ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിൽ യുവരാജ് സിങ്ങെന്ന യുവരാജാവിനെ അടയാളപ്പെടുത്തുന്ന സൂചകങ്ങൾ പലതുണ്ട്. നാറ്റ്‌വെസ്റ്റ് ട്രോഫിയിൽ ടീമിനെ അവിശ്വസനീയ വിജയത്തിലേക്കു നയിച്ച പ്രകടനത്തിൽ തുടങ്ങുന്നു, ഇത്തരം ആവേശ പ്രകടനങ്ങൾ. പിന്നീട് 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യൻ കിരീടവിജയത്തിന്റെ നട്ടെല്ലായ പ്രകടനങ്ങൾ ആരാധകർ എങ്ങനെ മറക്കും? ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിന്റെ രാജ്യാന്തര കരിയറിന് ഏകദിന ലോകകപ്പ് കിരീടനേട്ടത്തോടെ മഹേന്ദ്രസിങ് ധോണിയും സംഘവും പൂർണത സമ്മാനിക്കുമ്പോൾ കനമുള്ള സംഭാവനയുമായി നിറഞ്ഞാടിയത് യുവി തന്നെ. ഇന്ത്യ കളിച്ച ഒൻപതിൽ നാലു മൽസരങ്ങളിലും യുവരാജ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി. ഒടുവിൽ ലോകകപ്പിന്റെ താരവുമായി.

ഇങ്ങനെയൊക്കെയാണെങ്കിലും യുവരാജെന്ന താരത്തെ ആരാധക ഹൃദയങ്ങളിൽ സൂപ്പർമാനാക്കി ഉയർത്തിയത് 2007ലെ ട്വന്റി20 ലോകകപ്പിൽ ഒരു ഓവറിൽ ആറു സിക്സ് അടിച്ച പ്രകടനമാണ്! രാജ്യാന്തര ക്രിക്കറ്റിലെ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിലായിരുന്നു യുവിയുടെ അവിശ്വസനീയ പ്രകടനം. ഇംഗ്ലിഷ് ബോളിങ്ങിന്റെ കുന്തമുനയായി പിന്നീടു മാറിയ സ്റ്റുവാർട്ട് ബ്രോഡാണ് അന്ന് യുവരാജിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ലോകകപ്പിനു തൊട്ടു മുൻപുള്ള ഏകദിന പരമ്പരയിൽ തന്റെ ഒരു ഓവറിൽ ഇംഗ്ലണ്ടിന്റെ മസ്കരാനസ് നേടിയ അഞ്ചു സിക്സിനുള്ള മധുര പ്രതികാരം!

യുവരാജ് എന്നും അങ്ങനെയായിരുന്നു. കളത്തിലെ തികഞ്ഞ പോരാളി. കൊണ്ടും കൊടുത്തും തന്നെയാണ് ഇന്ത്യൻ ടീമിൽ യുവി സ്ഥാനമുറപ്പിച്ചത്. കരിയറിന്റെ ഔന്നത്യത്തിൽ പിടികൂടിയ അർബുദത്തോടെ യുവരാജിന്റെ നിലപാട് അതുതന്നെയായിരുന്നു. ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം അർബുദത്തെ അതിജീവിച്ച് ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തിയ യുവിയുടെ അതിജീവനത്തിന്റെ കഥ, സമാനകൾ അധികമില്ലാത്തതാണ്.

∙ ആറ് പന്ത്, ആറു സിക്സ്!

യുവരാജിന്റെ ഒരു ഓവറിലെ ആറു സിക്സ് പ്രകടനത്തിലേക്കു വരാം. 

ഇംഗ്ലണ്ടിനെതിരെ യുവരാജിന്റെ സിക്‌സർവേട്ട ഒരു കാഴ്‌ച തന്നെയായിരുന്നു. സിക്‌സറുകൾ കൊണ്ടുള്ള രാജാഭിഷേകം. ആ ആറ് സിക്‌സർ അടക്കം 12 പന്തിൽ 50 കടന്ന യുവരാജ് മൊത്തം ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയുമായി അടക്കം 16 പന്തിൽ 58 റൺസാണ് അടിച്ചു കൂട്ടിയത്. ബ്രോഡിന്റെ ഓവറിലെ ആദ്യ പന്ത് വൈഡ് ലോങ്ങോണിനു മുകളിലൂടെ പറന്നു. രണ്ടാം പന്ത് സ്‌ക്വയർ ലെഗിനു മുകളിലൂടെ. മൂന്നാം പന്ത് എക്‌സ്‌ട്രാ കവറിന് മുകളിലൂടെ. നാലാം പന്ത് ബാക്ക്‌വേഡ് പോയിന്റ് കടന്നു. അഞ്ചാം പന്ത് മിഡ്‌വിക്കറ്റിനു മുകളിലൂടെ പറത്തിയ ശേഷം, അവിടെ ഫീൽഡറായിരുന്ന മസ്‌കരാനാസിന്റെ നേരെ സംതൃപ്‌തിയോടെ യുവരാജ് നോക്കി. തനിക്ക് കിട്ടിയതിനുള്ള മറുപടി. അടുത്ത പന്ത് മിഡോണിനു മുകളിലൂടെ പറത്തിയ യുവരാജിനെ ക്യാപ്‌റ്റൻ ധോണിയെത്തി കെട്ടിപ്പിടിച്ചു.

yuvraj-six-sixes

ഈ മൽസരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഓപ്പണർമാരായ ഗംഭീർ (41 പന്തുകളിൽ 58 റൺസ്), സേവാഗ് (52 പന്തുകളിൽ 68 റൺസ്) എന്നിവരുടെയും യുവരാജിന്റെയും( 16 പന്തുകളിൽ 58 റൺസ്) മികവിൽ 218 റൺസടിച്ചു. അവസാന നിമിഷം വരെ സ്‌കോറിങ് നിരക്കിൽ ഇംഗ്ലണ്ട് ഇന്ത്യയെക്കാൾ മുന്നിൽ നിന്നെങ്കിലും 19-ാം ഓവറിൽ യുവരാജ് നേടിയ പ്രകടനം ആവർത്തിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്ക് ആയില്ല. 20 ഓവർ അവസാനിച്ചപ്പോൾ ആറു വിക്കറ്റിന് 200 റൺസ് എടുക്കാനേ അവർക്കായുള്ളു. 18 റൺസിന്റെ തോൽവി. യുവരാജ് സിങ് മാൻ ഓഫ് ദ് മാച്ചായി.

സിക്‌സർ പരമ്പരയിലൂടെ യുവരാജ് ക്രീസിലെ പ്രതികാരത്തിന്റെ കൊടുമുടിയാണു കീഴടക്കിയത്. പകരത്തിനു പകരം ചെയ്യാനുള്ള ആവേശം മനസ്സിൽ നുരഞ്ഞു പൊന്തുമ്പോൾ അതു ശരീരത്തിലേക്കും ആവേശിക്കും. ആരെങ്കിലും ഒന്നു പ്രകോപിപ്പിക്കണമെന്നു മാത്രം. പിന്നെ സ്വയം മറന്ന ഒരുതരം ഉറഞ്ഞുതുള്ളലായിരിക്കും. യുവരാജ് ചെയ്‌തത് അതാണ്. ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആറിൽ ആറ് സിക്‌സർ. ഫലത്തിൽ അത് ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയും ചെയ്‌തു. സേവാഗും ഗംഭീറും ചേർന്ന് അടിത്തറ പാകിയ മികച്ച തുടക്കത്തിനു യോജിച്ച പര്യവസാനം.

തുടരേ രണ്ടു ബൗണ്ടറി വഴങ്ങിയ ആൻഡ്രൂ ഫ്ലിന്റോഫ് ക്രീസിൽ വന്നു നടത്തിയ കമന്റുകൾ തനിക്കു ശരിക്കും കൊണ്ടെന്നു യുവരാജ് പിന്നീടു പറഞ്ഞു. കണക്കിനു തിരിച്ചു കൊടുക്കണമെന്ന് അപ്പോഴേ മനസ്സിൽ കുറിക്കുകയും ചെയ്‌തു. ‘‘അത്തരം കമന്റുകൾ അറിയാതെതന്നെ നമ്മളെ ഒന്നു ചാർജ് ചെയ്യും. തിരിച്ചുകൊടുക്കാൻ മനസ്സും കൈയും തരിക്കും.’’ - യുവരാജ് പറഞ്ഞു.

ഇതു പെട്ടെന്നുള്ള പ്രകോപനം. സത്യത്തിൽ മറ്റൊന്ന് അതിനു മുൻപേ മനസ്സിൽ കിടന്നു തികട്ടുന്നുണ്ടായിരുന്നു. അത് ഇംഗ്ലണ്ടിൽ നടന്ന ഏകദിന പരമ്പരയിൽ തന്നെ ഒരു ഓവറിൽ അഞ്ചു തവണ സിക്‌സറിനു തൂക്കിയ മസ്‌കരാനസിനോടുള്ള പകയായിരുന്നു. അതു മറ്റൊരു ഇംഗ്ലണ്ടുകാരനിട്ടു തീർത്തു എന്നു മാത്രം. ആകെപ്പാടെ മനസ്സു തണുപ്പിക്കുന്ന അനുഭവമായിരിക്കണം ഉണ്ടായത്.

ലോകകപ്പ് വേദികളിലെ അവിശ്വസനീയ പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ സ്വന്തം സ്ഥാനം അടിവരയിട്ട് ഉറപ്പിച്ച താരമാണ് രാജ്യാന്തര ക്രിക്കറ്റിനോടു വിടചൊല്ലിയത്. മറ്റൊരു ലോക കിരീടത്തിനായി അങ്ങകലെ ഇംഗ്ലിഷ് മണ്ണിൽ വിരാട് കോഹ്‍ലിയും സംഘവും കോപ്പുകൂട്ടുമ്പോഴാണ് ഈ പഴയ പോരാളിയുടെ വിടവാങ്ങൽ. യുവരാജ് കളമൊഴിയുമ്പോഴും താരത്തിനൊത്ത പകരക്കാരെ കണ്ടെത്താൻ ഇന്ത്യൻ ക്രിക്കറ്റിന് ഇനിയുമായിട്ടില്ലെന്ന നിരാശ കൂടിയുണ്ട്. ഇതുപോലൊരു താരം ഇനിയുണ്ടാകുമോ എന്ന ചോദ്യവും ബാക്കിനിൽക്കുന്നു.

English Summary: Yuvraj Singh Hits Six Sixes in over vs England in ICC T20 World Cup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com