ADVERTISEMENT

ന്യൂഡൽഹി∙ ആരാധകരുടെ ആകാംക്ഷാനിർഭരമായ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സിലക്ടർമാർ, ദിനേഷ് കാർത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നൽകിയത്. അമ്പാട്ടി റായുഡുവിനും ടീമിൽ ഇടം ലഭിച്ചില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയെയും പരിഗണിച്ചില്ല. യുവരാജ് സിങ്, സുരേഷ് റെയ്ന തുടങ്ങിയവരും പുറത്തുതന്നെ.

അതേസമയം ടീമിൽ ഇടം സംശയത്തിലായിരുന്ന രവീന്ദ്ര ജഡേജ, വിജയ് ശങ്കർ, ലോകേഷ് രാഹുൽ എന്നിവരെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് ലോകകപ്പ്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. മുൻ ഇന്ത്യൻ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സരൺദീപ് സിങ്, ദെബാങ് ഗാന്ധി, ജതിൻ പരാഞ്ജ്പെ, ഗഗൻ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിനമായ ഏപ്രിൽ 23 വരെ ഐസിസിയുടെ അനുവാദം കൂടാതെ തന്നെ ടീമിൽ മാറ്റം വരുത്താൻ സൗകര്യമുണ്ട്.

നാല് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാർ, ഒന്നാം വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണി, രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്, പേസ് ബോളിങ് ഓള്‍റൗണ്ടർമാരായി വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, സ്പിൻ ഓൾറൗണ്ടർമാരായി കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സ്പിൻ സ്പെഷലിസ്റ്റുകളായി കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, പേസ് ബോളിങ് യൂണിറ്റിൽ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലുള്ളത്.

ഏറെക്കാലമായി ഇന്ത്യൻ ടീമിനെ കുഴക്കിയിരുന്ന നാലാം നമ്പർ ബാറ്റിങ് പൊസിഷനിലേക്കു പരിഗണിച്ചിരുന്ന താരങ്ങളാണ് ഋഷഭ് പന്തും അമ്പാട്ടി റായുഡുവും. ഇടയ്ക്ക് റായുഡു ഈ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരുന്നെങ്കിലും പിന്നീട് ഫോം നഷ്ടമായതാണ് വിനയായത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായി റായുഡുവിന് ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. മറുവശത്ത് ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, അനുഭവ സമ്പത്തിന്റെ കാര്യത്തിൽ പന്തിനേക്കാൾ മുന്നിൽ നിൽക്കുന്ന ദിനേഷ് കാർത്തിക്കിലാണ് സിലക്ടർമാർ ഇക്കുറി വിശ്വാസമർപ്പിച്ചത്.

അതേസമയം, ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ലോകേഷ് രാഹുൽ ടീമിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഓൾറൗണ്ടറെന്ന നിലയിൽ കുറഞ്ഞകാലം കൊണ്ട് ടീമിന്റെ വിശ്വസ്തനായി മാറിയ വിജയ് ശങ്കറിനും അവസരം ലഭിച്ചു. ഇടക്കാലത്ത് ടീമിൽനിന്നു തഴയപ്പെട്ട രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവും ശ്രദ്ധേയമായി. ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഖലീൽ അഹമ്മദ് തുടങ്ങിയവരുടെ പേരുകളും ടീം സിലക്ഷനുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്നെങ്കിലും ആർക്കും അവസരം ലഭിച്ചില്ല.

ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ‌), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ

English Summary: Indian Team Announcement for ICC World Cup 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com