ADVERTISEMENT

മുംബൈ∙ ഏകദിന, ട്വന്റി20 ലോകകപ്പു നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായിരുന്ന യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുപ്പത്തിയേഴുകാരനായ യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഒന്നര ദശാബ്ദത്തിലധികം ഇന്ത്യൻ ക്രിക്കറ്റിനെ തോളിലേറ്റിയ യഥാർഥ ഓൾറൗണ്ടറാണ് ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു കളമൊഴിയുന്നത്. സൂപ്പർതാരങ്ങൾക്കു പഞ്ഞമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു സുവർണതാരം കൂടി പാഡഴിച്ചിരിക്കുന്നു. ഐപിഎൽ ഒഴികെയുള്ള ട്വന്റി20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ അദ്ദേഹം അറിയിച്ചു.

ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്റെ നട്ടെല്ലായിരുന്നു ഈ ഇടംകയ്യൻ ബാറ്റ്സ്മാൻ. 362 റൺസും 15 വിക്കറ്റും േനടി യുവരാജ് കാഴ്ചവച്ച ഓൾറൗണ്ട് പ്രകടനമാണ് സ്വന്തം നാട്ടിൽ കിരീടമുയർത്താൻ ഇന്ത്യയെ പ്രാപ്തരാക്കിയത്. ഈ ലോകകപ്പിൽ നാലു മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടിയ യുവി, ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 2007ലെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റ്യുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറു സിക്സ് നേടിയതുൾപ്പെടെ ക്രിക്കറ്റ് ആരാധകർ നെഞ്ചേറ്റിയ ഒരുപിടി അവിസ്മരണീയ ക്രിക്കറ്റ് നിമിഷങ്ങളും യുവരാജ് സമ്മാനിച്ചു. അന്ന് 12 പന്തിൽ യുവരാജ് നേടിയ വേഗമേറിയ അർധസെഞ്ചുറിയുടെ റെക്കോർഡ് ഇന്നും ആർക്കും തകർക്കാനായിട്ടില്ല.

ലോകകപ്പിനു തൊട്ടുപിന്നാലെ കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കെ അർബുദ ബാധിതനായ യുവിയുടെ അതിജീവനവും തിരിച്ചുവരവും കായികരംഗത്തെ പ്രചോദനാത്മകമായ ഏടുകളിലൊന്നാണ്. പിന്നീട് അർബുദ രോഗികൾക്കായും യുവരാജ് സമയം ചെലവഴിച്ചു.

∙ യുവരാജിന്റെ വാക്കുകൾ

22 വാരയെ ചുറ്റിപ്പറ്റിയുള്ള 25 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനും രാജ്യാന്തര ക്രിക്കറ്റിലെ 17 വർഷം നീളുന്ന കരിയറിനും വിരാമമിടുന്നു. പൊരുതാനും വീഴാനും നിലംപതിക്കാനും തിരിച്ചുവന്ന് മുന്നോട്ടു കുതിക്കാനും എന്നെ പഠിപ്പിച്ചത് ക്രിക്കറ്റാണ്.

∙ ഏകദിന കരിയർ

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്. 2000ൽ നയ്റോബിയിൽ കെനിയയ്ക്കെതിരായ ഏകദിന മൽസരത്തിലൂടെയായിരുന്നു യുവരാജിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 17 വർഷത്തോളം നീണ്ട കരിയറിനൊടുവിൽ 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെയണ് അവസാന ഏകദിനം കളിച്ചത്.

304 ഏകദിനങ്ങളിൽനിന്ന് 36.55 റണ്‍ ശരാശരിയിൽ 8701 റൺസാണ് സമ്പാദ്യം. 14 സെഞ്ചുറികളും 52 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 150 റൺസാണ് ഉയർന്ന സ്കോർ. ഇത്രയും മൽസരങ്ങളിൽനിന്ന് 111 വിക്കറ്റും സ്വന്തമാക്കി. 31 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മികച്ച ഫീൽഡറായിരുന്ന യുവി 94 ക്യാച്ചും നേടിയിട്ടുണ്ട്.

∙ ടെസ്റ്റ് കരിയർ

താരതമ്യേന തിളക്കം കുറഞ്ഞ ടെസ്റ്റ് കരിയറിന് 2003ൽ ന്യൂസീലൻഡിനെതിരായ മൽസരത്തിലൂടെ തുടക്കമിട്ട യുവി, 2012ൽ ഇംഗ്ലണ്ടിനെതിരെ കൊൽക്കത്തയിലാണ് അവസാന ടെസ്റ്റ് കളിച്ചത്. 40 ടെസ്റ്റുകളിൽനിന്ന് 33.92 റൺ ശരാശരിയിൽ 1900 റൺസും നേടി. മൂന്നു സെഞ്ചുറിയും 11 അർധസെഞ്ചുറികളും സഹിതമാണിത്. ഒൻപതു വിക്കറ്റുകളും 31 ക്യാച്ചും ടെസ്റ്റ് കരിയറിനു തിളക്കമേറ്റുന്നു.

∙ ട്വന്റി20 കരിയർ

2007ൽ സ്കോട്‌ലൻ‍ഡിനെതിരെയായിരുന്നു യുവിയുടെ ട്വന്റി20 അരങ്ങേറ്റം. 2017 ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തോടെ ട്വന്റി20 കരിയറിനും വിരാമം. ട്വന്റി20യിൽ 58 മൽസരങ്ങളിൽനിന്ന് 28.02 റൺ ശരാശരിയിൽ 1177 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 77 റൺസ്. 31 വിക്കറ്റും 12 ക്യാച്ചും ട്വന്റി20യിൽ സ്വന്തമായുണ്ട്. 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം.

∙ ഐപിഎല്ലിലെ പൊൻതാരം

ഇന്ത്യൻ പ്രീയമർ ലീഗിലും ഏറെക്കാലം തിളക്കമുള്ള താരമായി നിന്ന യുവരാജ് കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനാണ് കളിച്ചത്. 2014ലെ താരലേലത്തിൽ 14 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തൊട്ടടുത്ത വർഷം 16 കോടിക്ക് ഡൽഹി ക്യാപിറ്റൽസും (അന്ന് ഡൽഹി ഡെയർഡെവിൾസ്) സ്വന്തമാക്കി. 2016ൽ ഏഴു കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിലേക്കു ചേക്കേറിയ യുവിക്ക് പിന്നീട് തിരിച്ചിറക്കത്തിന്റെ കാലമായിരുന്നു. അവസാന രണ്ടു സീസണിൽ അടിസ്ഥാനവിലയ്ക്കാണ് വിവിധ ടീമുകളുടെ ഭാഗമായത്.

ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു യുവരാജ്. നാലു മൽസരങ്ങളിൽ മാത്രം അവസരം ലഭിച്ച യുവി, പ്രകടനം മോശമായതിനെ തുടർന്ന് ടീമിനു പുറത്തായി. രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് വിരമിക്കൽ പ്രഖ്യാപനം.

English Summary: 2011 World Cup hero Yuvraj Singh calls time on his international career.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com