ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ തോൽവി, ലോകകപ്പിന് തയാറെടുക്കുന്ന വിരാട് കോഹ്‍ലിക്കും സംഘത്തിനുമുള്ള മുന്നറിയിപ്പാണെന്ന് മുൻ ഇന്ത്യൻ താരവും ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിൽ പോയി അത്രയെളുപ്പം ലോകകപ്പും നേടി മ‍ടങ്ങാമെന്ന് ഇനി കരുതേണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യയിൽ നടന്ന അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര 2–3നാണ് ഇന്ത്യ ഓസീസിന് അടിയറവു വച്ചത്. ആദ്യ രണ്ട് ഏകദിനങ്ങൾ ജയിച്ചശേഷമായിരുന്നു മൂന്നു തോൽവികളെന്നത് പരമ്പര നഷ്ടത്തിന്റെ വേദന കൂട്ടുന്നു.

‘ഇന്ത്യയെ സംബന്ധിച്ച് ഇക്കുറി ലോകകപ്പ് കിരീടനേട്ടം അനായാസം സാധിക്കുമെന്നൊരു ചിന്ത ഉണ്ടായിരുന്നു. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയോടെ അതു മാറി. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ അതീവ ശ്രദ്ധയോടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ കിരീടം നേടാനാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

‘ഒരു തരത്തിൽ നോക്കിയാൽ ഈ തോൽവി ഒരു അനുഗ്രഹമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏകദിനത്തിൽ ഇന്ത്യയുടെ പ്രകടനം ഉജ്വലമാണ്. ലോകത്തിലെ ഒന്നാം നമ്പർ ടീമെന്ന നിലയിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ പുലർത്തുന്ന അധീശത്വം കൊണ്ടും ഇക്കുറി ഇന്ത്യ അനായാസം ലോകകപ്പ് നേടും എന്നൊരു ചിന്തയുണ്ടായിരുന്നു. ഓസീസിനെതിരെ പരമ്പര നഷ്ടമായതോടെ ഈ ചിന്തയിൽ വ്യത്യാസം വന്നു’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

‘എങ്കിലും ഈ പരമ്പരയിൽ സംഭവിച്ച കാര്യങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി എനിക്കു തോന്നുന്നില്ല. കിരീടം നേടാനുള്ള ഇന്ത്യയുടെ സാധ്യത കുറഞ്ഞതായും കരുതുന്നില്ല. ഇപ്പോഴും ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുന്നിൽത്തന്നെയുണ്ട് ഇന്ത്യ. എങ്കിലും കാര്യങ്ങൾ ഇനിയങ്ങോട്ട് കൂടുതൽ കഠിനമാകും. മികച്ച പ്രകടനം പുറത്തെടുത്താലേ രക്ഷയുള്ളൂ’ – ദ്രാവി‍ഡ് അഭിപ്രായപ്പെട്ടു. 

English Summary: India's stunning 2-3 defeat against Australia at home in the bilateral ODI series and the setback should act as a warning sign for Virat Kohli and his men going into the upcoming World Cup as one of the favourites, feels former captain Rahul Dravid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com