ADVERTISEMENT

ന്യൂഡൽഹി∙ ലോകകപ്പ് ടീമിൽനിന്നു പുറത്തായതിനു പിന്നാലെ ട്വിറ്ററിൽ വിവാദ സന്ദേശം കുറിച്ച അമ്പാട്ടി റായുഡുവിനെതിരെ നടപടിയുണ്ടാകില്ല. മാത്രമല്ല ഋഷഭ് പന്ത്, പേസ് ബോളർ നവ്ദീപ് സെയ്നി എന്നിവർക്കൊപ്പം ലോകകപ്പ് ടീമിന്റെ സ്റ്റാൻഡ് ബൈ താരമായി റായുഡുവിനെ ബിസിസിഐ നിലനിർത്തുകയും ചെയ്തു. ലോകകപ്പ് ടീമിലെ ആരെങ്കിലും പരുക്കേറ്റു പുറത്തായാൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഇവർക്ക് അവസരമുണ്ട്. 

‘ഐസിസി ചാം‌പ്യൻസ് ട്രോഫിയിലെപ്പോലെതന്നെ ലോകകപ്പിനും 3 സ്റ്റാൻഡ് ബൈ താരങ്ങളുണ്ടാകും. 15 അംഗ ടീമിലെ ആർക്കെങ്കിലും പരുക്കേറ്റാൽ ഇവരിൽ ഒരാൾ ടീമിനൊപ്പം ചേരും,’ ബിസിസിഐയിലെ ഒരംഗം പറഞ്ഞു. 

ഓൾറൗണ്ടർ വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്തിയതോടെയാണു ഹൈദരാബാദുകാരൻ റായുഡുവിന്റെ സ്ഥാനം തെറിച്ചത്.  ലോകകപ്പിലെ മത്സരങ്ങൾ വീട്ടിലിരുന്നു കാണാൻ താൻ ഒരു ത്രീഡി കണ്ണട വാങ്ങി എന്നാണു റായുഡു ട്വിറ്ററിൽ കുറിച്ചത്. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നീ മൂന്നു മേഖലകളിലും പ്രയോജനപ്പെടുത്താവുന്ന ‘ത്രീ ഡയമെൻഷനൽ’ താരമാണു വിജയ് ശങ്കർ എന്നു സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് ടീം സില‌ക് ഷനുശേഷം പറ‍ഞ്ഞിരുന്നു. ഇതിനെതിരെ ആയിരുന്നു പരിഹാസത്തിൽപ്പൊതിഞ്ഞ് റായുഡുവിന്റെ ട്വീറ്റ്.

അതേസമയം, റായുഡുവിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയും രംഗത്തെത്തി. ഹൈദരാബാദുകാരായ ക്രിക്കറ്റ് കളിക്കാരുടെ അവസ്ഥയാണിത്. ഇത്തരം സന്ദർഭം മുൻപു ഞാനും നേരിട്ടിട്ടുണ്ട്– ഓജ ട്വിറ്ററിൽ കുറിച്ചു.

English Summary: BCCI names Pant, Rayudu as standbys in World Cup squad. Speedster Navdeep Saini also found a place in the list of three back-ups for the mega-event starting on May 30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com