ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന് അനുവദിച്ച ഇന്ത്യ–വെസ്റ്റിൻഡീസ് ടി20 മത്സരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടത്തുന്ന കാര്യത്തിൽ ആശങ്ക ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഐഎൽആൻഡ്എഫ്എസ് കടക്കെണിയെത്തുടർന്ന് കേന്ദ്രസർക്കാർ ഏറ്റെടുക്കുകയും സ്റ്റേഡിയം വിൽപനയ്ക്കു വയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ കളിയുടെ തയാറെടുപ്പുകളെ ബാധിക്കുമോ എന്നാണ് ആശങ്ക. 8നു ചേരുന്ന കെസിഎ ജനറൽ ബോഡി യോഗത്തിൽ വേദി സംബന്ധിച്ച് ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമതീരുമാനമെടുക്കുമെന്ന് കെസിഎ വൃത്തങ്ങൾ പറഞ്ഞു.

വെസ്റ്റിൻഡീസുമായുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ഡിസംബർ 8ന് തിരുവനന്തപുരത്ത് മൽസരം നടക്കുമെന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രാജ്യാന്തരമത്സരത്തിനുള്ള തയാറെടുപ്പുകൾ ഉടൻ തുടങ്ങേണ്ടതുണ്ട്. അതേസമയം, സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശം കൈമാറുന്നതിനുള്ള നടപടികൾ 6 മാസമായി നീളുകയാണ്. 2 കമ്പനികൾ സ്റ്റേഡിയം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

മേയ് 18നകം സാമ്പത്തിക ബിഡ് സമർപ്പിക്കാനാണ് നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഈ മാസം 30 വരെ നീട്ടി. സ്റ്റേഡിയത്തിനൊപ്പം ഐഎൽആൻഡ്എഫ്എസിന്റെ 18 സ്ഥാപനങ്ങൾ കൂടി വിൽപ്പനയ്ക്കുള്ളതിനാലാണ് നടപടിക്രമങ്ങൾ നീണ്ടുപോകുന്നതെന്നാണ് സൂചന. നിലവിൽ ഐഎൽആൻഡ്എഫ്എസുമായി കെസിഎയ്ക്ക് കരാറുണ്ട്. സ്റ്റേഡിയം വിൽപന ഉടൻ പൂർത്തിയായാലും ഏറ്റെടുക്കുന്ന പുതിയ ഏജൻസി കരാർ നിബന്ധനകളിൽ മാറ്റം വരുത്തുമോ തുടങ്ങിയ ആശങ്കകളും കെസിഎയ്ക്കുണ്ട്.

സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഓരോ മത്സരം നടത്തുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായി വൻതുക മുടക്കേണ്ടിവരുന്നുണ്ടെന്ന് കെസിഎ പ്രസിഡന്റ് സാജൻ വർഗീസ് പറഞ്ഞു. വെസ്റ്റ് ഇൻഡീസുമായി കഴിഞ്ഞ വർഷം നടന്ന കളിക്കു മുൻപ് കോർപറേറ്റ് ബോക്സ് ഉൾപ്പെടെയുള്ളവയ്ക്കായി 2.5 കോടി രൂപയാണ് മുടക്കിയത്. ഇനിയും സൗകര്യങ്ങളൊരുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com