ADVERTISEMENT

ഡബ്ലിൻ∙ലോകകപ്പിനു മുൻപേ വെസ്റ്റ് ഇൻഡീസ് ഞെട്ടിച്ചുതുടങ്ങി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ജോൺ കാംബെലും ഷായ് ഹോപും വിൻഡീസിനായി അടിച്ചെടുത്തത് ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്! 365 റൺസാണു സഖ്യത്തിന്റെ നേട്ടം. കാംബെൽ 137 പന്തിൽ 179 റൺസടിച്ചപ്പോൾ ഷായ് ഹോപ് 152 പന്തിൽ 170 റൺസെടുത്തു. ഒരു മൽസരത്തിൽ രണ്ടു താരങ്ങൾ 170 റൺസ് പിന്നിടുന്നത് ഇതാദ്യമാണ്.

ഒടുവിൽ ബാരി മക്കാർത്തി എറിഞ്ഞ 48–ാം ഓവറിലാണ് ഇരുവരും പുറത്തായത്. ജോൺ കാംബെൽ 137 പന്തിൽ 15 ബൗണ്ടറിയും ആറു സിക്സും സഹിതമാണ് 179 റൺസെടുത്തത്. ഷായ് ഹോപ് 152 പന്തിൽ 22 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 170 റൺസുമെടുത്തു. ക്യാപ്റ്റൻ ജേസൺ ഹോള്‍ഡറാണ് വിൻഡീസ് നിരയിൽ പുറത്തായ മൂന്നാമൻ. ആറു പന്തിൽ ഒരു റണ്ണാണ് ഹോൾഡറിന്റെ സമ്പാദ്യം. ഡാരൻ ബ്രാവോ ഏഴു പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

2018ൽ സിംബാ‌ബ്‌വെയ്ക്കെതിരെ ഓപ്പണിങ് വിക്കറ്റിൽ 304 റൺസ് നേടിയ ഇമാം ഉൽ ഹഖ്– ഫഖർ സമാൻ സഖ്യത്തെയാണു (പാക്കിസ്ഥാൻ) കാംബെലും ഹോപും മറികടന്നത്. ഏകദിനത്തിൽ ഏതൊരു വിക്കറ്റിലെയും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. വിൻഡീസിന്റെതന്നെ ക്രിസ് ഗെയ്‌ൽ – മർലോൻ സാമുവൽസ് സഖ്യത്തിന്റെ പേരിലാണ് (2015ൽ സിംബാബ്‌വെയ്ക്കെതിരെ രണ്ടാം വിക്കറ്റിൽ നേടിയ 372 റൺസ്) ഏകദിനത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ്.

ഓപ്പണർമാരുടെ ബാറ്റിങ് മികവിൽ വിൻഡീസ് നിശ്ചിത 50 ഓവറിൽ 3 വിക്കറ്റിന് 381 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 34.4 ഓവറിൽ 185 റ ൺസിനു പുറത്തായി. മത്സരം വിൻഡീസ് 196 റൺസിനു ജയിച്ചു. 7.4 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ആഷ്‌ലി നഴ്സ്, എട്ട് ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഷാനൺ ഗബ്രിയേൽ, ഏഴ് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കെമർ റോച്ച് എന്നിവരാണ് ഐറിഷ് പടയെ തകർത്തത്. 77 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും സഹിതം 68 റൺസെടുത്ത കെവിൻ ഒബ്രീനാണ് അയർലൻഡിന്റെ ടോപ് സ്കോറർ.

ബംഗ്ലദേശാണു പരമ്പരയിലെ മൂന്നാമത്തെ ടീം. ലോകകപ്പിനുള്ള 15 അംഗ വിൻഡീസ് ടീമിൽ ഇടമില്ലാത്ത താരമാണു കാംപെൽ. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഉയർന്ന നാലാമത്തെ സ്കോറാണ് ഷായ് ഹോപ്പ് നേടിയ 170 റൺസ്. ധോണി (183*), ക്വിന്റൺ ഡികോക്ക് (178), ഗിൽക്രിസ്റ്റ് (172) എന്നിവരാണ് മുന്നിലുള്ളത്. ന്യൂസീലൻഡിന്റെ ലൂക്ക് റോഞ്ചിയും ഏകദിനത്തിൽ 170 റൺസ് നേടിയിട്ടുണ്ട്. ഈ റെക്കോർഡിനൊപ്പമാണ് ഹോപ്പും.

English Summary: West Indies openers John Campbell and Shai Hope shattered the record for the highest first-wicket partnership in a one-day international with a stand of 365 as their side thrashed Ireland by 196 runs in Dublin on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com