ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗീകാരമുള്ള ട്വന്റി20 ലീഗുകളിൽ ശ്രദ്ധയൂന്നാൻ ഇന്ത്യൻ താരം യുവരാജ് സിങ്. ടീം ഇന്ത്യയിൽ ഇനി സ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്ന തിരിച്ചറിവിലാണു മുപ്പത്തിയേഴുകാരനായ യുവരാജിന്റെ മനംമാറ്റം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതിക്കായി കാക്കുകയാണ് യുവരാജ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടും യുവരാജ് വിടപറയും. ജിടി20 (കാനഡ), യൂറോ ടി20 (അയർലൻഡ്, ഹോളണ്ട്) എന്നിവിടങ്ങളിൽ നിന്നു യുവരാജിന് ക്ഷണമുണ്ട്. ഇർഫാൻ പഠാൻ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി നേടിയിരുന്നു. കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിൽ യുവരാജുമുണ്ടായിരുന്നു. ആദ്യ മൽസരങ്ങളിൽ അവസരം ലഭിച്ചെങ്കിലും കാര്യമായി തിളങ്ങാനാകാതെ പോയതോടെ അവസാന ഇലവനിലേക്ക് പിന്നീട് പരിഗണിക്കപ്പെട്ടില്ല.

മഹേന്ദ്രസിങ് ധോണിക്കു കീഴിൽ 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായിരുന്നു യുവരാജ്. ഇടക്കാലത്ത് അർബുദം ബാധിച്ചെങ്കിലും വിദഗ്ധ ചികിത്സയും ഇച്ഛാശക്തിയും ചേർന്നതോടെ യുവി കളത്തിൽ മടങ്ങിയെത്തി.

രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്. 33.93 റൺ ശരാശരിയിൽ 1900 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം. മൂന്നു സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതമാണിത്. ഏകദിനത്തിൽ 36.55 റണ്‍സ് ശരാശരിയിൽ 8701 റൺസും (14 സെഞ്ചുറി, 52 അർധസെഞ്ചുറി) നേടി. ട്വന്റി20യിലാകട്ടെ 28.02 റൺസ് ശരാശരിയിൽ 1177 റൺസാണ് സമ്പാദ്യം. പുറത്താകാതെ നേടിയ 77 റൺസാണ് ഉയർന്ന സ്കോർ.

ടെസ്റ്റിൽ ഒൻപത്, ഏകദിനത്തിൽ 111, ട്വന്റി20യിൽ 28 എന്നിങ്ങനെ വിക്കറ്റുകളും സ്വന്തമാക്കി. മികച്ച ഫീൽഡർ കൂടിയായിരുന്ന യുവി ടെസ്റ്റിൽ 31, ഏകദിനത്തിൽ 94, ട്വന്റി20യിൽ 12 ക്യാച്ചുകളും നേടി.

English Summary: Yuvraj Singh, India's hero in the 2011 World Cup and the 2007 World T20, is considering retirement and also thinking about participating in T20 leagues in Canada, Ireland and the Netherlands.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com