ADVERTISEMENT

ലണ്ടൻ∙ ഏകദിന ലോകകപ്പിനുള്ള 15 അംഗ സാധ്യതാ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടീമിൽ ഇടം നേടുമെന്ന് കരുതപ്പെട്ടിരുന്ന വിൻഡീസ് വംശജൻ ജോഫ്ര ആർച്ചറിനെ ഒഴിവാക്കിയാണ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആദിൽ റഷീദ്, മോയിൻ അലി എന്നിവർക്കൊപ്പം സ്പിൻ വിഭാഗത്തിൽ ജോ ഡെൻലിയെ ഉൾപ്പെടുത്തിയതു മാത്രമാണ് അപ്രതീക്ഷിത തീരുമാനം. അതേസമയം, ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ലോകകപ്പ് ടീമിലെ 15 പേരെക്കൂടാതെ ജോഫ്ര ആർച്ചറിനെയും ക്രിസ് ജോർദാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ആർച്ചറിന് ഇംഗ്ലണ്ട് ടീമിൽ പ്രവേശനം ലഭിക്കുന്നത്.

വെസ്റ്റ് ഇൻഡീസിൽ ജനിച്ച ജോഫ്ര ആർച്ചർ എല്ലാ കടമ്പകളും പിന്നിട്ട് അടുത്തിടെ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു. ഈ സാഹചര്യത്തിൽ താരത്തെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലേക്കു പരിഗണിച്ചേക്കുമെന്ന സൂചനകളും ശക്തമായിരുന്നു. ഇതിനിടെയാണ് പതിനഞ്ചംഗ ടീമിൽനിന്ന് താരത്തെ ഒഴിവാക്കിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ ആർച്ചർ മികച്ച ഫോമിലാണ്.

അതേസമയം, പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം മാത്രമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് സാധ്യതാ ടീം മാത്രമാണ്. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ആർച്ചറിനും ജോർദാനും ലോകകപ്പ് ടീമിൽ ഇടം നേടാനാകും. മേയ് 19നാണ് ടൂർണമെന്റ് അവസാനിക്കുക. 15 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ ഐപിഎല്ലിൽ കളിക്കുന്ന ലോകകപ്പ് ടീം അംഗങ്ങൾ ഏപ്രിൽ 26നു മുന്നോടിയായി ഇംഗ്ലണ്ടിൽ തിരിച്ചെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഇംഗ്ലണ്ടിന്റെ 15 അംഗ സാധ്യതാ ടീം

ഒയിൻ മോർഗൻ (ക്യാപ്റ്റൻ), മോയിൻ അലി, ജോണി‍ ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ടോം കറൻ, ജോ ഡെൻലി‍, അലക്സ് ഹെയ്‍ൽസ്, ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയി, ബെൻ സ്റ്റോക്സ്, ഡേവ് വില്ലി, ക്രിസ് വോക്സ്, മാർക്ക് വുഡ് (പാക്കിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ ഇവർക്കു പുറമെ ജോഫ്ര ആർച്ചർ, ക്രിസ് ജോർദാൻ എന്നിവരും കളിക്കും).

English Summary: Jofra Archer hasn't been included in England's preliminary 15-man squad, led by Eoin Morgan, for the upcoming world cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com