ADVERTISEMENT

ന്യൂഡ‍ൽഹി∙ 2013ലെ ഐപിഎൽ വാതുവയ്പ്പ് കേസിൽ ശിക്ഷാനടപടി നേരിടുന്ന മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ കാര്യത്തിൽ 3 മാസത്തിനുള്ളിൽ ബിസിസിഐ ഓംബുഡ്സ്മാൻ തീരുമാനമെടുക്കും. ബിസിസിഐ ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് ഡി.കെ. ജയിൻ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ബിസിസിഐയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ അശോക് ഭുഷൺ, കെ.എം. ജോസഫ് എന്നിവർ ഇക്കാര്യം പറഞ്ഞത്.

ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോൾ നിലവിലില്ല. അതിനാൽ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന ഓംബുഡ്സ്മാൻ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐ ഹർജി സമർപ്പിച്ചത്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാർച്ച് 15നാണ് സുപ്രീംകോടതി നീക്കിയത്.

അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മറ്റു ശിക്ഷകൾ ബിസിസിഐയ്ക്ക് തീരുമാനിക്കാമെന്നും അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിനെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. 2013ലെ വാതുവയ്പ്പ് കേസിൽ ഇപ്പോഴും തുടരുന്ന ബിസിസിഐ വിലക്കിനെയാണ് ശ്രീശാന്ത് ഹർജിയിൽ ചോദ്യം ചെയ്തത്.

വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണു ശ്രീശാന്തിന്റെ വാദം. ആരോപണ നിഴലിൽനിന്നു ശ്രീശാന്ത് ഇനിയും പുറത്തുവന്നിട്ടില്ലെന്നു ബിസിസിഐയും നിലപാടെടുത്തു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ബിസിസിഐ വിലക്ക് ശരിവച്ചിരുന്നു. തുടർന്നാണു ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

English Summary: 2013 IPL spot fixing: SC says BCCI Ombudsman to reconsider quantum of punishment for S Sreesanth
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com