ADVERTISEMENT

ഏകദിന ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന ദിനം അടുത്തുവരവെ ഇന്ത്യ, വിൻഡീസ് ടീമുകളിൽ ഇടം നേടാൻ ശക്തമായ അവകാശവാദം ഉന്നയിക്കുന്ന ഇന്നിങ്സുകളുമായി കെ.എൽ. രാഹുലും കീറോൺ പൊള്ളാർഡും. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനായി രാഹുലും മുംബൈ ഇന്ത്യൻസിനായി പൊള്ളാർഡും കഴിഞ്ഞ ദിവസം പുറത്തെടുത്ത പ്രകടനങ്ങൾ അങ്ങനെ അവഗണിക്കാവുന്നവരല്ല തങ്ങൾ എന്ന ഇവരുടെ ശക്തമായ ഓർമപ്പെടുത്തലാണ്.

സിലക്ടർമാർ വീണ്ടും വീണ്ടും കെ.എൽ.രാഹുലിന്  അവസരങ്ങൾ വച്ചുനീട്ടുന്നതെന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിലെ രാഹുലിന്റെ സെഞ്ചുറി. സാങ്കേതികത്തികവാർന്ന ഷോട്ടുകൾ, ടീമിനെ താങ്ങിനിർത്തിയ ഇന്നിങ്സ്. ഡെത്ത് ഓവറുകൾ അടിച്ചുകസറിയ രാഹുൽ (64 പന്തിൽ 100*) ആരാധകരെയും രസിപ്പിച്ചു. വാങ്കഡെയിൽ ഉദിച്ചുയർന്ന കീറോൺ പൊള്ളാർഡ് (31 പന്തിൽ 83)  വിൻഡീസ് ടീമിനും ശുഭസൂചനയാണ്. കഴിഞ്ഞ 30 മാസം വിൻഡീസിൽനിന്നു ‘വിട്ടുനിന്ന’ പൊള്ളാർഡും ലോകകപ്പിനുള്ള വിൻഡീസ് ടീമിലേക്കു മടങ്ങിയെത്താനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു. 

∙ രാഹുൽ കാലം..? 

നാലാം നമ്പരിൽ അമ്പാട്ടി റായുഡുവിന്റെ പേരാകും ആദ്യം പരിഗണിക്കപ്പെടുക. എന്നാൽ ഓസീസിനെതിരായ ഏകദിന പരമ്പരയിൽ നിറംമങ്ങിയ റായുഡുവിന് ഐപിഎല്ലിലെ ഇതുവരെയുള്ള മത്സരങ്ങളിലും തിളങ്ങാനായില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കു നാലാം നമ്പറിൽ റായുഡുവിനു പുറമേ ഒരു പകരക്കാരനെക്കൂടി വേണ്ടിവരും. ഈ സ്ഥാനമാണ് രാഹുലിന്റെ ലക്ഷ്യം. ഐപിഎല്ലിൽ പഞ്ചാബിന്റെ വിക്കറ്റ് കാക്കുന്ന രാഹുലിന് രണ്ടാം വിക്കറ്റ് കീപ്പറായും ടീമിലെത്താം. അങ്ങനെയെങ്കിൽ യുവതാരം ഋഷഭ് പന്ത് ടീമിനു പുറത്താകും. 317 റൺസോടെ ഐപിഎൽ റൺവേട്ടക്കാരുടെ മുൻനിരയിലുള്ള രാഹുലിനെ ഏപ്രിൽ 15നുള്ള ടീം പ്രഖ്യാപനത്തിൽ സിലക്ടർമാർ തള്ളുമോ.. അതോ കൊള്ളുമോ? 

രാഹുലിന്റെ പ്രകടനം

ഏകദിനം - 14

റൺസ്  - 343

ഉയർന്ന സ്കോർ  - 100* 

ശരാശരി - 34.30  

സ്ട്രൈക്ക് റേറ്റ് - 80.89

∙ പൊള്ളാർഡ് റീലോഡഡ്

2016 ഒക്ടോബറിൽ അവസാന രാജ്യാന്തര മത്സരത്തിനിറങ്ങിയ പൊള്ളാർഡിനെ പിന്നീടു വിൻഡീസ് ക്രിക്കറ്റ് ബോർഡ് കരിമ്പട്ടികയിൽപ്പെടുത്തി. തുടർന്നുള്ള പൊള്ളാർഡിന്റെ കളി ക്ലബ് ക്രിക്കറ്റിലേക്കു മാത്രമായി ചുരുങ്ങി. പ്രതിഫലത്തുകയിൽ ക്രിക്കറ്റ് ബോർഡ് പിശുക്കിയപ്പോൾ വൻ തുക ഓഫർ ചെയ്യുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്കു ചേക്കേറിയ ഒട്ടേറെ വിൻസീഡുകാരിൽ ഒരാളാണ് പൊള്ളാർഡും. ഒന്നോ രണ്ടോ ഓവറുകൾ കൊണ്ടു മത്സരഫലം തന്നെ മാറ്റി മറിക്കാൻ പോന്ന താരമായെ പൊള്ളാർഡ് വിൻഡീസ് ടീമിലേക്കു മടങ്ങിയെത്താൻ ആഗ്രഹമുണ്ടെന്നു മനസ്സു തുറന്നുകഴിഞ്ഞു. ക്രിസ് ഗെ‌യ്ൽ, ആന്ദ്രേ റസ്സൽ എന്നിവർക്കൊപ്പം പൊള്ളാർഡ് കൂടി ചേരുമ്പോഴുള്ള വിൻഡീസ് ടീം !! 

പൊള്ളാർഡിന്റെ  പ്രകടനം

ഏകദിനം - 101

റൺസ് - 2289  

ഉയർന്ന സ്കോർ - 119

സ്ട്രൈക്ക് റേറ്റ് - 92.89

വിക്കറ്റ് - 50

വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സ്ഥാനത്തു ഡേവ് കാമറോണിനു പകരം റിക്കി സ്കെറിറ്റ് വന്നതു ശുഭസൂചനയായി കരുതുന്നു. പഴയ ഭാരവാഹികൾ തുടർന്നിരുന്നെങ്കിൽ ഞാൻ ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിനുതന്നെ പ്രസക്തി ഉണ്ടാകുമായിരുന്നില്ല. 31 ആണ് എന്റെ പ്രായം. 39 വയസ്സായ ഗെ‌യ്‌ലിന്റെ ബാറ്റിങ് എല്ലാവരും കാണുന്നില്ലേ... എന്നിൽ ഇനിയും ഒരുപാടു ക്രിക്കറ്റ് ബാക്കിയുണ്ട്. - കീറോൺ പൊള്ളാർഡ് (വിൻഡീസ് ക്രിക്കറ്റ് താരം)

English Summary: KL Rahul and Kieron Pollard Stakes Claim to Have A Spot in World Cup Teams of India and West Indies Respectively.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com