sections
MORE

ഐപിഎല്ലിലൂടെ വന്നു, അതേവഴി പുറത്ത്; റായുഡുവിനോളം നിരാശ ആർക്കുണ്ട്!

vijay-shankar-ambati-rayudu
വിജയ് ശങ്കറും അമ്പാട്ടി റായുഡുവും (ഫയൽ ചിത്രം)
SHARE

മുംബൈ∙, ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സിലക്ടർമാർ പ്രഖ്യാപിച്ചപ്പോൾ വാർത്തകളിൽ ഇടം പിടിച്ച താരങ്ങൾ ഒരുപിടിയുണ്ട്. ചിലർ ടീമിൽ ഇടം കണ്ടെത്തിയതിലൂടെയും മറ്റു ചിലർ ടീമിൽ ഇടം ലഭിക്കാതെ പോയതിലൂടെയും വാർത്തകളിലെ താരങ്ങളായി. ഇക്കാര്യത്തിൽ ഏറ്റവും നിർഭാഗ്യവാനാരാണ്? ദിനേഷ് കാർത്തിക്കിനു മുന്നിൽ ടീമിലെ സ്ഥാനം നഷ്ടമായ ഋഷഭ് പന്തൊന്നുമല്ല അത്. അമ്പാട്ടി റായുഡുവാണ് നിർഭാഗ്യവാൻമാരിൽ ഏറ്റവും മുമ്പൻ! സിലക്ടർമാർ ഇന്നലെ പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ റായുഡുവിനേക്കാൾ റൺ ശരാശരിയുള്ള മൂന്നു താരങ്ങളേയുള്ളൂ. ക്യാപ്റ്റൻ വിരാട് കോഹ്‍ലി, മഹേന്ദ്രസിങ് ധോണി എന്നിവർക്കൊപ്പം റായുഡുവിനു തൊട്ടുമുന്നിലുള്ള രോഹിത് ശർമയും. എന്നിട്ടും ടീമിലെ സ്ഥാനം റായുഡുവിനു കിട്ടാക്കനിയായി.

ബാറ്റിങ് ഓർഡറിലെ നാലാം നമ്പർ സ്ഥാനത്ത് ടീം നേരിട്ടിരുന്ന കനത്ത പ്രതിസന്ധിക്ക് ലഭിച്ച ഉത്തരമായി ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞുനിന്ന താരമാണ് അമ്പാട്ടി റായുഡു. മികച്ച പ്രകടനങ്ങളുമായി ഈ സ്ഥാനത്ത് റായുഡു ശോഭിച്ചതോടെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും പരിശീലകൻ രവി ശാസ്ത്രിയുടെയും വിശ്വാസവും അദ്ദേഹം നേടിയെടുത്തു. കോഹ്‍ലിയെ നാലാം നമ്പറിലേക്കു മാറ്റി റായുഡുവിനെ വൺഡൗണാക്കാമെന്നു പോലും രവി ശാസ്ത്രി ഇടക്കാലത്ത് അഭിപ്രായം പറഞ്ഞത് മറക്കാറായിട്ടില്ല.

എന്നിട്ടോ? ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇടം കിട്ടാതെ പോയ താരങ്ങള്‍ക്കൊപ്പം വാർത്തകളിൽ നിറഞ്ഞുനിൽക്കാനായി അദ്ദേഹത്തിനു യോഗം. ഒരു മാസം മുൻപു വരെ നാലാം നമ്പർ റായുഡു ഉറപ്പിച്ചതായിരുന്നു. എന്നാൽ പിന്നീട് ഫോം ഔട്ടായി. ഓസ്ട്രേലിയക്കെതിരെ ആദ്യ മൂന്നു ഏകദിനങ്ങളിലെ സ്കോർ ഇങ്ങനെ: 13,18, 2. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഓസ്ട്രേലിയക്കെതിരെ നേരിട്ട 59 പന്തുകളിൽ 40ലും റൺസെടുത്തില്ല. എന്നാൽ നാലാം നമ്പറിൽ 27 മൽസരങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്ത് അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അതിൽ ഒരു സെഞ്ചുറിയടക്കം 750 റൺസാണു നേടിയത്. ശരാശരി 41.66ഉം. ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഇതൊന്നും റായുഡുവിനെ തുണച്ചില്ല. വെറും ഒൻപതു മൽസരങ്ങളുടെ പരിചയസമ്പത്തുമായി വിജയ് ശങ്കർ ടീമിൽ ഇടം കണ്ടെത്തി.

∙ വൈകി വന്ന വസന്തം

രണ്ടായിരത്തിന്റെ തുടക്കത്തിൽ സച്ചിൻ രണ്ടാമൻ എന്നു പറഞ്ഞുറപ്പിച്ച താരമാണ് റായിഡു. ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റുകൊണ്ട് ഉയർന്ന ഗ്രാഫ് വരച്ചു കാട്ടിയിട്ടും ടീമിലേക്കുള്ള അവസരം മാത്രം തുറന്നില്ല. ചൂടൻ പ്രകൃതം കൂടിയായപ്പോൾ കാര്യങ്ങൾ കുഴപ്പത്തിലായി. രഞ്ജി ട്രോഫിയിൽ പല തവണ ടീം മാറി റായിഡു. അപ്പോളും കളി മോശമായിരുന്നില്ല. ഇന്ത്യൻ ടീമിൽ ഇടം നേടാനാകാതെ വിമത ടി20 ലീഗായ ഐസിഎല്ലിൽ കളിച്ചതോടെ ബിസിസിഐയുടെ കണ്ണിലെ കരടായി. പിന്നീട് ബിസിസിഐ മാപ്പു നൽകിയതോടെയാണ് 2009 മുതൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായത്.

ഏറെ വൈകി 2013ൽ  28–ാം വയസ്സിലാണ് റായുഡു ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറിയത്. അന്നുതൊട്ടിന്നോളം 55 ഏകദിനങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. 47.05 റൺ ശരാശരിയിൽ വാരിക്കൂട്ടിയത് 1694 റൺസാണ്. ഇതിൽ മൂന്നു സെഞ്ചുറികളും 10 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത റായുഡു, ആറ് ട്വന്റി20 മൽസരങ്ങളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. ഈ 33–ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് റായുഡുവിന് ഇനിയൊരു മടക്കമുണ്ടാകുമോ എന്നു സംശയം. ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ നാളെയുടെ താരങ്ങൾ അവസരം കാത്ത് ടീമിനു പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും!

വാൽക്കഷ്ണം: കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് നീണ്ട കാലത്തിനുശേഷം റായുഡുവിനെ ഇന്ത്യൻ ജഴ്സിയിലെ പതിവുകാരനാക്കിയത്. റായുഡു ഇന്ത്യയുടെ ലോകകപ്പ് ടീം ചർച്ചകളിൽ പതിവുകാരനായതും ഇതിനു ശേഷമാണ്. ഇപ്പോഴിതാ മറ്റൊരു ഐപിഎൽ സീസണിലെ മങ്ങിയ പ്രകടനം റായുഡുവിനു ലോകകപ്പ് ടീമിനു പുറത്തേക്കുള്ള വഴി തെളിച്ചിരിക്കുന്നു.

English Summary: Will World Cup snub mean end of the road for Ambati Rayudu? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA