ADVERTISEMENT

‘‘22 അടി നീളമുള്ള ക്രിക്കറ്റ് പിച്ചിനു ചുറ്റുമാണ് ഞാൻ 25 വർഷങ്ങൾ ചെലവഴിച്ചത്. 17 വർഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചു. എന്നെ ഞാനാക്കിയതും, എനിക്ക് ഉള്ളതെല്ലാം നൽകിയതും ക്രിക്കറ്റാണ്’’യുവരാജ് സിങ് 

ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ യുവരാജ് സിങ് തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നുണ്ട്. അതിങ്ങനെയാണ് ‘പ്രതീക്ഷ കൈവിടരുത്.. ഒരിക്കലും’ (നെവർ ഗിവ് അപ്)! ക്രിക്കറ്റ് പിച്ചിൽ മാത്രമല്ല, ഗ്രൗണ്ടിനു പുറത്തും യുവരാജ് സിങ്ങിനെ മുന്നോട്ടു നയിച്ചത് ഇതേ ഫിലോസഫിയാണ്. തോൽവി ഉറപ്പിച്ച പല മത്സരങ്ങളും ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത താരമാണു യുവരാജ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഘട്ടത്തിൽ പിടിപെട്ട കാൻസർ രോഗം പോലും കീഴടങ്ങിയിട്ടുണ്ട് ഈ നിശ്ചയദാർഢ്യത്തിനു മുന്നിൽ.

കീമോതെറപ്പിയിൽ മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒരു വർഷത്തിനകം ഇന്ത്യൻ ടീമിലേക്കും മടങ്ങിയെത്തി; അതും പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് മികവോടെ. ഒടുവിൽ ഏറ്റവും അപ്രതീക്ഷിതമായ സമയത്ത് ഇതാ വിടവാങ്ങൽ പ്രഖ്യാപനവും! 

∙ സ്കേറ്റർ യുവി

കുട്ടിക്കാലത്ത് ടെന്നിസിലും റോളർ സ്കേറ്റിങ്ങിൽ ആയിരുന്നു യുവരാജിന് താൽപര്യം. എന്നാൽ അച്ഛൻ യോഗ്‍രാജ് സിങ്ങിന്റെ കടുപിടുത്തം അന്നു യുവരാജിനു വിനയായി ഭവിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റിൽ കൂടിയായ യോഗ്‌രാജിന് ഒരു കാര്യത്തിലേ നിർബന്ധം ഉണ്ടായിരുന്നുള്ളു. സ്പോർട്സിലാണു താൽപര്യം എങ്കിൽ യുവരാജ് കളിക്കുന്നത് ക്രിക്കറ്റ് ആയിരിക്കണം.

yuvraj-singh-4

അണ്ടർ 14 ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ യുവരാജ് നേടിയ സ്വർണമെഡൽ വലിച്ചെറിഞ്ഞു കളഞ്ഞ യോഗ്‌രാജ് മകനോടു പറഞ്ഞത് ഇങ്ങനെ, ‘ റോളർ സ്കേറ്റിങ്ങിനെപ്പറ്റി മറന്നേക്കൂ, ഇനി ശ്രദ്ധ ക്രിക്കറ്റിൽ മതി.’ 

∙ ഇന്ത്യയുടെ യുവി 

2000ൽ മുഹമ്മദ് കൈഫിനു കീഴിൽ ശ്രീലങ്കയിൽ അണ്ടർ 19 ലോകകപ്പിന് ഇറങ്ങിയ ടീം ഇന്ത്യ കിരീടവുമായാണ് നാട്ടിലേക്കു മടങ്ങിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം കാട്ടിയ യുവരാജായിരുന്നു പരമ്പരയിലെ താരം. അതേവർഷം ഐസിസി നോക്കൗട്ട് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്കും യുവരാജിനു വിളിയെത്തി.

yuvraj-singh-world-cup

ഗ്ലെൻ മഗ്രോ, ബ്രെറ്റ് ലീ, ജെയ്സൻ ഗില്ലസ്പി എന്നീ പേസ് അതികായൻമാർ ഉൾപ്പെട്ട ഓസീസിനെതിരെ 80 പന്തിൽ നേടിയ 84 റൺസോടെ ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിലേക്ക്... പിന്നീടുള്ള 17 വർഷം ഇന്ത്യൻ മധ്യനിരയിലെ വിശ്വസ്തന്റെ റോൾ യുവി ഭംഗിയാക്കി. കേളീമികവും കൊണ്ടും ആരാധകവൃന്ദം കൊണ്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോട്സ്റ്റാർ തന്നായായിരുന്നു യുവി; എല്ലായ്പ്പോഴും! 

∙ യുവി കാൻ 

കാൻസർ രോഗത്തിൽനിന്നു മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ യുവരാജ് പിന്നീടു കാൻസറിനെതിരെ പോരാട്ടത്തിനും സമയം നീക്കിവച്ചു. കാൻസർ ബോധവൽക്കരണത്തിനായി അമ്മ ശബ്നം സിങ്ങുമൊത്ത് ‘യുവി കാൻ’ ഫൗണ്ടേഷന് രൂപം നൽകി. കാൻ‌സർ ബോധവൽക്കരണത്തിനായി ‘ഡബ്ലിയുവൈസി ഫാഷൻ’ എന്ന പേരിലുള്ള സ്പോർട്സ് ബ്രാൻഡും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 

∙ യുവരാജ വർഷങ്ങൾ (2000– 2018)

∙ഒക്ടോബർ 2000: കെനിയയ്ക്കെതിരായ ഏകദിന മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 

∙ഒക്ടോബർ 2000: കരിയറിലെ ആദ്യ ഇന്നിങ്സിൽ ഓസീസിനെതിരെ അർധ ‍സെഞ്ചുറി. 80 പന്തിൽ 84 റൺസെടുത്ത യുവരാജിന്റെ ബാറ്റിങ് മികവിൽ ഐസിസി നോക്കൗട്ട് ടൂർണമെന്റ് ക്വാർട്ടറിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. യുവി മാൻ ഓഫ് ദ് മാച്ച്. 

∙ജൂലൈ 2002: ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് പരമ്പര ഫൈനൽ. ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. തോൽവി ഉറപ്പിച്ച മത്സരത്തിൽ മുഹമ്മദ് കൈഫും (87*), യുവരാജും (69) നടത്തിയ അവിസ്മരണീയ പ്രകടനത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റ് ജയം. ആറാം വിക്കറ്റ് യുവി– കൈഫ് സഖ്യം ചേർത്തത് 121 റൺസ്. 

∙ ഫെബ്രുവരി 2006: ഏകദിന ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം തുടർക്കഥയാക്കിയ യുവരാജ്, ടീം ഇന്ത്യയുടെ അവിഭാജ്യഘടകമായി. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യ 4–1നു സ്വന്തമാക്കിയപ്പോൾ നിർണായകമായതും യുവരാജിന്റെ പ്രകടനം. പരമ്പരയിൽ 2 അർധ സെഞ്ചുറിയും (87*, 79*) ഒരു സെഞ്ചുറിയുമാണ് (107*) യുവി കുറിച്ചത്. 

yuvraj-singh-dhoni-world-cup

 

∙ സെപ്റ്റംബർ 2007: ആദ്യ ട്വന്റി20 ലോകകപ്പ്. ഇംഗ്ലണ്ട് പേസർ സ്റ്റുവർട് ബ്രോഡിന്റെ ഓവറിലെ 6 പന്തിലും സിക്സടിച്ച് യുവിയുടെ ഉശിരൻ പെർഫോമെൻസ്. ഓസീസിനെതിരായ സെമി ഫൈനലിൽ 70 റൺസോടെ ഇന്ത്യയുടെ ടോപ് സ്കോറർ. 

∙ ഡിസംബർ 2007: ഇന്ത്യൻ ടെസ്റ്റ് ടീമിൽ വന്നും പോയുമിരുന്ന യുവരാജ് ടെസ്റ്റ് ക്രിക്കറ്റിലും മികവിലേക്കുയർന്നു. പാക്കിസ്ഥാനെതിരെ ബെംഗളൂരുവിൽ നേടിയത് 19 റൺസ്. പരമ്പര ഇന്ത്യയ്ക്ക്. 

∙ ഏപ്രിൽ 2011: 28 വർഷത്തിനു ശേഷം ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോൾ പരമ്പരയിലെ താരമായത് യുവരാജ് സിങ്. 9 മത്സരങ്ങളിൽ നേടിയത് 362 റൺസും 15 വിക്കറ്റും. ലോകകപ്പിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയത് 4 വട്ടം. 

∙ ഫെബ്രുവരി 2012: യുവരാജിന്റെ ഇടതു ശ്വാസകോശത്തിൽ അർബുദമുണ്ടെന് സ്ഥിരീകരണം. അമേരിക്കയിലെ ചികിത്സയ്ക്കൊടുവിൽ രോഗവിമുക്തനായ യുവരാജ് എട്ടു മാസത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരികെയെത്തി. ന്യൂസീലൻഡിനെതിരായ ട്വന്റി20 മത്സരമാണ് കളിച്ചത്. 

∙ ജനുവരി 2017: ഇന്ത്യയ്ക്കായി വീണ്ടും യുവിയുടെ ഉശിരൻ പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ 122 പന്തിൽ 134 റൺസോടെ ഇന്ത്യയുടെ വിജയശിൽപിയായി. 

∙ ജൂൺ 2019: ക്രിക്കറ്റിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപനം.

 

∙ യുവരാജ് സിങ്ങിന്റെ അപൂർവ റെക്കോർഡുകൾ

 

∙  രാജ്യാന്തര ട്വന്റി20യിൽ ഒരു ഓവറിൽ കൂടുതൽ റൺസ് നേടിയ താരം (36 റൺസ്, ഇംഗ്ലണ്ടിനെതിരെ, 2007) 

∙ രാജ്യാന്തര ട്വന്റി 20യിൽ ഒരു ഓവറിൽ എല്ലാ പന്തിലും സിക്സർ നേടിയ ഏക താരം (ഇംഗ്ലണ്ടിനെതിരെ, 2007) 

yuvraj-singh-3

∙ രാജ്യാന്തര ട്വന്റി20യിൽ വേഗമേറിയ അർധസെഞ്ചുറി (12 പന്തുകൾ, ഇംഗ്ലണ്ടിനെതിരെ, 2007) 

∙ ഏകദിന ലോകകപ്പിലെ ഒരു മത്സരത്തിൽ 5 വിക്കറ്റുകളും 50 റൺസും നേടിയ ഏക താരം (അയർലൻഡിനെതിരെ, 2011) 

 

∙ ഏകദിന ലോകകപ്പിൽ ഒരു മത്സരത്തിൽ 5 വിക്കറ്റുകൾ നേടിയ ഏക ഇന്ത്യൻ സ്പിന്നർ (അയർലൻഡിനെതിരെ, 2011) 

∙ സച്ചിൻ തെൻഡുൽക്കറിനു ശേഷം ഏകദിന ലോകകപ്പിൽ മാൻ ഓഫ് ദ് സീരീസ് പദവി നേടിയ ഏക ഇന്ത്യൻ താരം (2011). അന്നു നേടിയത് 362 റൺസും 15 വിക്കറ്റും 

∙ ഏകദിന ലോകകപ്പിലെ ഒരു ടൂർണമെന്റിൽ 300 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ ഏകതാരം (2011) 

∙ അരവിന്ദ ഡി സിൽവയ്ക്കും (1996) ലാൻസ് ക്ലൂസ്നർക്കും ശേഷം ഒരു ലോകകപ്പ് ടൂർണമെന്റിൽ 4 തവണ മാൻ ഓഫ് ദ് മാച്ച് നേടിയ താരം (2011) 

∙ 2014ലും 2015ലും ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന വില സ്വന്തമാക്കിയ താരം 

∙ ടെസ്റ്റിലും ഏകദിനത്തിലും കളിച്ച ഇന്ത്യക്കാരായ ആദ്യത്തെ അച്ഛനും മകനുമാണു യുവരാജ് സിങ്ങും പിതാവ് യോഗ്‍രാജ് സിങ്ങും. 

∙ രാജ്യാന്തര ക്രിക്കറ്റിലെതന്നെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി (12 പന്തുകളിൽനിന്ന്, ട്വന്റി 20, ഇംഗ്ലണ്ടിനെതിരെ, 2007)

English Summary: Yuvraj Singh, India's Star Player in 2011 World Cup Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com