ADVERTISEMENT

ന്യൂഡൽഹി∙ മാസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഗംഭീർ ‘രാഷ്ട്രീയ ഇന്നിങ്സിന്’ തുടക്കം കുറിച്ചത്. കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‍ലി, രവിശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗംഭീർ ബിജെപിയിൽ അംഗത്വമെടുത്തത്. ന്യൂഡൽഹി മണ്ഡലത്തിൽപെടുന്ന രാജേന്ദ്ര നഗർ സ്വദേശിയായ ഗംഭീർ ഇവിടെനിന്നു ലോക്സഭയിലേക്കു മൽസരിക്കുമെന്നാണ് വിവരം. അതേസമയം, ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ഗംഭീറിനെ പാർട്ടിയിലേക്കു സ്വീകരിച്ച അരുൺ ജയ്റ്റ്‍ലി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ഗംഭീർ വ്യക്തമാക്കി. ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഉജ്വലമാണ്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ ബിജെപി പ്രവേശനത്തിലൂടെ തനിക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗംഭീർ വ്യക്തമാക്കി. കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹിയുടെ നായകനായിരുന്നെങ്കിലും മോശം ഫോമിനെത്തുടർന്ന് നായക സ്ഥാനം ശ്രയസ് അയ്യർക്കു കൈമാറി സ്വയം ടീമിൽനിന്ന് ഒഴിവായ ഗംഭീർ ആരാധകരുടെ കൈയടി വാങ്ങിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഗംഭീറിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന വീരേന്ദർ സേവാഗിന്റെ പേരും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ടിരുന്നെങ്കിലും അദ്ദേഹം ഈ റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി സേവാഗിനു സീറ്റും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ക്ഷണം നിരസിച്ചെന്നു മുതിർന്ന ബിജെപി നേതാക്കൾ വ്യക്തമാക്കി. അതേസമയം, മത്സരസൂചന ഗംഭീറും നേരത്തെ തള്ളിയിരുന്നെങ്കിലും പല പാർട്ടി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.

∙ തിരഞ്ഞെടുപ്പിൽ മൽസരിക്കുമോ?

ന്യൂഡൽഹി മണ്ഡലത്തിൽപെടുന്ന രാജേന്ദ്ര നഗർ സ്വദേശിയാണു ഗംഭീർ. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തിൽനിന്ന് ഗംഭീർ ജനവിധി തേടുമെന്നാണ് വിവരം. നിലവിൽ ഇവിടെ നിന്നുള്ള എംപിയായ മീനാക്ഷി ലേഖിയെ മറ്റൊരു മണ്ഡലത്തിൽ മൽസരിപ്പിച്ചേക്കും. 2014 ൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി അമൃത്‌സറിൽ മത്സരിച്ചപ്പോൾ ഗംഭീർ പ്രചാരണത്തിൽ സജീവമായിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ രൂക്ഷമായി വിമർശിക്കാനും ഗംഭീർ മുൻനിരയിലുണ്ട്.

ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം നൽകിയ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി കത്തയച്ചിരുന്നു. അടുത്തിടെ രാജ്യത്തെ ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ഗംഭീറിനെ ആദരിച്ചപ്പോഴും പ്രധാനമന്ത്രി അഭിനന്ദിച്ച് കത്തെഴുതി.

∙ ലോകകപ്പ് ടീമിൽ അംഗം

ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഗംഭീർ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള താരവുമാണ് മുപ്പത്തിയേഴുകാരനായ ഗംഭീർ. ഇന്ത്യ ചാപ്യൻമാരായ 2007 ട്വന്റി20 ലോകകപ്പിലും 2011 ലോകകപ്പിലും ടീമിനായി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനവും കളിച്ചു. ആഭ്യന്തര മൽസരങ്ങളിൽ തുടർച്ചയായി മികവു തെളിയിച്ചിട്ടും ദീർഘകാലം ഇന്ത്യൻ ടീമിനു പുറത്തായിരുന്ന ഗംഭീർ 2016ൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.

2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ 75 റൺസോടെ ടോപ് സ്കോററായിരുന്നു. പിന്നീട് 2011 ഏകദിന ലോകകപ്പ് ഫൈനലിലും 97 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ധോണിയുമൊത്ത് നാലാം വിക്കറ്റിൽ 109 റൺസ് കൂട്ടുകെട്ട് തീർത്ത് കിരീടവിജയത്തിൽ നിർണായക പങ്കും വഹിച്ചു. മറ്റു ക്രിക്കറ്റ് നേട്ടങ്ങൾ:

∙ ന്യൂസീലൻ‌ഡിനെതിരെ 2009 നേപ്പിയർ ടെസ്റ്റിൽ പൊരുതി നേടിയ 137 റൺസോടെ ഇന്ത്യയ്ക്കു സമനിലനൽകി.

∙ വീരേന്ദർ സേവാഗിനൊപ്പം 87 ടെസ്റ്റിൽ 52.52 ശരാശരിയിൽ നേടിയത് 4412 റൺസ്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ ഓപ്പണിങ് കൂട്ടുകെട്ട്.

∙ 2009ലെ ഐസിസി പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം. അതേ വർഷം ടെസ്റ്റ് ബാറ്റിങിലെ ഒന്നാം സ്ഥാനം.

∙ തുടർച്ചയായ 5 ടെസ്റ്റ് മൽസരങ്ങിൽ സെഞ്ചുറിയടിച്ച 4 താരങ്ങളിൽ ഒരാൾ. സർ ഡൊണാൾഡ് ബ്രാഡ്മാൻ (ഓസീസ്), ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), മുഹമ്മദ് യൂസഫ് (പാക്കിസ്ഥാൻ) എന്നിവരാണ് നേട്ടത്തിലെത്തിയ മറ്റു താരങ്ങൾ.

∙ ഏകദിനത്തിൽ നായകനായ 6 മൽസരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വട്ടം ഐപിഎൽ കിരീടത്തിലും.

∙ ലോക്സഭയിലെത്തിയ ക്രിക്കറ്റ് താരങ്ങൾ

∙ വിജയ് ആനന്ദ്: മുൻ ക്യാപ്റ്റൻ: വിശാഖപട്ടണം (1960, 62) - കോൺഗ്രസ്

∙ കീർത്തി ആസാദ്: ഓൾ റൗണ്ടർ: ദർഭംഗ (ബിഹാർ) (1999, 2009, 2014) – ബിജെപി (2014ൽ തോൽവി)

∙ ചേതൻ ചൗഹാൻ: ബാറ്റ്സ്മാൻ: (അംറോഹ, 1991, 98)– ബിജെപി

∙ നവജ്യോത് സിങ് സിദ്ദു: ബാറ്റ്സ്മാൻ: അമൃത്‍സർ (പഞ്ചാബ്) (2004, 2007, 2009)– ബിജെപി

∙ മുഹമ്മദ് അസ്ഹറുദ്ദീൻ: മുൻ ക്യാപ്റ്റൻ: മൊറാദാബാദ് (യുപി) (2009) – കോൺഗ്രസ് (2014 ൽ തോൽവി)

∙ മൽസരിച്ചു പരാജയപ്പെട്ടവർ

∙ ടൈഗർ പട്ടൗഡി: ക്യാപ്റ്റൻ: 1971 – ഗുഡ്ഗാവ് (ഹരിയാന) –വിശാൽ ഹരിയാന പാർട്ടി, 1991 – ഭോപ്പാൽ (മധ്യപ്രദേശ്)– കോൺഗ്രസ്

∙ കഴ്‍സൺ ഗാവ്റി: ബോളർ: 1991 – ധൻധുക – സ്വതന്ത്രൻ‌

∙ മനോജ് പ്രഭാകർ: ബോളർ: 1996 – സൗത്ത് ഡൽഹി– ഇന്ദിര കോൺ (തിവാരി)

∙ ചേതൻ ശർമ: ബോളർ: 2009 – ഫരീദാബാദ് ബി (ഹരിയാന) എസ്പി

∙ മുഹമ്മദ് കൈഫ്: ബാറ്റ്സ്മാൻ: 2014 – ഫൂൽപു‍ർ (യുപി) – കോൺഗ്രസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com