ADVERTISEMENT

കൊച്ചി ∙ മലയാളി വേരുകളുള്ള രാജ്യാന്തര ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ ഇനി കേരള ക്രിക്കറ്റിനു സ്വന്തം. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ കർണാടക സ്വദേശി ഉത്തപ്പ (33) അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിൽ കേരള ടീമിൽ കളിക്കും. ഉത്തപ്പയും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) തമ്മിൽ ധാരണയിലെത്തി. കഴിഞ്ഞ സീസണിൽ കളിച്ച സൗരാഷ്ട്രയിൽനിന്ന് നിരാക്ഷേപ പത്രം (എൻഒസി) ലഭിച്ചാൽ ഉത്തപ്പ കേരള ടീമിന്റെ ഭാഗമാവും. പ്രതിഫലത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ സീസണുകളിൽ കേരള ടീമിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ ഓപ്പണർ അരുൺ കാർത്തിക്കിനെ ഒഴിവാക്കിയാണു പരിചയസമ്പന്നനായ ഉത്തപ്പയെ കൊണ്ടു വരുന്നത്. കഴിഞ്ഞ 3 സീസണുകളിലും കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച മധ്യപ്രദേശ് ഓൾറൗണ്ടർ ജലജ് സക്സേന അടുത്ത സീസണിലും കേരളത്തിൽ കളിക്കും. ജലജുമായി കരാറും പുതുക്കി. വാർഷിക പ്രതിഫലം 26 ലക്ഷമാക്കി ഉയർത്തി. കഴിഞ്ഞ 3 സീസണുകളിൽ 55 ലക്ഷം രൂപയായിരുന്നു ജലജിനു നൽകിയ പ്രതിഫലം. ഡേവ് വാട്മോർ തന്നെയാണ് അടുത്ത സീസണിലും പരിശീലകൻ. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി സെമി ഫൈനലിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു.

മുൻ ഹോക്കി അംപയറായ കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്‌ലിന്റെയും മകനായ റോബിൻ ഉത്തപ്പയെ ടീമിലെത്തിക്കാൻ 2 വർഷം മുൻപും കെസിഎ ശ്രമിച്ചിരുന്നു. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിൽ 136 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 21 സെഞ്ചുറിയും 51 അർധ സെഞ്ചുറിയും ഉൾപ്പടെ 9,118 റൺസ് അടിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ്. 

English Summary: Indian International Robin Uthappa to Play for Kerala in the Coming Ranji Trophy Season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com