sections
MORE

പന്തിനേക്കാൾ കേമനോ കാർത്തിക്?; പന്തിനെ ഒഴിവാക്കിയത് വിഡ്ഢിത്തമെന്ന് വോൺ

rishabh-pant
ഋഷഭ് പന്ത്
SHARE

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഋഷഭ് പന്ത് ടീമിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്തിമ പ്രഖ്യാപനം വന്നപ്പോൾ പന്തിനു ടീമിൽ ഇടമുണ്ടായിരുന്നില്ല. പകരം വന്നതാകട്ടെ, തമിഴ്നാടിന്റെ വെറ്ററൻ താരം ദിനേഷ് കാർത്തിക്കും. പന്തിനെ ഒഴിവാക്കിയ നടപടി വിഡ്ഢിത്തമാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണാണ്. പന്തിനെ ഒഴിവാക്കിയതിനെതിരെ വിമർശനമുയർത്തി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും രംഗത്തെത്തുന്നുണ്ട്.

ടീം തിരഞ്ഞെടുപ്പിനു മുൻപു തന്നെ പന്തിനെ ടീമിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുൻ താരങ്ങളായ സൗരവ് ഗാംഗുലി, വീരേന്ദർ സേവാഗ്, റിക്കി പോണ്ടിങ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. പന്തിനെ നാലാം നമ്പർ സ്ഥാനത്തു കളിപ്പിക്കണമെന്നു പോലും ഓസീസിനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനായ പോണ്ടിങ് ആവശ്യപ്പെട്ടു. ഔദ്യോഗിക ടീം പ്രഖ്യാപനത്തിനു മുൻപ് സ്വന്തം നിലയ്ക്കു ടീമിനെ പ്രഖ്യാപിച്ച വീരേന്ദർ സേവാഗും കാർത്തിക്കിനു പകരം ടീമിൽ ഉൾപ്പെടുത്തിയത് പന്തിനെത്തന്നെ. സേവാഗിന്റെ ടീമും സിലക്ടർമാർ പ്രഖ്യാപിച്ച ടീമും തമ്മിലുള്ള ഏക വ്യത്യാസവും ഇതായിരുന്നു. അടുത്തിടെ കളിക്കാരുമായുള്ള കരാർ പുതുക്കിയ ബിസിസിഐ, എ ഗ്രേഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ താരമാണ് പന്ത് എന്നതും ശ്രദ്ധേയം.

ഇനി, എന്തുകൊണ്ട് പന്തിനെ ഒഴിവാക്കി? ഈ ചോദ്യം ആദ്യം നേരിട്ടത് മറ്റാരുമല്ല. ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് തന്നെ. ടീം പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമ പ്രവർത്തകരാണ് പന്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രസാദിനു മുന്നിൽ ചോദ്യമുയർത്തിയത്.

വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മകളാണ് പന്തിനെ ഒഴിവാക്കാൻ കാരണമെന്നായിരുന്നു പ്രസാദിന്റെ മറുപടി. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യ വിക്കറ്റ് കീപ്പറായ മഹേന്ദ്രസിങ് ധോണിക്കു പരുക്കേറ്റാൽ മാത്രമേ രണ്ടാം വിക്കറ്റ് കീപ്പറിന്റെ സേവനം ടീമിന് ആവശ്യം വരൂ. ഈ സാഹചര്യത്തിൽ മികച്ച ബാറ്റ്സ്മാനെന്നതിനേക്കാൾ മികച്ച വിക്കറ്റ് കീപ്പറിനാണ് പ്രഥമ പരിഗണന. ഇക്കാര്യത്തിൽ പന്തിനേക്കാൾ നല്ലത് ദിനേഷ് കാർത്തിക്കാണെന്നായിരുന്നു പ്രസാദിന്റെ ന്യായീകരണം.

∙ പന്തിനെ പുറത്താക്കാൻ സമ്മർദ്ദം?

അതേസമയം, പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കാൻ പുറമേ നിന്നുള്ള സമ്മർദ്ദവുമുണ്ടായിരുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. പന്തു ടീമിൽ വേണം എന്നായിരുന്നു സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട് എന്നാണ് വിവരം. ഒന്നര മണിക്കൂറോളം നീണ്ട സിലക്ഷൻ കമ്മിറ്റി യോഗത്തിന്റെ ആദ്യ പകുതിയിലെല്ലാം പന്ത് ടീമിൽ ഉണ്ടാകും എന്ന നിലയ്ക്കാണ് ചർച്ചകൾ പുരോഗണിച്ചതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ അധികരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, പന്തു ടീമിൽ വേണ്ട എന്ന ഉറച്ച നിലപാടുമായി ഒരംഗം എത്തിയതോടെയാണ് രംഗം മാറിയത്. ഇന്ത്യൻ ടീമിലെ ഒരു മുതിർന്ന അംഗത്തിന്റെ ഉറച്ച പിന്തുണയോടെയാണ് പന്തിനെ ഒഴിവാക്കാൻ ഇദ്ദേഹം വാദിച്ചതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇദ്ദേഹത്തിന്റെ രംഗപ്രവേശത്തോടെയാണ് ടീമിൽ ഏറെക്കുറെ സ്ഥാനമുറപ്പിച്ചിരുന്ന പന്ത് പുറത്താകുന്നത്. അതേസമയം, ഈ അംഗം ആരാണെന്നോ അദ്ദേഹത്തിനു പിന്തുണ നൽകിയ മുതിർന്ന ടീമംഗം ആരാണെന്നോ വ്യക്തമല്ല.

∙ പന്തുണ്ടെങ്കിൽ ടീമിനെന്ത് ഗുണം?

പന്ത് ടീമിൽ വേണമെന്ന അഭിപ്രായം ടീം മാനേജ്മെന്റിലും ശക്തമായിരുന്നു എന്നു പറയുന്നു. ഇതിനു നാലു കാരണങ്ങളാണ് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 1) ബാറ്റിങ് ഓർഡറിൽ നാലാം നമ്പർ സ്ഥാനത്തു കളിപ്പിക്കാൻ അനുയോജ്യനായ താരമാണ് പന്ത്. മധ്യനിരയിൽ വമ്പനടികളിലൂടെ സ്കോർ ഉയർത്താൻ പന്തിനോളം അനുയോജ്യനായ മറ്റൊരു താരമില്ല. 2) ഓപ്പണർമാരിൽ ആർക്കെങ്കിലും പരുക്കേൽക്കുകയോ ഫോം നഷ്ടമാകുകയോ ചെയ്താൽ പകരം വയ്ക്കാൻ പന്തിനേക്കാൾ മികച്ച താരമില്ല. ഇത്രയും ആക്രമണോത്സുകതയോടെ കളിക്കാൻ അധികം പേരില്ലെന്നതാണു സത്യം. 3) മഹേന്ദ്രസിങ് ധോണി മുഖ്യ വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി പോലും പരിഗണിക്കാവുന്ന താരമാണ് പന്ത്. 4) നാളെയുടെ ക്രിക്കറ്റ് താരമാണ് പന്ത്. പലതവണ അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാതെ പോയ ചിലർക്കായാണ് പന്തിനെ ഒഴിവാക്കിയത്.

പന്തിനെ പുറത്തിരുത്തി സിലക്ടർമാർ അവസരം നൽകിയ ഏതാനും താരങ്ങളുടെ കരിയർ ട്രാക്ക് പരിശോധിക്കാം: 1) ദിനേഷ് കാർത്തിക് – 15 വർഷത്തോളം നീളുന്ന ഏകദിന കരിയറിൽ ഇതുവരെ 91 മൽസരങ്ങൾ മാത്രം കളിച്ച താരമാണ് കാർത്തിക്. 31 റൺസ് ശരാശരിയിൽ ഇതുവരെ നേടിയിട്ടുള്ളത് വെറും 1738 റൺസും. 2) ലോകേഷ് രാഹുൽ – 2018ൽ ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും അതിനോടൊന്നും നീതി പുലർത്താനാകാതെ പോയ താരം. 3) വിജയ് ശങ്കർ – പന്തിനേക്കാൾ നാല് ഏകദിനം മാത്രം കൂടുതൽ കളിച്ച താരമാണ് വിജയ് ശങ്കർ. ഇന്ത്യയുടെ നാലാം നമ്പർ പ്രതിസന്ധിക്ക് വിജയ് ശങ്കർ ഒരു പരിഹാരമാകുമെന്ന് കരുതുക വയ്യ.

2011ൽ ഇന്ത്യ ലോകകപ്പ് നേടുന്ന സമയത്ത് ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കും 21 വയസ്സു മാത്രമായിരുന്നു പ്രായം എന്ന് പന്തിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ വമ്പൻ താരനിരയ്ക്കൊപ്പം കോഹ്‌ലിയേയും ടീമിൽ ഉൾപ്പെടുത്തിയത് ചീഫ് സിലക്ടറായിരുന്ന ദിലീപ് വെങ്സർക്കാരിന്റെ ഒറ്റ വാശിയാണ്. ഭാവിയുടെ താരമെന്ന നിലയിൽ കോഹ്‍ലിയും ടീമിൽ ഉണ്ടാകണമെന്ന വെങ്സർക്കാരിന്റെ നിലപാട് ഇന്ത്യൻ ക്രിക്കറ്റിന് എപ്രകാരമാണ് പിന്നീടു ഉപകാരപ്പെട്ടതെന്ന് നാം കണ്ടതാണ്. വെങ്സർക്കാരിനെപ്പോലുള്ള ക്രാന്തദർശികളുടെ അഭാവമാണ് ഇപ്പോഴത്തെ സിലക്ഷൻ കമ്മിറ്റിയുടെ പോരായ്മയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

English Summary: World Cup 2019: Did selectors blunder by ignoring Rishabh Pant?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA