ADVERTISEMENT

കൊൽക്കത്ത ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ വിജയത്തിനു കാരണം ക്യാപ്റ്റൻ കോഹ്‌ലിയാണെന്ന് സ്പിന്നർ കുൽദീപ് യാദവ്. ടീമിലെ ധോണിയുടെ അപ്രമാദിത്വത്തെക്കുറിച്ച് സൂചന നൽകി വിവാദത്തിലായതിനു പിന്നാലെയാണ് കുൽദീപ് കോഹ്‌ലിയെ പ്രശംസിച്ചെത്തിയത്. എന്നാൽ ധോണിയെക്കുറിച്ച് മോശമായൊന്നും താൻ പറഞ്ഞിട്ടില്ല എന്നാവർത്തിച്ച താരം ടീമിൽ ധോണിയുള്ളത് മറ്റുള്ളവർക്ക് വലിയ സഹായമാണെന്നും പറഞ്ഞു.

‘‘നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്ന ഒരു ക്യാപ്റ്റൻ എന്നത് വലിയ കാര്യമാണ്. ടീമിൽ കോഹ്‌ലി എനിക്ക് എല്ലാ സ്വാതന്ത്ര്യവും നൽകാറുണ്ട്. അതു കൊണ്ടാണ് അറ്റാക്കിങ് ബോളിങ് ഞാൻ പുറത്തെടുക്കാറുള്ളത്..’– കുൽദീപ് പറഞ്ഞു. ഇത്തവണ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നെങ്കിലും ലോകകപ്പിനെ അതു ബാധിക്കില്ലെന്ന് കുൽദീപ് പറഞ്ഞു.

ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി ഒൻപത് മൽസരങ്ങളിൽ നാലു വിക്കറ്റ് മാത്രമാണ് കുൽദീപ് നേടിയത്. ശരാശരി 71.50. ‘ഐപിഎൽ ലോകകപ്പിൽ നിന്നു വ്യത്യസ്തമാണ്. ഐപിഎല്ലിൽ നന്നായി കളിക്കുന്ന പലരും ദേശീയ ടീമിലെത്തുമ്പോൾ മോശമാകാറുമുണ്ടല്ലോ..’– കുൽദീപ് പറഞ്ഞു.

ധോണിയെക്കുറിച്ച് താൻ പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്ന് കുൽദീപ് വീണ്ടും ആവർത്തിച്ചു. ‘എന്നെപ്പോലൊരു യുവതാരം എങ്ങനെയാണ് ധോണിയെപ്പോലൊരു സീനിയർ താരത്തെക്കുറിച്ച് അങ്ങനെ പറയുക? ധോണിയുടെ ഉപദേശങ്ങൾ എനിക്കെന്നല്ല, ടീമിനൊന്നാകെ ഉപയോഗപ്രദമാകാറുണ്ട്. സ്റ്റംപിനു പിന്നിൽ അദ്ദേഹം ഉണ്ട് എന്നത് വലിയ ധൈര്യമാണ്..’’– കുൽദീപ് പറഞ്ഞു. ഐപിഎല്ലിൽ റോയൽ ചാ‍ലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ്സ്മാൻ മൊയീൻ അലി തന്റെ ഓവറിൽ 27 റൺസ് അടിച്ചപ്പോൾ ധോണി ആശ്വാസസന്ദേശം അയച്ച കാര്യവും കുൽദീപ് പറ​ഞ്ഞു. 

∙ കോഹ്‌ലിയുടെ കുൽദീപ്

തന്റെ വിജയത്തിനു കാരണം ക്യാപ്റ്റനായി കോഹ്‌ലിയുള്ളതാണെന്നു പറഞ്ഞ കുൽദീപിന്റെ വാക്കുകൾ സത്യമാണ്. കോഹ്‌ലി ക്യാപ്റ്റനായതോടെ ടീമിലെ മറ്റൊരു റിസ്റ്റ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിനെക്കാൾ കൂടുതൽ അവസരങ്ങൾ കിട്ടിയത് കുൽദീപിനാണ്.

കുൽദീപ് ഇപ്പോൾ കോഹ്‌ലിയെക്കുറിച്ചു പറഞ്ഞതിനു സമാനമായ രീതിയിൽ ചാഹൽ ധോണിയെക്കുറിച്ചാണ് പറയാറുള്ളത് മറ്റൊരു കൗതുകം. ധോണിയെ പണ്ട് താൻ ‘സാർ’ എന്നു വിളിച്ചപ്പോൾ ധോണി തിരുത്തിയ കഥ ചാഹൽ പങ്കു വച്ചിരുന്നു. 

∙ കുൽദീപ് യാദവ് കോഹ്‌ലിക്കു കീഴിൽ

ഏകദിനങ്ങൾ–35, വിക്കറ്റുകൾ–74, മികച്ച ബോളിങ്–6/25,ശരാശരി–21.77 

∙ യുസ്‌വേന്ദ്ര ചാഹൽ കോഹ്‌ലിക്കു കീഴിൽ

ഏകദിനങ്ങൾ–28, വിക്കറ്റുകൾ–51, മികച്ച ബോളിങ്–6/42, ശരാശരി–25.86 

English Summary: Kuldeep Yadav Credits MS Dhoni, Virat Kohli For India's Good Showing In Recent Times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com