്ങനെ മുത്തു വാരിയ ഒരാളേയുള്ളൂ ഓസീസ് നിരയിൽ -  ഉസ്മാൻ ഖവാജ. പാക്കിസ്ഥാൻ വേരുകളുള്ള  ഈ ഓപ്പണിങ് ബാറ്റ്സ്മാന്റെ പ്രകടനത്തിലാണ് ഇന്ത്യൻ മണ്ണിൽ ആതിഥേയരെ ഞെട്ടിച്ച് ഓസ്ട്രേലിയ ഏകദിന പരമ്പര പിടിച്ചെടുത്തത്. 

∙ ഖവാജയുടെ പരമ്പര

അഞ്ചു മൽസരങ്ങളിൽ നിന്നു രണ്ട് സെഞ്ചുറി. അത്രതന്നെ അർധസെഞ്ചുറി. ശേഷിച്ച ഒന്നിൽ 38 റൺസും. പരമ്പരയിലാകെ നേടിയത് 76.60 റൺസ് ശരാശരിയിൽ 383 റൺസ്. ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വറും കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും നിരന്ന, സമീപകാല ലോക ക്രിക്കറ്റിലെ ഏറ്റവും മൂർച്ചയേറിയ ബോളിങ് നിരയ്ക്കെതിരെയാണ് ഖവാജയുടെ ഈ പ്രകടനം തലയുയർത്തി നിൽക്കുന്നത്. ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും പുറത്തിരിക്കുന്ന ടീമിലെ ഒരു ബാറ്റ്സ്മാനിൽനിന്ന് ആരും പ്രതീക്ഷിക്കാത്ത പ്രകടനവുമായി ഖവാജ ക്രീസ് അടക്കി വാഴുമ്പോൾ തിളക്കം വയ്ക്കുന്നതു ഓസീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കു കൂടിയാണ്.

50, 38, 104, 91, 100 എന്നിങ്ങനെയാണ് ഖവാജയുടെ സ്കോറുകൾ. കോഹ്‌ലിയും രോഹിതും പോലുള്ള വമ്പൻമാരെ നിഷ്പ്രഭരാക്കി മാൻ ഓഫ് ദ് സീരീസ് ബഹുമതിയും ഖവാജയിൽത്തന്നെ ചെന്നെത്തി. ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പാക്കാനും ഖവാജയ്ക്കു കഴിഞ്ഞു. വിലക്കിനു ശേഷം തിരിച്ചെത്തുന്ന വാർണർക്കൊപ്പം ലോകകപ്പിൽ ഓസ്ട്രേലിയൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തുക ഈ 32 കാരനായേക്കും. 

∙ കരിയർ മാറ്റിയ പരമ്പര

പരമ്പരയിൽ ഈ ഇടംകയ്യൻ സ്വന്തമാക്കിയ റെക്കോർഡുകളിങ്ങനെ: അ‍ഞ്ചു മൽസര പരമ്പരയിൽ നാല് ഇന്നിങ്സുകളിൽ അർധ സെഞ്ചുറികൾക്കുമേൽ. 2012ൽ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ ഇതേ നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യയിൽ അ‍ഞ്ചു മൽസര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് (383). മറികടന്നത് ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിനെ (353). ഇതോടൊപ്പം തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നഷ്ടപ്പെട്ടൊരു  റെക്കോർഡുമുണ്ട്– 5 മൽസരങ്ങളുടെ പരമ്പരയിൽ ഓസീസിനായി ഏറ്റവുമധികം  റൺസ് നേടിയ  താരമെന്ന നേട്ടം. വാർണറുടെ (386) പേരിലുള്ള ഈ ബഹുമതിക്കു വെറും മൂന്നു റൺസ് അകലെയാണു ഖവാജ പരമ്പര അവസാനിപ്പിച്ചത്.

ഇന്ത്യയിലെത്തും മുൻപു കളിച്ച 21 ഏകദിനങ്ങളിൽ മൂന്നക്കം കാണാൻ ഖവാജയ്ക്കു കഴിഞ്ഞിരുന്നില്ല.  ഇന്ത്യയിൽ കാൽ കുത്തുമ്പോൾ താരത്തിന്റെ ഏകദിന പ്രകടനമിങ്ങനെയായിരുന്നു: 21 കളികൾ, 583 റൺസ്, ഉയർന്ന സ്കോർ 98, ശരാശരി 32. തന്റെ ഭാഗ്യമണ്ണ് ഇന്ത്യയാണെന്നു പറയാൻ ഇനി ഖവാജ മടിക്കില്ലെന്നു സാരം. ഖവാജ (ഖ്വാജ)എന്ന എന്ന പേർഷ്യൻ വാക്കിനു മാസ്റ്റർ, പ്രഭു എന്നൊക്കെയാണർഥം. പേരുപോലെ, താരം റൺപ്രഭുവായി മാറിയാൽ ലോകകപ്പിൽ ഓസീസിനു മുതൽക്കൂട്ടാകും.

ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയിൽ ടീമിന്റെ വിശ്വസ്തനാണു ഖവാജ. അടുത്തിടെ പാക്കിസ്ഥാനെതിരെ യുഎഇ ടെസ്റ്റിലെ നാലാം ഇന്നിങ്സിൽ 302 പന്ത് നേരിട്ട ഖവാജയുടെ പ്രകടനം എടുത്തുപറയണം. പാക്ക് ബോളർമാരെ ക്ഷമയോടെ നേരിട്ടു 141 റൺസ് കുറിച്ച ആ ഇന്നിങ്സ് വിജയത്തിളക്കമുള്ള സമനിലയാണ് ഓസ്ട്രേലിയ്ക്കു സമ്മാനിച്ചത്.  പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ ജനിച്ച ഉസ്മാൻ താരിഖ് ഖവാജ അഞ്ചാം വയസ്സിൽ കുടുംബത്തിനൊപ്പം ന്യൂ സൗത്ത് വെയിൽസിലേക്കു കുടിയേറിയതാണ്. ഓസ്ട്രേലിയൻ ടീമിൽ ഇടം നേടിയ ആദ്യ മുസ്‌ലിം ക്രിക്കറ്ററും ഖവാജ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com